'സൂക്ഷ്മമായി തയാറാക്കിയ തിരക്കഥയുടെ ചുരുളഴിഞ്ഞു': പ്രതികരിച്ച് അതിജീവിതയുടെ ഉറ്റസുഹൃത്തുക്കള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അതിജീവിതയ്ക്ക് ഉറച്ച പിന്തുണയുമായി നടിമാരും ഉറ്റസുഹൃത്തുക്കളുമായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും. റിമയും രമ്യയും ഫേസ്ബുക്കിലൂടെയാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. അവള്‍ക്കൊപ്പം എന്ന് എഴുതിയിട്ടുള്ള ഒരു ബാനറിന്റെ ചിത്രം പങ്കുവെച്ചാണ് യുവനടിമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി പീഡിപ്പിക്കപ്പെട്ടതു മുതല്‍ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുകയും അതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പോലും ഒഴിവാക്കപ്പെടുന്ന സാഹചര്യവും രമ്യയ്ക്കും റിമയ്ക്കും പാര്‍വതിക്കും ഉണ്ടായി.
'വളരെ സൂക്ഷ്മമായി തയാറാക്കിയ തിരക്കഥ വളരെ ക്രൂരമായി ചുരുളഴിയുന്നതാണ് നാം കാണുന്നത്' എന്നായിരുന്നു പാര്‍വ്വതിയുടെ ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അതിജീവിതയ്ക്ക് താരസംഘടനയായ അമ്മയില്‍ നിന്ന് വേണ്ട പിന്തുണ കിട്ടാതായതോടെ അതിജീവിതയും പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും അടക്കമുള്ളവര്‍ രാജിവച്ചിരുന്നു. സിനിമയിലെ സ്വന്തം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ഇവര്‍ അവള്‍ക്കൊപ്പം നിലകൊണ്ടത്. അമ്മയില്‍ നിന്ന് രാജിവച്ച് ഇവരെല്ലാവരും ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘനയ്ക്കും രൂപം നല്‍കി. തുടര്‍ന്നാണ് സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ച ഹേമ കമ്മിറ്റി ഉണ്ടായതും അതിനോടനുബന്ധിച്ച് നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്നതും.
സിനിമാ മേഖലയില്‍ ഇവര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധ കൊടുങ്കാറ്റ് ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടി. അതേസമയം, അതിജീവിതയ്‌ക്കൊപ്പം അടിയുറച്ച് നിന്ന ഇവര്‍ക്കെല്ലാം നിരാശ നല്‍കുന്ന വിധിയാണ് ഇന്നുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്നേകാലോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേയുള്ള ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി കണ്ടെത്തിയത്. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിക്കാനില്ല എന്നാണ് അതിജീവിത പറഞ്ഞത്. രമ്യയും റിമയും പാര്‍വതിയും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ ദിലീപിന് അനുകൂലമായി വിധി വന്നതോടെ നിയമപോരാട്ടം ഇനിയും നീളുമെന്ന് ഉറപ്പായി.












Click it and Unblock the Notifications