'അന്തിമവിധിയല്ല.. കാത്തിരുന്ന് കണ്ടോളൂ..'; ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചനയുമായി ഐജി സന്ധ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും എന്ന സൂചന നല്‍കി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ബി സന്ധ്യ. ഇത് അന്തിമവിധിയല്ല എന്നും കാത്തിരുന്ന് കാണാം എന്നും സന്ധ്യ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണ്് എന്നും ദിലീപ് അടക്കമുള്ള ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ കുറ്റക്കാരല്ല എന്നുമാണ് വിചാരണ കോടതിയുടെ വിധി വന്നത്.
ഇതിന് പിന്നാലെയാണ് സന്ധ്യയുടെ പ്രതികരണം. 'കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. ഈ ഒരു കേസിലൂടെ കേരളവും കേരളത്തിലെ സിനിമാ മേഖലയിലും ഒരുപാട് പോസിറ്റാവായ മാറ്റങ്ങള്‍ വന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തീര്‍ച്ചയായും അന്തിമ വിധി വരെ വിക്ടിമിനൊപ്പം ഇന്‍വെസ്റ്റിഗേഷന്‍ ടീമും പ്രോസിക്യൂഷനും ഉണ്ടാകും,' അവര്‍ പറഞ്ഞു.

നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും എന്നും ഒരുപാട് വെല്ലുവിളികള്‍ ഈ ട്രയലില്‍ നേരിട്ടിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ മേല്‍ക്കേടതികളില്‍ നീതിക്ക് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ ടീമും പ്രോസിക്യൂഷനും പോരാടും എന്ന് കരുതുന്നു. 'അന്തിമവിധിയായിട്ടില്ലല്ലോ. നമുക്ക് കാത്തിരിക്കാം,' എന്നായിരുന്നു സന്ധ്യയുടെ പ്രതികരണം.
അല്‍പസമയം മുന്‍പാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി, മറ്റ് പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവര്‍ കുറ്റക്കാരാണ് എന്നായിരുന്നു കോടതി വിധിച്ചത്. എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചനയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
2017 ഫെബ്രുവരി 17 നാണ് കേരളത്തെ ഞെട്ടിച്ച് സംഭവം അരങ്ങേറിന്നത്. ഓടുന്ന കാറില്‍ വെച്ച് അതിക്രൂരമായ പീഡനത്തിന് നടി ഇരയാകുകയായിരുന്നു. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദിലീപിനെ തേടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കത്ത് എത്തിയതോടെ ദിലീപും കേസിലെ പ്രതിയായി
തനിക്ക് നല്‍കാമെന്നേറ്റ ക്വട്ടേഷന്‍ തുകയെ കുറിച്ചായിരുന്നു സുനി കത്തില്‍ പ്രതിപാദിച്ചിരുന്നത്. കത്തുമായി ദിലീപ് പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയതോടെ കേസില്‍ വഴിത്തിരിവായി. തനിക്കെതിരെ സുനി ഗൂഢാലോചന നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ പരാതി. ഈ പരാതി അന്വേഷിച്ച് പോയ പോലീസ് ദിലീപിനെ കസ്റ്റഡിയിലെടുക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.












Click it and Unblock the Notifications