ദിലീപിന്റെ ഫോട്ടോ, ദൈവത്തിന്റെ കൈയ്യൊപ്പ് ഫലം കണ്ടില്ല, ആര്‍ ശ്രീലേഖ നേരത്തെ പറഞ്ഞു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ ഒരു ഫോട്ടോ പുറത്തുവന്നിരുന്നു. അന്വേഷണ സംഘം ദിലീപിനെതിരെ പ്രധാന തെളിവായി ഹാജരാക്കിയ ഒന്ന് ഈ ഫോട്ടോ ആയിരുന്നു. ഒരു തെളിവും ലഭിക്കാതിരുന്നപ്പോള്‍ കിട്ടിയ ഫോട്ടോ ദൈവത്തിന്റെ കൈയ്യൊപ്പുള്ള സെല്‍ഫി എന്നായിരുന്നു അന്വേഷണ സംഘം വിശേഷിപ്പിച്ചത്. എന്നാല്‍ ഇതും വിചാരണ കോടതി തള്ളുകയാണ് ചെയ്തത്.
നടിയോടുള്ള വിരോധം കാരണമാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും പലതവണ കണ്ടുവെന്നും ഗൂഢാലോചന നടത്തിയെന്നും അവര്‍ വാദിച്ചു. ഇതിന്റെ തെളിവായിട്ടാണ് ദിലീപിന്റെ സിനിമാ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തി എന്നതിന് തെളിവായി ഹാജരാക്കിയ ഫോട്ടോ.

തൃശൂരിലെ ടെന്നിസ് അക്കാദമിയില്‍ വച്ചും തൊടുപുഴയില്‍ വച്ചും ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തി എന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി വിധിയില്‍ പറയുന്നു. ടെന്നിസ് അക്കാദമിയിലെ സെക്യൂരിറ്റിക്കാരന്‍ എടുത്ത ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വളരെ ദൂരത്തില്‍ പള്‍സര്‍ സുനി അടക്കം രണ്ടുപേര്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ഒപ്പം മറ്റൊരു ചിത്രവും ഹാജരാക്കി.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ അന്വേഷണ സംഘം തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രണ്ടുപേരും ഒരു ടവര്‍ ലൊക്കേഷനില്‍ വന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തി എന്ന് പറയാനാകില്ലെന്ന് കോടതി വിലയിരുത്തി. നേരത്തെ ഐജി ആര്‍ ശ്രീലേഖയും ഈ ഫോട്ടോ വ്യാജമായി നിര്‍മിച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു.
രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട്
പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നാണ് ദിലീപ് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. അത് ശരിയല്ല എന്ന് തെളിയിക്കാനാണ് അന്വേഷണ സംഘം ഫോട്ടോ ഹാജരാക്കിയത്. ഇത് ഫോട്ടോഷോപ്പ് വഴി നിര്‍മിച്ചതാണ് എന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു. പോലീസ് തന്നെ ഇത്തരത്തില്‍ ചെയ്താല്‍ കേസുകള്‍ എവിടെ എത്തുമെന്നും രാഹുല്‍ ഈശ്വര്‍ ഇന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു.
അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിജീവിതയായ നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കും. വെറുതെവിട്ട പ്രതികള്‍ക്കെതിരെ നടപടി വേണം എന്ന് അപ്പീലില്‍ ആവശ്യപ്പെടും.
നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തില്‍ അവസാനിക്കില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അപ്പീല്‍ കോടതികളില്‍ ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നുമാണ് പ്രോസിക്യൂഷനും അതിജീവിതയുടെ അഭിഭാഷകയും പറയുന്നത്. അതിനിടെ രണ്ടാം പ്രതി മാര്‍ട്ടിന്‍ നടിയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications