ഏത് രാമന്‍പിള്ളയായാലും ശരി കോടതിയെ ബഹുമാനിക്കണം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് റിട്ട. എസ്പി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരെ റിട്ട. എസ് പി ജോര്‍ജ് ജോസഫ്. ഏത് രാമന്‍പിള്ളയായാലും ശരി കോടതിയെ ബഹുമാനിക്കണമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മുംബൈയില്‍ പോയവരില്‍ നാല് വക്കീലന്മാരും ഉണ്ടായിരുന്നെന്നും അത് കോടതിയെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അത് ബാലചന്ദ്രകുമാര്‍ സൃഷ്ടിച്ച ആരോപണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന് ജാമ്യം കൊടുത്തതോടെ പൊലീസിന്റെ അന്വേഷണം വളരെ ദൂരം പോയി. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പറഞ്ഞപ്പോള്‍ അത് മുംബൈയില്‍ കൊണ്ടുപോയി വിവരങ്ങള്‍ മാറ്റിയെന്നും ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നും ചെറിയ രീതിയിലെങ്കിലും ദിലീപിന് സംരക്ഷണം ലഭിച്ചിട്ടുണ്ടായിരിക്കാമെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കി. അതേസമയം ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പറില്‍ നിന്നുള്ള വിവരങ്ങളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
12 നമ്പരിലേക്കുള്ള വാട്ട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29 ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തന്നെ ഇത്തരത്തില്‍ ഫോണിലെ നിര്‍ണായകമായ വിവരങ്ങള്‍ നശിപ്പിക്കുകയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതിന് പിന്നാലെയാണ് ദിലീപ് തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.


Click it and Unblock the Notifications