തിരഞ്ഞെടുപ്പിന്റെ തലേന്ന് എങ്ങനെ ഈ വിധി വന്നു? ജനങ്ങളോട് തുറന്നുപറയണം എന്ന് സംവിധായകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധിയില്‍ വേറിട്ട നിരീക്ഷണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം വിധി വരുന്നു എന്ന് കേട്ടപ്പോള്‍ നേരത്തെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി വന്നപ്പോഴാണ് ലക്ഷ്യം മറ്റൊന്നാണ് എന്ന സംശയം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒറ്റ ദിവസമാക്കി ഒതുക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് തലേന്ന് വിധി വന്നത് എന്ന് സംവിധായകന്‍ സംശയം പ്രകടിപ്പിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളേക്കാള്‍ ദിലീപിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സിസ്റ്റം ജാഗരൂകമാണ് എന്നും സനല്‍കുമാര്‍ പരിഹസിച്ചു. കോടതിയില്‍ പോരാട്ടം നടത്തുമ്പോള്‍ തന്നെ ജനങ്ങളെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ക്വട്ടേഷന്‍ ബലാല്‍സംഗ കേസ് ഇലക്ഷന്‍ തലേന്ന് വിധി പറയാന്‍ വെച്ചപ്പോള്‍ എനിക്കതില്‍ ഒരു ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു. കുറ്റവാളി ആരായാലും മുഖം നോക്കാതെ നടപടി എടുക്കും എന്ന ഇടതുപക്ഷ നയത്തിന്റെ വീമ്പുമായി ഒരു സുപ്രധാന ഇലക്ഷനെ സര്‍ക്കാര്‍ സമീപിക്കും എന്ന് ഞാന്‍ കരുതി.
എന്നാല്‍ ഇലക്ഷന്‍ തലേന്ന് ഇരയെ തികച്ചും ഒറ്റുകൊടുക്കുന്ന ഈ വിധി വന്നപ്പോള്‍ ഒരുകാര്യം എനിക്ക് മനസ്സിലായി. ഈ വിധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരൊറ്റ ദിവസത്തേക്ക് ഒതുക്കാന്‍ ആണ് ഇലക്ഷന്‍ തലേന്ന് വിധി പറഞ്ഞത്. അതായത് ഭരണകക്ഷിയുടെ രാഷ്ട്രീയ താല്പര്യങ്ങളെക്കാള്‍ വലുതായി എട്ടാം പ്രതിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 'സിസ്റ്റം' ജാഗരൂഗമാണ്.
ഇടതുപക്ഷത്തിന്റെ ഇലക്ഷന്‍ താല്‍പര്യത്തെക്കാള്‍ വലുതായി എന്തുകൊണ്ട് എട്ടാം പ്രതിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് ചിന്തിക്കേണ്ട വിഷയമാണ്. എട്ടുവര്‍ഷം ഈ കേസ് വലിച്ചിഴച്ചതും, ഇര തന്നെ ഈ കോടതിയില്‍ വിശ്വാസമില്ല എന്ന് പരാതി പറഞ്ഞിട്ടും അതേ കോടതിയില്‍ കേസ് നിലനിര്‍ത്തിയതുമൊക്കെ ഇരയെ സംരക്ഷിക്കാന്‍ അല്ല എന്നത് വ്യക്തമാണ്.
മേല്‍ക്കോടതിയില്‍ കേസ് നടത്തുമ്പോള്‍ തന്നെ ജനങ്ങളെ അഭിമുഖീകരിക്കുകയാണ് ഇതില്‍ ബന്ധപ്പെട്ട കക്ഷികള്‍ ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അമ്പേ പരാജയപ്പെട്ട ഒരു സിസ്റ്റത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. ക്രിമിനലുകള്‍ മാന്യന്മാരായി സമൂഹത്തെ നിയന്ത്രിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ജനങ്ങളോട് തുറന്ന് സംസാരിക്കണം.''












Click it and Unblock the Notifications