നാദിര്‍ഷയെ സുനി എന്തിന് വിളിച്ചു? ദിലീപിനേക്കാള്‍ പണമുള്ളവര്‍ ഇവിടെ ഇല്ലേ, ചോദ്യങ്ങളുമായി ടിബി മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി ജയിലില്‍ നിന്ന് ചെയ്ത ഫോണ്‍ കോളും അയച്ച കത്തുമാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇടയാക്കിയത്. പ്രതി ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നപ്പോഴാണ് ജയിലില്‍ നിന്ന് പോലീസിന് മറ്റു ചില വിവരങ്ങള്‍ ലഭിച്ചത്. ഈ അന്വേഷണത്തിനിടെയണ് ദിലീപ് അറസ്റ്റിലായത്. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ല എന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നു. അപ്പുണ്ണിയെയും വിളിച്ചിരുന്നു. നാദിര്‍ഷയെ സുനി എന്തിന് വിളിക്കണം. ഈ കോളുകളുടെ അടിസ്ഥാനത്തില്‍ ദിലീപ് എന്തിന് പരാതി നല്‍കി എന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി ചോദിക്കുന്നു. പണം തട്ടാനാണ് എന്നു വിചാരിച്ചാല്‍തന്നെ, ദിലീപിനെക്കാളും നാദിര്‍ഷയെക്കാളും പണമുള്ളവര്‍ ഇവിടെയില്ലേ, വല്ലവര്‍ക്കും വന്ന കോളിന് ദിലീപ് പരാതി നല്‍കേണ്ട ആവശ്യമുണ്ടോ എന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിബി മിനി ചോദിച്ചു.

രണ്ട് കത്താണ് ജയിലില്‍ നിന്ന് വന്നത്. ഒന്ന് വിപിന്‍ ലാല്‍ എഴുതിയതാണ്. ഇയാള്‍ കേസില്‍ സാക്ഷിയായിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ പ്രതിയായ വിപിന്‍ ലാലിനെ കോടതി വിശ്വാസത്തിലെടുത്തില്ല. വിപിന്‍ലാല്‍ കാസര്‍ക്കോട്ടുകാരനാണ്. ദരിദ്ര കുടുംബത്തില്‍ നിന്ന് പഠിച്ച് തിരുവനന്തപുരത്ത് ലോ കോളജില്‍ അഡ്മിഷന്‍ കിട്ടിയ വ്യക്തിയാണ് എന്ന് ടിബി മിനി വിശദീകരിച്ചു.
അന്ന് കെഎസ്‌യു നേതാവായിരുന്നു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവാണ്. ചെക്ക് കേസില്‍ പ്രതിയായിട്ടാണ് വിപിന്‍ ലാല്‍ ജയിലില്‍ ആയത്. നല്ല രീതിയില്‍ പഠിക്കുന്ന വ്യക്തിയാണ്. കാക്കനാട് ജയിലില്‍ വിപിന്‍ലാലിന് പഠിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തത് മജിസ്‌ട്രേറ്റാണ്. ഇപ്പോള്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി, പിഎച്ച്ഡി ചെയ്യുകയാണ്. ഈ വ്യക്തിയെ ആണ് കോടതി അവിശ്വസിച്ചതെന്ന് ടിബി മിനി പറയുന്നു.
വിപിന്‍ ലാല്‍ കോടതിയില്‍ മൊഴി കൊടുത്തു
സുനി പറഞ്ഞിട്ടാണ് വിപിന്‍ ലാല്‍ കത്ത് എഴുതിയത്. താന്‍ എഴുതിയതാണ് എന്ന് വിപിന്‍ ലാല്‍ കോടതിയില്‍ മൊഴി കൊടുത്തു. ബന്ധപ്പെട്ട തെളിവ് പോലീസിന് സിസിടിവി വഴി ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ കത്ത് സുനി തന്നെ എഴുതിയതാണ്. സുനിയുടെ നല്ല കൈയ്യക്ഷരം കോടതിക്ക് സംശയത്തിന് ഇടയാക്കി. കൈയ്യക്ഷര വിദഗ്ധര്‍ പരിശോധിച്ചപ്പോള്‍ സുനി തന്നെയാണ് എഴുതിയത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തുവെന്നും ടിബി മിനി അഭിമുഖത്തില്‍ പറയുന്നു.
വിചാരണ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ അതിന് അനുമതി നല്‍കി കഴിഞ്ഞു. അതിജീവിതക്കൊപ്പമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. അതിജീവിതയും മുഖ്യമന്ത്രിയും അടുത്തിടെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതിനിടെ, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിടുമെന്ന് വിധി വരുംമുമ്പേ ഒരു ഊമക്കത്ത് വന്നതും വിവാദമായിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതി അഭിഭാഷക അസോസേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് പോലീസ് മേധാവിയെ ധരിപ്പിച്ചു. അന്വേഷി പ്രസിഡന്റ് കെ അജിത രാഷ്ട്രപതിക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിധി വരുംമുമ്പേ വിധിയിലെ കാര്യങ്ങള്‍ ചോര്‍ന്നോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്.












Click it and Unblock the Notifications