ദിലീപിന്റെ വിധി എന്ത്: അവസാന വിധിക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും കോടതിയില്‍
കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും വിചാരണക്കോടതി പരിഗണിക്കും. വർഷങ്ങളോളം നീണ്ട പ്രകിയകള്‍ക്ക് ഒടുവില്‍ കേസിലെ അന്തിമവാദം നേരത്തെ പൂർത്തിയാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
എല്ലാ നടപടികളും പൂർത്തിയാക്കി അടുത്ത മാസത്തോടെ തന്നെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട ദിലീപിന്റെ വിധിയെന്താകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ മൊഴി അടക്കം സുപ്രധാനമായ തെളിവുകള്‍ ദിലീപിനെതിരായി ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ താരത്തിനെതിരെ ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രതിഭാഗം വാദം.

2017 ഫെബ്രവരിയിലാണ് കേരളത്തെ ഞെട്ടിച്ച ആക്രമണം ഉണ്ടാകുന്നത്. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികളായിട്ടുള്ളത്. ആദ്യകുറ്റപത്രത്തില്‍ ദിലീപ് പ്രതി അല്ലായിരുന്നെങ്കിലും വിശദമായ അന്വേഷണത്തിന് ഒടുവില്‍ അദ്ദേഹത്തേയും പ്രതിചേർക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. 85 ദിവസത്തോളം റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.
ഏഴു വർഷത്തോളം നീണ്ടു നിന്ന ജയില്‍വാസത്തിന് ശേഷം പള്‍സർ സുനിയും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ എല്ലാം തന്നെ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു കർശന വ്യവസ്ഥകളോടെ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ വിവാഹബന്ധം താറുമാറാക്കിയതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്താണ് കേസില്‍ നിര്‍ണായകമായത്. ദിലീപിന് എഴുതിയ കത്തില്‍ കേസിലെ നടന്റെ പങ്കിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.
കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി ഡവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയത്.
2018 ലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിക്ക് മുമ്പാകെ എത്തിയത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളി. ഇതേ തുടർന്ന് 2019 ല്‍ ദിലീപ് ഡിവിഷന്‍ ബെഞിനെ സമീപിച്ചു. ദിലീപിന്റെ ആവശ്യം സംസ്ഥാന സർക്കാർ ശക്തമായ ഭാഷയില്‍ തന്നെ എതിർത്തു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാർ വാദം. തനിക്കെതിരെ കേസ് എടുത്തതില അടക്കം ഗൂഡാലോചനയുണ്ടെന്ന് ദീലീപ് വാദിച്ചെങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. അതേസമയം മെമ്മറി കാർഡ് ചോർന്ന വിഷയത്തില്‍ അടക്കമുള്ള അന്വേഷണവും നേരത്തെ സമാന്തരമായി നടന്നിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.












Click it and Unblock the Notifications