പള്‍സര്‍ സുനിയുടെ ആവശ്യം കോടതി അംഗീകരിച്ചു; മഞ്ജുവാര്യര്‍ക്ക് പിന്നാലെ സുനിയും എത്തുന്നു
പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി സുനി കോടതിയിലെത്തിയത്

കൊച്ചി: ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മറ്റൊരു ഹര്‍ജിയുമായി നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരായി വിസ്താരം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനുകൂലമായ തീരുമാനമെടുത്തു. സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഈ മാസം 27ന് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നതിനിടെയാണ് പള്‍സര്‍ സുനിയും കോടതിയിലെത്തുന്നത്. ദിലീപിനെ വെട്ടിലാക്കുന്ന സുപ്രധാന കാര്യങ്ങള്‍ സുനി കോടതിയില്‍ പറയുമെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

സുനിയുടെ ആവശ്യം
വിചാരണ ദിവസങ്ങളില്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണം എന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിചാരണ ഒഴിവാക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത്തരം വിചാരണ വലിയ പോരായ്മക്ക് കാരണമാകുമെന്നും സുനി പറയുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല തീരുമാനമെടുത്തു.

സുനിയുടെ കത്ത്
പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് മുതലാണ് ഇയാളെ വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ അനുമതിയുള്ളത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ചുവെന്ന് പറയപ്പെടുന്ന കത്താണ് ദിലീപ് കേസില്‍ പ്രതിയാകാന്‍ ഒരു കാരണം. കൂടാതെ സുനിയുടെ അമ്മയും ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ദിലീപിന് നിര്‍ണായകം
പള്‍സര്‍ സുനിയുടെ അമ്മ ശോഭന മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നു. ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയ വേളയില്‍ സുനി പറഞ്ഞ കാര്യങ്ങള്‍ എന്ന് സൂചിപ്പിച്ചായിരുന്നു അവരുടെ പ്രതികരണം. അതുകൊണ്ടുതന്നെ സുനി വിചാരണ വേളയില്‍ പറയുന്ന കാര്യങ്ങള്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

സുനിയുടെ ജാമ്യ ഹര്‍ജി
കേസില്‍ ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് പള്‍സര്‍ സുനി. മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണ്. ദിലീപാണ് ആദ്യം ജാമ്യം ലഭിച്ച പ്രതി. പിന്നീട് ഘട്ടങ്ങളായി മറ്റുള്ള പ്രതികളും ജാമ്യം നേടി. 2017ല്‍ അറസ്റ്റിലായ മുതല്‍ സുനി ജയിലില്‍ തുടരുകയാണ്. ഇക്കാര്യം തന്നെയാണ് ഇയാള്‍ ജാമ്യ ഹര്‍ജിയിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ മാസം 27ന് സുനിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേക്കും.

സുനി കുടുങ്ങിയത് ഇങ്ങനെ
2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് കേസ്. ആദ്യം അറസ്റ്റിലായവരില്‍ സുനിയുമുണ്ടായിരുന്നു. കോയമ്പത്തൂരിലേക്ക് മുങ്ങിയ ഇയാള്‍ തിരിച്ചെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങവെയാണ് പോലീസ് ബലമായി അറസ്റ്റ് ചെയ്തത്. ശേഷം ജയിലില്‍ കഴിയവെയാണ് പ്രതി ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

നടിയുടെ മൊഴി
പള്‍സര്‍ സുനിക്കെതിരെ ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴി എന്താണ് എന്ന് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. വിചാരണ കോടതി നല്‍കുന്ന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സുനിക്ക് ജാമ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്ത തിങ്കളാഴ്ച സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തേക്കും.

മഞ്ജുവാര്യര്‍ കഴിഞ്ഞാല്‍ ബാലചന്ദ്രകുമാര്‍
അതേസമയം, കേസിലെ സാക്ഷിയായ മഞ്ജുവാര്യരുടെ വിസ്താരം തുടരുകയാണ്. ചൊവ്വാഴ്ച തുടങ്ങിയ വിസ്താരം കുറച്ച് ദിവസമുണ്ടാകുമെന്നാണ് വിവരം. പ്രതിഭാഗത്തിന്റെ വിസ്താരമാണ് ഇനി നടക്കുന്നത്. ശേഷമാകും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ വിസ്തരിക്കുക. നാല് ദിവസം വിസ്താരത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ അദ്ദേഹത്തോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications