നടി കേസിൽ പൾസർ സുനിയുടെ നിർണായക നീക്കം; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ഹർജി
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ സുപ്രധാന നീക്കവുമായി ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മ. സുനിയുടെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ കോടതിൽ ഹർജി നൽകി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി കൊടുത്തത്.
പല അക്കൌണ്ടുകളിലൂടെയാണ് സുനിക്ക് പണം വന്നത്. സുനിയുടെ അക്കൌണ്ടിലേക്ക് വന്നത് ഒരു ലക്ഷം രൂപയാണ്. ആ അക്കൌണ്ട് നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഈ നടപടി നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ സുനിയുടെ അമ്മ കോടതിയെ സമീപിച്ചത്.

നടിയെ പീഡിപ്പിക്കാൻ ഒന്നര കോടിയുടെ ക്വട്ടേഷനാണ് തനിക്ക് ദിലീപ് നൽകിയതെന്നാണ് പൾസർ സുനി നേരത്തേ വെളിപ്പെടുത്തിയത്. എന്നാൽ ഈ തുക മുഴുവനായി തനിക്ക് ലഭിച്ചിരുന്നില്ലെന്നും സുനി പറഞ്ഞു. 70 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്, ബാക്കി 80 ലക്ഷം രൂപ ലഭിച്ചിട്ടില്ല. അത്യാവശ്യം വരുമ്പോൾ ദിലീപിൽ നിന്നും കുറച്ചുകുറച്ചായി പണം വാങ്ങിക്കോണ്ടിരിക്കുകയാണ് ചെയ്യുന്നത് എന്നും സുനി പറഞ്ഞിരുന്നു.
ആക്രമിക്കാതിരിക്കാൻ നടി തന്നോട് കരഞ്ഞ് അഭ്യർത്ഥിച്ചിരുന്നു. എത്ര പണം വേണമെങ്കിലും താൻ നൽകാം എന്നായിരുന്നു നടി പറഞ്ഞത്. ആ പണം വാങ്ങിയിരുന്നെങ്കിൽ താൻ ഇന്ന് ജയിലിൽ പോകില്ലായിരുന്നുവെന്നും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു.
അതേസമയം വിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൾസർ സുനി എവിടെയെന്ന് വ്യക്തതയില്ല. അയാൾ വീട്ടിൽ ഇല്ലെന്നാണ് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് ആലുവയിലെ തൻ്റെ വസതിയായ പത്മസരോവരത്തിൽ തന്നെയാണ് ഉള്ളത്.
അതിനിടെ വിധി വരാനിരിക്കെ അതിജീവിതയും ടെൻഷൻ അനുഭവിക്കുന്നുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി. ' ആശങ്കയുടെ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് .പിന്നെ സ്വാഭാവികമായ ഒരു ടെൻഷൻ എല്ലാവർക്കും ഉണ്ടാകും, എനിക്കുമുണ്ട്.
അതിജീവിതയെ ഇന്നലെ രാത്രി വിളിച്ചിരുന്നു. ടെൻഷനിൽ തന്നെയാണ്. എനിക്കുള്ള കോൺഫിഡൻസ് ബാക്കിയുള്ള ആളുകൾക്ക് ആർക്കും ഉണ്ടാവില്ല. കാരണം ഞാൻ അവിടെ ഇരുന്ന ആളാണ് .എനിക്ക് തെളിവുകൾ അറിയാം, കാര്യങ്ങൾ അറിയാം പക്ഷേ ഈവണ്‍ വിക്ടിമിന് ആണെങ്കിൽ പോലും ഹിയർ സെ ആണ്. എന്റെ വായിൽ നിന്ന് കേൾക്കുന്നതാണ്', മിനി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ മണിക്കൂറുകൾക്കുള്ളിൽ കോടതി വിധി പറയും. 8 പ്രതികളാണ് കേസിലുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടിയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് സുനിയുടെ മേലുള്ള കുറ്റം. തൃശൂരിൽ നിന്നും എറണാകുളം വരെ ഓടുന്ന കാറിൽ വെച്ചാണ് നടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. തനിക്ക് കിട്ടിയ ക്വട്ടേഷനാണെന്ന് അറിയിച്ച് കൊണ്ടാണ് അതിജീവിതയുടെ നഗ്ന ദൃശ്യങ്ങൾ സുനി മൊബൈൽ ക്യാമറയിൽ പകർത്തിയത്. സഹകരിച്ചില്ലെങ്കിൽ എറണാകുളത്ത് ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.
കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപിനെതിരായ കുറ്റം. നടനും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിനുള്ള പകയാണ് ക്വട്ടേഷനിലൂടെ ദിലീപ് നടപ്പാക്കിയതെന്നാണ് കേസ്. നടിയുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു അത്. നടിയുടെ വിവാഹം മുടക്കാൻ ലക്ഷ്യം വെച്ചാണ് ദിലീപ് ഈ കുറ്റകൃത്യം ചെയ്തതെന്നും ഗൂഢാലോചന കുറ്റത്തിൽ പറയുന്നു. കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുകയാണെങ്കിൽ 14 വർഷം ജീവപര്യന്തം ലഭിക്കാൻ വരെ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്.












Click it and Unblock the Notifications