വീഡിയോ 200 ഓളം സൈറ്റുകളിൽ, പണം വാങ്ങി ഷെയർ ചെയ്ത 3 പേർ അറസ്റ്റിൽ, കർശന നടപടിയെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്ക് കുരുക്ക്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് നടപടി.
മാര്‍ട്ടിന് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും എതിരെയുളള പോലീസ് നടപടി. ഇരുന്നൂറോളം സൈറ്റുകളിലാണ് ഈ വീഡിയോ പങ്കുവെച്ചതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത സൈറ്റുകളും വീഡിയോ ലിങ്കുകളും പോലീസ് നീക്കം ചെയ്തു.
തൃശൂര്‍, ആലപ്പുഴ, എറണാകുളം സ്വദേശികളാണ് പണം വാങ്ങിയ ശേഷം അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭാരതീയ നിയമ സംഹിത 72, 75 വകുപ്പുകളും ഐടി നിയമത്തിലെ 67ാം വകുപ്പും അനുസരിച്ച് പ്രതികള്‍ക്ക് മേല്‍ ജാമ്യമില്ലാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആയിരുന്നു സംഭവ ദിവസം അതിജീവിതയുടെ വാഹനം ഓടിച്ചിരുന്നത്. താന്‍ നിരപരാധിയാണെന്നും ദിലീപിനെ കുടുക്കാനാണ് ശ്രമം നടക്കുന്നത് എന്നതടക്കമുളള കാര്യങ്ങള്‍ മാര്‍ട്ടിന്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ ആക്രമണവും ദിലീപ് അനുകൂലികളുടെ ഭാഗത്ത് നിന്നുണ്ടായി. തുടര്‍ന്ന് വൈകാരികമായ കുറിപ്പ് അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പോലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ വീട്ടില്‍ ഇത് സംഭവിക്കാതിരിക്കട്ടെ എന്നും അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: ''ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!! Not a victim, not a survivor, just a simple human being!! let me live''.












Click it and Unblock the Notifications