'തിലകനെ വേദനിപ്പിച്ചു, സിനിമയെ കാൽക്കീഴിൽ ചവിട്ടി ഞെരിച്ചു, പകപോക്കി, ദിലീപിന് ഇനിയൊരു തിരിച്ചുപോക്കില്ല'
8 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുക്കം ദിലീപിന്റെ തിരിച്ച് വരവ് ആഘോഷിക്കുകയാണ് ആരാധകർ. ദിലീപ് പക സൂക്ഷിക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യുന്ന ആളാണെന്ന് സംവിധായകൻ വിനയൻ അടക്കമുളളവർ തുറന്ന് പറഞ്ഞിട്ടുളളതാണ്. കോടതിക്ക് പുറത്ത് ദിലീപ് നടത്തിയ ആദ്യ പ്രതികരണത്തിൽ മഞ്ജു വാര്യരെ ഉന്നം വെച്ചത് അതിന് തെളിവായി ചൂണ്ടിക്കാട്ടുന്നവരുണ്ട്.
അതിനിടെ കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പഴയ കാലത്തിലേക്ക് തിരിച്ച് പോകാൻ ഇനി ദിലീപിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും പ്രതികാരങ്ങൾക്ക് പിറകേ പോകുന്നത് മണ്ടത്തരം ആയിരിക്കുമെന്നും പ്രശാന്ത് വാസുദേവ് കുറിക്കുന്നു.
''ഇനി അയാൾ പ്രതിയല്ല! അയാളെ കുറ്റവാളി എന്ന് വിളിക്കാൻ ഇനി നമുക്ക് അർഹതയില്ല. അതിന് മേൽക്കോടതി മറിച്ച് വിധിക്കണം. ഇതുവരെ അയാൾ ചവുട്ടി നിന്നിരുന്നത് കുറ്റവാളിയുടെ മുൾത്തറയിലായിരുന്നു. ഇനി അയാൾ നടക്കുക നെഞ്ചുവിരിച്ചായിരിക്കും. ഇന്നലെവരെ തന്നെ കടിച്ചുകീറിയ മാധ്യമങ്ങളുടെ മുഖത്തേക്ക് അയാൾ പരിഹാസച്ചിരി ചിരിക്കും. അതാണ് കാലം , അതാണ് നിയമം . നമുക്കത് അംഗീകരിച്ചേ പറ്റൂ.

നമ്മുടെ ഉള്ളിലെ ധാരണകൾ മറ്റു പലതും ആയിരിക്കാം. നാം ചൂണ്ടിക്കാട്ടുന്ന, ചൂണ്ടിക്കാട്ടിയിരുന്ന സംശയങ്ങൾ / തെളിവുകൾ ബഹുമാനപ്പെട്ട നീതിപീഠത്തിനു മുന്നിൽ നിഷ്പ്രഭമായിരിക്കുന്നു. നമ്മൾ കരുതിയതും നമ്മൾ ഉറച്ചു വിശ്വസിച്ചതും ആണ് സത്യം എന്ന് വിളിച്ചുപറയാൻ ഇനി നമുക്ക് അർഹതയില്ല.
അയാൾ ധിക്കാരിയായിരുന്നു. തിലകനെയും തുളസിദാസിനെയും ഒക്കെ അയാൾ വേദനിപ്പിച്ചു. മലയാള സിനിമയെ അയാൾ തൻ്റെ കാൽക്കീഴിൽ ചവുട്ടി ഞെരിച്ചു. പലപ്പോഴും അയാൾ പകപോക്കി. സിനിമയിൽ ആര് ,എന്ത് എന്നൊക്കെ തീരുമാനങ്ങൾ എടുത്ത കാലഘട്ടത്തിൽ അയാൾ അഹങ്കരിച്ചിരിക്കണം. അതിനുള്ള ശിക്ഷ കാലവും ദൈവവും അയാൾക്ക് നൽകി.
നിയമ യുദ്ധം തുടർന്നാൽ എല്ലാം ഒടുവിൽ തീരുമാനിക്കുക ബഹുമാനപ്പെട്ട
സുപ്രീംകോടതി ആയിരിക്കും. പിന്നെ ഈശ്വരനും. അതിന് ഇനിയും വർഷങ്ങൾ എടുക്കും. അതുവരെ അയാൾ അഭിനയിക്കണ്ട എന്നു പറയാൻ നമുക്ക് അവകാശമില്ല. മറു ന്യായങ്ങൾ പറഞ്ഞ് നമുക്ക് വേണമെങ്കിൽ ഇനിയും അയാളെ ബഹിഷ്കരിക്കാം. എട്ടുവർഷം നമ്മളും അയാൾക്ക് കടുത്ത ശിക്ഷ നൽകി. ഞാനും തീയ്യേറ്ററിൽ പോയി അയാളുടെ സിനിമ കണ്ടില്ല. അടുത്ത കോടതി വിധി വരുന്നതുവരെ ഇനി അയാളെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമുണ്ടോ എന്നത് നമ്മുടെ ധാർമികതയുടെ പ്രശ്നമാണ് എന്ന് പറയുകയാണെങ്കിൽ നമ്മൾ നിയമത്തിനതീതരാണ് എന്നും പറയേണ്ടിവരും.
നിയമം അംഗീകരിച്ച തെളിവുകളെ, തെളിവുകളുടെ അഭാവത്തെ നമ്മൾ അംഗീകരിക്കുന്നില്ല എന്നു വരും. എന്തൊക്കെയായാലും അയാൾ നമ്മുടെ അശാന്ത മനസ്സുകളെ പലപ്പോഴും കുടുകുടെ ചിരിപ്പിച്ചവനാണ്. നന്നായി അഭിനയിക്കാൻ അറിയുന്നവനാണ്. നിയമം മറിച്ച് തീരുമാനിക്കുന്നവരെ നിയമത്തെ ബഹുമാനിക്കാനാണ് എനിക്കിഷ്ടം. അതിജീവിതയെ സംബന്ധിച്ച്, ആദ്യ ആറ് പ്രതികളെ നിയമം തെറ്റുകാരായി കണ്ടെത്തിയിരിക്കുന്നു എന്നത് ആശ്വാസകരം തന്നെയാണ് . അവർ അനുഭവിച്ച മാനസിക വ്യഥയും ട്രോമയും അവർക്ക് മാത്രമേ അറിയൂ. നമുക്ക് പുറമേ നിന്ന് അതിൻറെ തീവ്രത വെറുതെ അളക്കാം എന്ന് മാത്രം.
അവരുടെ നിയമ പോരാട്ടം അവർ ആഗ്രഹിക്കുന്നുവെങ്കിൽ തുടരട്ടെ. അത് അവരുടെ അവകാശമാണ്. അതിലെ ശരി തെറ്റുകൾ സമൂഹവും മാധ്യമങ്ങളും ഇനി ചികഞ്ഞിട്ട് കാര്യമില്ല. സത്യം അവരുടെ ഭാഗത്താണെങ്കിൽ അത് ഇനിയും വിജയിക്കട്ടെ. പിന്നെ നമുക്ക് അയാളെ ബഹിഷ്കരിക്കേണ്ടി വരില്ല. കാരണം അവിടെ ബഹുമാനപ്പെട്ട സുപ്രീംകോടതി എന്താണ് വേണ്ടതെന്ന് വിധിച്ചു കൊള്ളും. അതുവരെ നമുക്ക് അയാളെ വെറുതെ വിടാം.
പഴയ 'വാണ കാല'ത്തിലേക്ക് തിരിച്ചു പോകാൻ ഇനി അയാൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. 'വീണ കാലം' മറക്കാതിരുന്നാൽ അയാൾക്ക് നല്ലത്. മലയാള സിനിമാലോകം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതികാരങ്ങൾക്ക് പിന്നാലെ പോകുന്നത് മണ്ടത്തരമാണെന്ന് മനസ്സിലാക്കിയാൽ അതും അയാൾക്ക് നല്ലത്. എളിമ, വിനയം, കരുതൽ, സഹാനുഭൂതി ഇതൊക്കെ അയാൾ കൂടുതൽ കാട്ടേണ്ട കാലമാണ് ഇനി വരുന്നത്. അതിൽ വിജയിച്ചാൽ, അയാൾക്ക് മലയാള സിനിമയിൽ ഇനിയും ശോഭിക്കാൻ കഴിയും. അല്ലെങ്കിൽ അയാൾ ഉയരില്ല.
കേരളത്തിലെ നല്ലൊരു ഭാഗം സ്ത്രീകളുടെ മനസ്സ് ഈ വിധിയെ എങ്ങനെ സ്വീകരിക്കും എന്നതല്ല, അയാളെ ഇനി എങ്ങനെ സ്വീകരിക്കും എന്നതാണ് ഇവിടെ പ്രധാനം. അത് കണ്ടറിയേണ്ടിയിരിക്കുന്നു. പുറമേ നിന്നാർക്കും സ്വാധീനിക്കാൻ കഴിയുന്നതല്ല ആ 'സ്ത്രീ മനസ്സ്'!! അതിന്റെ ശക്തി വരും നാളുകളിൽ കണ്ടറിയാം''.












Click it and Unblock the Notifications