നടിയെ ആക്രമിച്ച കേസിൽ നിന്നും തലയൂരാൻ ദിലീപ്.. കുറ്റപത്രം നിലനിൽക്കില്ലെന്ന്.. പോലീസിന് വെല്ലുവിളി!!
Recommended Video

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്ന സാഹചര്യമാണ് ഉരുത്തിരുഞ്ഞ് വരുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങളായിട്ടും ഇത്രയും സുപ്രധാനമായ കേസിലെ വിചാരണ തുടങ്ങാനായിട്ടില്ല. വിചാരണ തുടങ്ങുന്നത് നീട്ടിവെയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. കേസിലെ പൂര്‍ണ തെളിവുകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാത്രമല്ല കേസിലെ കുറ്റപത്രം റദ്ദാക്കുന്നതിന് വേണ്ടിയും ദിലീപ് കരുക്കള്‍ നീക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ രണ്ട് ഹർജികൾ
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് രേഖകളും ആവശ്യപ്പെട്ടാണ് ഒരു ഹര്‍ജി. അതേസമയം രണ്ടാമത്തെ ഹര്‍ജി കുറ്റപത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ദിലീപിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം.

കുറ്റപത്രത്തിനെതിരെ നീക്കം
നടിയെ ആക്രമിച്ച കേസില്‍ പോലീസ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അതൊരു ക്വട്ടേഷന്‍ ആണെന്നും പോലീസ് കണ്ടെത്തിയത് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമായിരുന്നു. ആദ്യ കുറ്റപത്രത്തിന് ഘടകവിരുദ്ധമാണ് അനുബന്ധ കുറ്റപത്രമെന്നും ദിലീപ് ഹര്‍ജിയില്‍ വാദം ഉന്നയിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം കുറ്റപത്രം നിലനിൽക്കില്ലെന്ന്
ആദ്യ കുറ്റപത്രത്തിലെ പല കാര്യങ്ങളും മറച്ച് വെച്ചാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്നും അതുകൊണ്ട് അനുബന്ധ കുറ്റപത്രം നിലനില്‍ക്കില്ല എന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. തനിക്കെതിരായ കേസിലെ സുപ്രധാനമായ രേഖകള്‍ പോലീസ് നല്‍കിയിട്ടില്ലെന്നും ദിലീപ് പറയുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതാണെന്ന് ഹര്‍ജിയില്‍ പറയുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

രേഖകളും ദൃശ്യങ്ങളും വേണം
കേസിലെ സുപ്രധാനമായ 254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പൂര്‍ണ തെളിവുകള്‍ തനിക്ക് നല്‍കിയില്ലെന്ന് ആരോപിക്കുന്ന ദിലീപ് പോലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.

ദിലീപ് എട്ടാം പ്രതി
2017 നവംബറിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെയുള്ളത് പന്ത്രണ്ട് പ്രതികളാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് വരെയുള്ള പ്രതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് അനുബന്ധ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. 650ലധികം പേജുകളുള്ളതാണ് കുറ്റപത്രം.

355 സാക്ഷികൾ
ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യരാണ് കേസിലെ പ്രധാന സാക്ഷികളിലൊരാള്‍. ജയിലില്‍ നിന്നും സുനിക്ക് വേണ്ടി കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ എന്നിവരെ കുറ്റപത്രത്തില്‍ മാപ്പ് സാക്ഷികളായി ചേര്‍ത്തിരിക്കുന്നു. സിനിമാ രംഗത്ത് നിന്നും 50 പേരടക്കം 355 സാക്ഷികളും കുറ്റപത്രത്തിലുണ്ട്.

വിചാരണ ഇനിയും വൈകും
ശാസ്ത്രീയ പരിശോധനാ ഫലങ്ങളും 400 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണ്. 22 പേരുടെ രഹസ്യമൊഴികളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കേണ്ടത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചെന്ന് പ്രതികള്‍ അറിയിച്ചാല്‍ മാത്രമേ വിചാരണയ്ക്കായി കോടതി മാറ്റം സാധ്യമാവൂ.

കുറ്റപത്രം ചോർന്ന സംഭവം
അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിക്കൊണ്ടുള്ള ദിലീപിന്റെ പുതിയ നീക്കം വിചാരണ വൈകിപ്പിക്കാന്‍ കൂടി കാരണമാവും. ഗുഢാലോചന, കൂട്ടബലാത്സംഗം തുങ്ങി പതിനേഴോളം വകുപ്പുകളാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിവരങ്ങളും പ്രധാന സാക്ഷികളുടെ മൊഴികളും ചോര്‍ന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

വിധി ഈ മാസം 17ന്
കേസിലെ സാക്ഷികളായ മഞ്ജു വാര്യര്‍, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടേത് അടക്കമുള്ള മൊഴികളാണ് ചോര്‍ന്നത്. കുറ്റപത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ട് പോലീസിന് എതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. അതേസമയം കേസ് വഴിതെറ്റിക്കാൻ ദിലീപ് തന്നെ മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് പോലീസ് മറുവാദം ഉന്നയിക്കുന്നത്. ദിലീപിന്റെ പരാതിയില്‍ ഈ മാസം 17ന് കോടതി വിധി പറയും.












Click it and Unblock the Notifications