ഒരു ക്ലാസിൽ തോറ്റു,പത്താം ക്ലാസിൽ കിട്ടിയ മാർക്ക് ഇതാണ്; തുറന്ന് പറഞ്ഞ് ദിലീപ്
സിനിമ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അറിയാൻ ആളുകൾക്ക് താത്പര്യമാണ്. ഇപ്പോഴിതാ തൻ്റെ പത്താം ക്ലാസ് മാർക്ക് പങ്കുവെച്ചെത്തിയിരിക്കുകയാണ് ദിലീപ്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭഭബയുമായി ബന്ധപ്പെട്ട് മൈൽ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ദിലീപ് ഏത് ബെഞ്ചിൽ ഇരിക്കുന്ന ആളാണെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിന് ദിലീപ് നൽകിയ മറുപടി ഇങ്ങനെ-'ആദ്യം ബാക്ക് ബെഞ്ചയിരുന്നു. അങ്ങനെ ഇരുന്ന് ഇരുന്ന് ഒരു ക്ലാസിൽ തോൽപ്പിച്ചു. മാനേജ്മെൻ്റും ടീച്ചർമാരുമായിട്ടൊക്കെ ഉള്ള വിഷയമായിരുന്നു. പിന്നെ അതുകഴിഞ്ഞ് വീണ്ടും വരുന്നത് പിന്നെ ഫസ്റ്റ് ബെഞ്ചിലാണ്, പിന്നെ നന്നായിട്ട് പഠിക്കാൻ തുടങ്ങി.

അതിങ്ങനെ കറങ്ങി റാങ്ക് അനുസരിച്ചിട്ട് ഫസ്റ്റ് റാങ്ക് സെക്കൻഡ് റാങ്ക് അങ്ങനെ വന്ന് മിഡിലിൽ വന്ന് പിന്നെ പത്താം ക്ലാസ് എത്തിയപ്പോൾ വീണ്ടും ബാക്ക് ബെഞ്ചിൽ എത്തി. അപ്പോ സാർ പറഞ്ഞു പരീക്ഷ എഴുതണ്ട എന്ന്. കാരണം സ്കൂളിന്റെ പേര് പോകും എന്ന്. ഞങ്ങൾ മൂന്ന് പേര് ഇത്തവണ എഴുതേണ്ട, അടുത്ത തവണ എഴുതിയാൽ മതി എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഭയങ്കര ടെൻഷൻ ആയി. ഇല്ല സാർ നമ്മൾ എന്താണെകിലും പഠിച്ച് എഴുതിക്കോളാം എന്ന് പറഞ്ഞു.
അന്ന് ഫസ്റ്റ് ക്ലാസ് ആണ് കാര്യം. 100% ഫസ്റ്റ് ക്ലാസ് ആണ് സ്കൂളിന്. നമ്മൾ മൂന്നു പേരും എഴുതിയാൽ അത് താഴേക്ക് പോകും. പക്ഷെ കുത്തിയിരുന്ന് പഠിച്ച് അന്ന് 360 മാർക്ക് മതി ഫസ്റ്റ് ക്ലാസ്സിന് എനിക്ക് 419 മാർക്ക് കിട്ടി. ഞാൻ സാറിന്റെ അടുത്ത് പറഞ്ഞത് 420 മാർക്ക് വാങ്ങിക്കുമെന്നാണ്', താരം പറഞ്ഞു.
ദിലീപിൻ്റെ വിദ്യാഭ്യാസ യോഗ്യത
ആലുവയിലെ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലും യൂണിയൻ ക്രിസ്ത്യൻ കോളേജിലുമായാണ് ദിലീപ് സ്കൂൾ, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയത്. തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് മിമിക്രികളിൽ സജീവമായ ദിലീപ് ഇതിലൂടെയാണ് സിനിമയിലെത്തുന്നത്. ആദ്യം അസിസ്റ്റൻ്റ് ഡയറക്ടർ ആയിട്ടായിരുന്നു തുടക്കം. പിന്നീട് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെ നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഇതുവരെ 151 സിനിമകളാണ് താരത്തിൻ്റേതായി പുറത്തിറങ്ങിയിട്ടുള്ളത്.
മോഹൻലാലും മമ്മൂട്ടിയുമോ?
സൂപ്പർതാരം മോഹൻലാൽ തൻ്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് തിരുവനന്തപുരത്തെ ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (മോഡൽ സ്കൂൾ) നിന്നാണ്. ബികോം ആണ് അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിൽ നിന്നാണ് നടൻ ബിരുദം പൂർത്തിയാക്കിയത്.
മമ്മൂട്ടി എൽഎൽബി ബിരുദദാരിയാണ്. കോട്ടയത്തും എറണാകുളത്തുമായിട്ടായിരുന്നു അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുർന്ന് തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പാസായി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും നേടി. എറണാകുളം ലോ കോളേജിൽ നിന്നായിരുന്നു എൽഎൽബി പാസായത്. തുടർന്ന് മഞ്ചേരിയിൽ അഭിഭാഷകനായി രണ്ട് വർഷം പ്രവർത്തിച്ച ശേഷമാണ് മമ്മൂട്ടി അഭിനയത്തിലേക്ക് കടന്നത്.












Click it and Unblock the Notifications