നടിയും സുനിയും തമ്മില്‍ ബന്ധമെന്ന പരാമര്‍ശം...അമ്മ യോഗത്തില്‍ മാപ്പുമായി ദിലീപ്..!
കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയും ദിലീപും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട് എന്നത് സിനിമാ രംഗത്തും പുറത്തും ഉള്ളവര്‍ക്ക് അറിയുന്ന വിഷയമാണ്. ഇരുവരും അക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് ഈ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപ് സംശയത്തിന്റെ മുനയിലായതും. മാത്രമല്ല നടിയെ അപമാനിക്കുന്ന തരത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരും താരം തന്നെയും പ്രസ്താവനകള്‍ നടത്തിയതും കാര്യങ്ങള്‍ വഷളാക്കി. അമ്മയുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. എന്നാല്‍ യോഗത്തില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയെ അപമാനിച്ച് ദിലീപ്
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ ദിലീപ് പരാമര്‍ശം നടത്തിയത്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ദിലീപിന്റെ വാക്കുകള്‍.

കടുത്ത പ്രതിഷേധം
ദിലീപിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ആക്രമണത്തിന് ഇരയായ നടി തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പത്രക്കുറിപ്പിറക്കി.

അമ്മ ചർച്ച ചെയ്തില്ല
മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് വിഷയം അമ്മയുടെ യോഗത്തില്‍ ചര്‍ച്ചയാക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഉന്നയിച്ചെങ്കിലും ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍ പറയുന്നു.

ഖേദപ്രകടനം
അതേസമയം നടിക്കെതിരായ തന്റെ വിവാദ പരാമര്‍ശത്തില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ചാനലില്‍ പറഞ്ഞതില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

അപകീർത്തികരമായ പരാമർശം
എറണാകുളത്ത് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും പുറത്ത് വന്ന നടനും സംവിധായകനുമായ പി ശ്രീകുമാറാണ് ദിലീപ് ഖേദം പ്രകടിപ്പിച്ചുവെന്ന വിഷയം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

തന്നെ വേട്ടയാടുന്നു
നാലഞ്ച് മാസമായി താന്‍ ഈ വിഷയത്തിന്റെ പേരില്‍ മനോവിഷമം അനുഭവിച്ച് വരികയാണ്. ഇതിന്റെ പേരില്‍ പലരും തന്നെ വേട്ടയാടുന്നു. ഇക്കാര്യത്തില്‍ എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും തനിക്ക് വേണമെന്നും നടന്‍ പറഞ്ഞു.

വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും പോലീസ് പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചിലകാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications