'എന്തൊരു കഷ്ടമാണ്, തോജോവധം ചെയ്യുന്നതിന് പരിധിയില്ലേ': ദിലീപിനെ പിന്തുണച്ച് സുരേഷ് കുമാർ
കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന സലീഷ് എന്ന യുവാവ് കാറപകടത്തില്‍ മരിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. 2020 ഓഗസ്റ്റ് 30 നായിരുന്ന കൊടകര സ്വദേശിയ സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപത്ത് വെച്ചുണ്ടായ റോഡപകടത്തില്‍ മരിച്ചത്. ഈ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ബാലചന്ദ്രകുമാറും ഉള്‍പ്പടെ നേരത്തെ രംഗത്ത് എത്തിയിരുന്നു.
ഇതോടെയാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഇതിനിടയിലാണ് ചിലർ ഉയർത്തുന്ന ആരോപണങ്ങളില്‍ ദിലീപിനെ പിന്തുണച്ച് നിർമ്മാതാവ് സുരേഷ് കുമാർ രംഗത്ത് എത്തുന്നത്. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടന്‍ ദിലീപിനെ ക്രിമിനലായി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് അളുകള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് കുമാർ അഭിപ്രായപ്പെടുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു കഷ്ടമാണ്, ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് തീരാറായ സമയത്താണ് ബാലചന്ദ്ര കുമാർ എന്നൊരാള്‍ പ്രത്യക്ഷപ്പെടുന്നത്. അയാള്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ച് പറയുന്നു. അതൊക്കെ രേഖപ്പെടുത്തി ഒരു കേസായി വരുന്നു. എന്താണ് ഇവിടെ സംഭിവിക്കുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന കുറേ പേര് ഇവിടെ ഉണ്ടാകും. എന്നാല്‍ ബാക്കിയുള്ളവരൊക്കെ മണ്ടന്‍മാരാണോ? പൊലീസ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ പോലും ഇവിടുത്ത സിനിമ മേഖല മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപ് അംഗമായിട്ടുള്ള സംഘടനയിലെ ആളുകള്‍ പോലും പ്രതികരിക്കുന്നില്ല. അവരൊക്കെയോ ആരെയോ ഭയക്കുകയാണ്. എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്. ഇത് ജനാധിപത്യ രാജ്യമാണ്.

ദിലീപിന്റെ അമ്മ ഒഴിച്ച് കുടുംബത്തിലുള്ള ബാക്കിയെല്ലാവരേയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇത് വളരേയേറെ സങ്കടം നിറഞ്ഞ കാര്യമല്ലേ. ഇങ്ങനെയായിരുന്നെങ്കില്‍ ആ അമ്മയ്ക്കെതിരേയും ആരോപണങ്ങള്‍ ഉയർത്താമായിരുന്നല്ലോ? എന്തിനാണ് അവരെ മാത്രം ഒഴിവാക്കി കളഞ്ഞത്. അമ്മയും കൂടിയായായാല്‍ ആ കുടുംബത്തില്‍ നിന്നും വേറെ ആരുമില്ലാലോയെന്നും സുരേഷ് കുമാർ ചോദിക്കുന്നു.

വഴിയെ പോകുന്ന ഏതൊരാള്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന് അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നത്. വീട്ടിലിരുന്ന് പറയുന്നതൊക്കെ കാര്യമായി എടുക്കാന്‍ സാധിക്കുമോ മനഃപൂർവ്വം ഒരാളെ ഫിനിഷ് ചെയ്യുക എന്ന ഉദ്ദേശം വെച്ചുള്ള പ്രവർത്തിയാണ് ഇതൊക്കെ. അതിലപ്പുറം ഒന്നും ഇതില്‍ കാണാന്‍ സാധിക്കുന്നില്ല.

മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും. വേറെ ആർക്കെങ്കിലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടോ. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവ് വേണ്ടേ. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി അയാളെ ശിക്ഷിക്കട്ടെ. ഒരു സിനിമയിൽ വർക്ക് ചെയ്യാൻ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം കൊണ്ടല്ലേ ഇത്തരം കാര്യങ്ങള്‍ ആരോപിക്കുന്നതെന്നും അഭിമുഖത്തില്‍ സുരേഷ് കുമാർ പറയുന്നു.പൊലീസ് ഇപ്പോൾ ചെയ്യുന്നത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications