ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച്ച? സെറ്റില്‍ ഗുണ്ടാ പ്രശ്‌നം ഉണ്ടായി: വിധിയില്‍ പറയുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ കോടതി വിധി പകര്‍പ്പ് പുറത്തുവന്നതോടെ വിധിന്യായവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്നാണ് കോടതി കണ്ടെത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആറ് സ്ഥലങ്ങളില്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തിന് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത് 2013 ല്‍ ഇറങ്ങിയ ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാലയളവില്‍ നടന്ന സംഭവ വികാസങ്ങളാണ്. ഈ കാലയളവിലാണ് ഇരുവരും തമ്മില്‍ ഗൂഢാലോചന നടത്തിയത് എന്നാണ് അന്വേഷണ സംഘം വാദിച്ചത്. 2013 ലാണ് പള്‍സര്‍ സുനിയുമായി ദിലീപ് ബന്ധം തുടങ്ങുന്നത്. പിന്നീട് ഈ ബന്ധം ഒരു ഗൂഢാലോചനയിലേക്ക് വളര്‍ന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്.

എന്നാല്‍ ഈ ആരോപണം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. ആ സമയത്ത് നടന്‍ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി. മുകേഷ് ഈ ചിത്രത്തില്‍ അഭിനയിച്ചതിനാല്‍ പള്‍സര്‍ സുനിയും ഈ സെറ്റില്‍ ഉണ്ടായിരുന്നു. സൗണ്ട് തോമയിലെ അഭിനേതാക്കള്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത് ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ ആയിരുന്നു. ഈ ഹോട്ടലില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയത് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിന് തെളിവായി നല്‍കിയത് മുകേഷിന്റെ മേക്കപ്പ്മാനായിരുന്ന പുരുഷോത്തമന്റെ മൊഴിയാണ്. ഈ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതുകൂടാതെ ഈ സെറ്റില്‍ ഗുണ്ടാ പ്രശ്‌നം ഉണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചത് പള്‍സര്‍ സുനിയുടെ ഇടപെടലിലൂടെ ആയിരുന്നു. ഇതിന് തെളിവായിട്ട് അന്വേഷണ സംഘം ഹാജരാക്കിയത് ഒരു വൗച്ചര്‍ ആയിരുന്നു. അതില്‍ ഗുണ്ടാ സുനില്‍കുമാര്‍ എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പള്‍സര്‍ സുനി ആ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കുന്നതിന് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി പറയുന്നത്. ഈ ഘട്ടത്തിലാണ് ഒന്നാം പ്രതി പള്‍സര്‍ സുനിലും എട്ടാം പ്രതി ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വാദങ്ങള്‍ കോടതി തള്ളിക്കളയുന്നത്.
കൊച്ചിയിലെ ഒരു ഹോട്ടലില്‍ മഴവില്ലഴകില്‍ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ചും ഇരുവരും കണ്ടതായി പ്രോസിക്യൂഷന്‍ പറയുന്നുണ്ട്. ഇതിനും തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ജോയ് പാലസില്‍ വച്ച് ഇവര്‍ കണ്ടുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനും തെളിവില്ല. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം കീഴ്‌ക്കോടതി വിധിക്കെതിരെ വളരെ വേഗത്തില്‍ അപ്പീല്‍ പോകാനുള്ള നീക്കങ്ങളിലാണ് പ്രോസിക്യൂഷന്‍.












Click it and Unblock the Notifications