ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു; ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്
കൊച്ചി: നടി പീഡനത്തിന് ഇരയായ സംഭവത്തില്‍ നടന്‍ ദിലീപിന് പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയതായി റിപ്പോര്‍ട്ട്. ദിലീപിനെയും നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും ഗൂഢാലോചനയുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി യാതൊരു ബന്ധമില്ലെന്നും അയാളെ അറിയില്ലെന്നുമുള്ള വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. ഇക്കാര്യം തെറ്റെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നു പോലീസിന് ലഭിച്ചിരുന്നില്ല. ദിലീപുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ ആരോപണമല്ലാതെ മറ്റൊന്നും ദിലീപിനെതിരെ കണ്ടെത്താനായിട്ടുമില്ല.

നടിയുമായി ദിലീപിനുള്ള മുന്‍ വൈരാഗ്യമാണ് ഇപ്പോഴത്തെ തെറ്റിദ്ധാരണയ്ക്കും പ്രചരണത്തിനും ഇടയാക്കിയതെന്നാണ് സൂചന. തന്നെ ചില സിനിമകളില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് നടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അത്തരക്കാരനല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.
തന്റെ സിനിമാ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ദിലീപ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നില്‍. ആരൊക്കെയാണ് അവര്‍ എന്നതു സംബന്ധച്ചും ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ഇവരെ ചോദ്യം ചെയ്തത്. നാദിര്‍ഷയില്‍ നിന്നും അപ്പുണ്ണിയില്‍ നിന്നും കേസിന് ആവശ്യമായ യാതൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം, പള്‍സര്‍ സുനിയുടെ ഭീഷണിയെക്കുറിച്ച് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications