സൂപ്പർതാരങ്ങളുടെ മൗനത്തിൽ നിഗൂഢത! ദിലീപിനെ പിന്തുണച്ച് ഫാൻസുകാരുടെ പ്രകടനം, ദിലീപേട്ടൻ പാവാടാ....
നൂറിലേറെ ദിലീപ് ആരാധകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ദിലീപിനെ അനുകൂലിച്ചുള്ള പ്ലക്കാർഡുകളേന്തി, ദിലീപ് അനുകൂല മുദ്രാവാക്യവും വിളിച്ചാണ് ആരാധകർ പ്രകടനം നടത്തിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് പിന്തുണയുമായി ആരാധകരുടെ പ്രകടനം. ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച ചൊവ്വാഴ്ച തന്നെയാണ് ദിലീപിന്റെ ആരാധകരും പ്രകടനം നടത്തിയത്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിന് മുൻപിലായിരുന്നു ഫാൻസുകാരുടെ പ്രകടനം.
നൂറിലേറെ ദിലീപ് ആരാധകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ദിലീപിനെ അനുകൂലിച്ചുള്ള പ്ലക്കാർഡുകളേന്തി, ദിലീപ് അനുകൂല മുദ്രാവാക്യവും വിളിച്ചാണ് ആരാധകർ പ്രകടനം നടത്തിയത്. ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്നും, അന്വേഷണ സംഘം നടനെ മനപ്പൂർവ്വം കേസിൽ കുടുക്കിയതാണെന്നുമാണ് ആരാധകരുടെ ആരോപണം.

ദിലീപിനെ കുടുക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും 'അമ്മ' സംഘടനയിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൗനത്തിൽ നിഗൂഢതയുണ്ടെന്നും ദിലീപ് ഫാൻസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ റിയാസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ദിലീപിന് ജാമ്യം നിഷേധിച്ചതിൽ ആരാധകരെല്ലാം കടുത്ത നിരാശയിലാണ്.
ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി, പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. കോടതി വിധി ദിലീപിന് അനുകൂലമാണെങ്കിൽ ജനപ്രിയ നടനെ സബ് ജയിലിൽ നിന്നും വാദ്യമേളങ്ങളോടെ വീട്ടിലേക്ക് ആനയിച്ച് കൊണ്ടുപോകാനാണ് ഫാൻസുകാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ വിധി പ്രതികൂലമായതോടെ ഫാൻസുകാരുടെ പദ്ധതികളെല്ലാം വെള്ളത്തിലാകുകയായിരുന്നു.












Click it and Unblock the Notifications