ആകാംക്ഷയുടെ മണിക്കൂറുകള്‍; ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടില്‍; വിധി കേള്‍ക്കാന്‍ അതിജീവിത എത്തുമോ?
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണോ എന്നറിയാന്‍ ഇനി കേവലം മൂന്നു മണിക്കൂറോളം മാത്രം മതി. കേരളത്തിലെ മാധ്യമങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും വന്‍പടയാണ് കോടതി പരിസരത്ത് രാവിലെ മുതലുള്ളത്. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂറോളം പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ഇന്നത്തെ ദിവസം ഒന്നാമത്തെ ശ്രദ്ധാകേന്ദ്രം എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണെങ്കില്‍ രണ്ടാമത്തെ ശ്രദ്ധാകേന്ദ്രം ദിലീപിന്റെ വീടായ പത്മസരോവരമാണ്. കോടതിയില്‍ നിന്നുള്ള വിധിക്കൊപ്പം തന്നെ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പത്മസരോവരത്തിലേക്കാണ്. ഇവിടെയും രാവിലെ മുതല്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ വന്‍ പടയും ഇവിടെയുണ്ട്. ദിലീപ് വീടിനുള്ളില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം രാത്രി ലാല്‍ മീഡിയയില്‍ ദിലീപിന്റെ ഡബ്ബിങ് ഉണ്ടായിരുന്നു. ഡബ്ബിങ് പൂര്‍ത്തിയാക്കി ആലുവയിലെ ഈ വീട്ടിലേക്ക് ദിലീപ് മടങ്ങിയെത്തി എന്നു തന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ നിന്നായിരിക്കും ദിലീപ് രാവിലെ കോടതിയിലേക്ക് പോകാനായി ഇറങ്ങുന്നത്.
കേസിന്റെ തുടക്കം മുതല്‍ ദിലീപിന്റെ വീടും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനായി വീട്ടിലെത്തിയത് ഉള്‍പ്പെടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കേസിന്റെ പല ഘട്ടങ്ങളിലും ഈ വീട് ശ്രദ്ധാകേന്ദ്രമായിരുന്നു.
ദിലീപിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസമാണ് ഇന്ന്. കഴിഞ്ഞ ഏഴ് വര്‍ഷമായി ദിലീപ് കേസില്‍ പ്രതിസ്ഥാനത്താണുള്ളത്. അത് സിനിമാ മേഖലയില്‍ ദിലീപിന് ഉണ്ടാക്കിയ കളങ്കവും നഷ്ടങ്ങളും ചെറുതല്ല. ദിലീപിനെ പോലെ തന്നെ വിധി എന്താകും എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിനിമ മേഖലയിലെ സഹപ്രവര്‍ത്തകരും. സിനിമാ മേഖലയിലെ ആരും വിധി വരുന്നതിനുമുമ്പ് പ്രതികരിക്കാനായി രാവിലെ തയ്യാറായിട്ടില്ല. ദിലീപിനെ വെറുതെ വിട്ടാല്‍ അതിജീവിത അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത.
ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക്. രാവിലത്തെ ട്രാഫിക് കൂടി കണക്കിലെടുത്തായിരിക്കും ഇവിടെനിന്ന് പുറപ്പെടുന്നത്. കുറ്റക്കാരനാണെങ്കില്‍ ദിലീപ് നേരെ പോകുന്നത് ജയിലിലേക്ക് ആയിരിക്കും. ഇനി, കുറ്റക്കാരന്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ ഈ വീട്ടിലേക്കു തന്നെ ദിലീപ് മടങ്ങിയെത്തും.
അതേസമയം കേസിലെ അതിജീവിത വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരിലെ വീട്ടിലിരുന്നാണ് വിധി കേള്‍ക്കുന്നത്. അതുപോലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും ഒരു വാഹനാപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. കേസിന്റെ സുപ്രധാനം ഘട്ടങ്ങളെല്ലാം അന്വേഷിച്ചത് ഇദ്ദേഹമാണ്.












Click it and Unblock the Notifications