പ്രതിയാക്കപ്പെട്ട ആളുടെ പേര് പറഞ്ഞാല്‍ എന്താണ് തെറ്റ്? ദിലീപിനോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്യുന്ന തനിക്കെതിരായ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തോട് രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. കേസില്‍ പ്രതിയായിരുന്ന ദിലീപിന്റെ പേര് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും അതിജീവിതയും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ദിലീപ് ഇത്തരമൊരു ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ തെറ്റാകും എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം വിചാരണയുടെ വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകും എന്നും പ്രതിയുടെ പേര് പറയുന്നതിന് നിയമത്തില്‍ എവിടെയാണ് വിലക്ക് എന്നും ഹൈക്കോടതി ചോദിച്ചു. ഇന്ത്യയിലെ നിയമത്തില്‍ ഒരിടത്തും ഇതിന് വിലക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിലെ വിചാരണ ആരംഭിച്ചു, സാക്ഷികളെ വിസ്തരിച്ചു, സാക്ഷികള്‍ കൂറുമാറി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് എങ്ങനെയാണ് തെറ്റാകുക എന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയുടെ പേര് പറയുന്നതിലൂടെ പരാതിക്കാരിയെ തിരിച്ചറിയാനാവില്ല. കേസില്‍ അന്വേഷണത്തിന്റെ തല്‍സ്ഥിതി വിവരം അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
നേരത്തെ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നാണ് അതിജീവിത പറയുന്നത്.
നിയമത്തിന്റെ കാവലാളാകേണ്ട കോടതികളില്‍ നിന്ന് തന്നെ സ്വകാര്യതയ്ക്കുള്ള തന്റെ അവകാശം ഹനിക്കപ്പെട്ട പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മൂന്ന് തവണ തുറന്നുപരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ അന്വേഷണം കാര്യക്ഷമമായല്ല നടന്നതെന്നും തന്റെ സ്വകാര്യത ലംഘിച്ചവര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടായില്ലെന്നും അതിജീവിത ആരോപിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം നടത്തിയവര്‍ തയാറായില്ലെന്നം നടി പറഞ്ഞിരുന്നു.
2017 ഫെബ്രുവരിയിലാണ് അതിജീവിതയായ നടി തൃശൂരു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം ജില്ലാ സെഷന്‍സ് കോടതി, വിചാരണ കോടതി എന്നിവയുടെ കസ്റ്റഡിയിലിരിക്കെയാണ് ഈ കാര്‍ഡ് അനധികൃതമായി തുറന്നുപരിശോധിച്ചതായി കണ്ടെത്തിയത്.
കോടതി ജീവനക്കാരായ മഹേഷ് മോഹന്‍, താജുദ്ദീന്‍ എന്നിവരാണ് ദൃശ്യങ്ങള്‍ കണ്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.















Click it and Unblock the Notifications