ഒട്ടും കൂട്ടി പറയില്ല; കുറച്ചും പറയില്ല; സമ്മര്‍ദമുണ്ടായപ്പോള്‍ പിടി പറഞ്ഞത്; പെണ്‍കുട്ടി നല്ല ടെന്‍ഷനില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുമായി സംസാരിച്ചിരുന്നതായും നീതി ലഭിക്കുമോ എന്ന് അവള്‍ക്ക് ആശങ്കയുണ്ടെന്നും ഉമ്മ തോമസ് എംഎല്‍എ. ചേച്ചി എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആണെന്നാണ് അവള്‍ എന്നോട് പറഞ്ഞതെന്നും അതേ ടെന്‍ഷന്‍ എനിക്കും അനുഭവപ്പെട്ടതായും ഇന്ന് രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
ഉമാ തോമസിന്റെ വാക്കുകള്‍: 'കഴിഞ്ഞ ദിവസം ആ കുട്ടിയെ ഞാന്‍ വിളിച്ചിരുന്നു. വിധി ദിനത്തെ പ്രാര്‍ത്ഥനയോടെ നോക്കി കാണുന്നു എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. ചേച്ചി എനിക്ക് അറിയില്ല. പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍. എനിക്ക് ഭയങ്കര ടെന്‍ഷന്‍ ഉണ്ട്' എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. അതേ ടെന്‍ഷന്‍ എനിക്കും ഉണ്ട് അതുകൊണ്ട് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയാണ്. ദൈവം കൂടെ നില്‍ക്കും. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

കുറ്റാരോപിതരായ പ്രമുഖരില്‍ ആരെങ്കിലും രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ട്. ലാവ്‌ലിന്‍ കേസിന്റെ കാര്യം തന്നെ എടുക്കാം. 41 പ്രാവശ്യമായി മാറ്റിവച്ചിരിക്കുകയാണ്. വിധി വന്നാല്‍ തന്നെ ആര്‍ക്കൊക്കെ എതിരെ കുറ്റം ചുമത്തുമെന്നും പലരും തടി തപ്പുമോ എന്നും എനിക്ക് സംശയമുണ്ട്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് ആശങ്ക അകലുമായിരിക്കും. നീതി കിട്ടുമോ എന്നത് 50:50 ചാന്‍സ് മാത്രമേ എനിക്ക് പറയാന്‍ പറ്റുള്ളൂ.
വലിയ ടെന്‍ഷനിലാണ് ആ പെണ്‍കുട്ടി. നീതി കിട്ടുമോ എന്ന് അറിയില്ല ചേച്ചി. ചിലപ്പോള്‍ കിട്ടുമായിരിക്കും അല്ലേ എന്നാണ് ആ പെണ്‍കുട്ടി എന്നോടു പറഞ്ഞത്. അവള്‍ക്ക് നീതി കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആ ആഗ്രഹം നടക്കുമോ എന്ന് അറിയില്ല. ഞാന്‍ പറഞ്ഞില്ലേ, ജുഡീഷ്യറിയില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാമോ എന്ന് സംശയിക്കുമാറാണ് പല കാര്യങ്ങളും നടക്കുന്നത്.
കേസ് ഇവിടെ അവസാനിക്കും എന്ന് തോന്നുന്നില്ല. പ്രമുഖര്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുന്നോട്ട് അപ്പീല്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം മകള്‍ക്ക് സംഭവിച്ച വേദനയോടെയാണ് പിടി തോമസ് ഈ സംഭവത്തെ കണ്ടത്. അന്നത്തെ രാത്രി പിടി ഉറങ്ങിയിട്ടില്ല. സമ്മര്‍ദങ്ങളൊക്കെ പിടിക്കു മേലും ഉണ്ടായിരുന്നു. അന്ന് പിടി പറഞ്ഞ ഉത്തരം ഇതാണ്: ഞാന്‍ ഒട്ടും കൂട്ടി പറയാന്‍ തയ്യാറല്ല, ഒട്ടും കുറച്ചും പറയില്ല. പിടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആശങ്ക അന്ന് ഉണ്ടായിട്ടുണ്ട്.
പിടി ആഗ്രഹിച്ചതുപോലെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടണമെന്നും ഉമ തോമസ് പറഞ്ഞു. പിടിയാണ് ആ പെണ്‍കുട്ടിക്ക് ഉറച്ച ധൈര്യം പകര്‍ന്നത്. വിധി പെണ്‍കുട്ടിക്ക് അനുകൂലമായിട്ട് വരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേസില്‍ അതിജീവിതയ്‌ക്കൊപ്പം ഉറച്ച പോരാട്ടം നടത്തിയ രാഷ്ട്രീയ നേതാവാണ് പിടി തോമസ്.












Click it and Unblock the Notifications