'പരസ്പരം ചളിവാരിയെറിയുകയാണ്, ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ'; ദിലീപ്
മലയാളത്തിലെ സിനിമ സംഘടനകൾക്കുള്ളിൽ ഐക്യം ഉണ്ടാകണമെന്ന് നടൻ ദിലീപ്. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ സംഘടനയ്ക്കുള്ളിൽ സംസാരിക്കാതെ പുറത്ത് പോയി സംഘടനയ്ക്കെതിരെ കല്ലെറിയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ അല്ല, സംഘടനയ്ക്ക് അകത്താണ് ആദ്യം സംസാരിക്കേണ്ടത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിലായിരുന്നു പ്രതികരണം. നടന്റെ വാക്കുകളിലേക്ക്
'എല്ലാവരും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ.. പക്ഷെ പലപ്പോഴും അത് വാക്കുകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സംഘടനകൾ മാറി മാറി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കുന്ന, ചളിവാരിയെറുന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ ഒത്തൊരുമിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

പൊതുവെ സംഘടനയ്ക്ക് അകത്ത് നിന്ന് സംസാരിക്കേണ്ട കാര്യങ്ങൾ പുറത്ത് നിന്ന് സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. സംഘടനയുടെ ഭാഗമായ ഒരാൾ പുറത്ത് പോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് സംഘടനയ്ക്ക് ഉള്ളിൽ ഉള്ളവർ ഓരോ വിഷയങ്ങളും അറിയുന്നത്.
ഏതൊരു സംഘടനയുടേയും കാര്യങ്ങൾ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോൾ അവർക്ക് അവരുടേതായ സ്റ്റാന്റ് എടുക്കേണ്ടി വരും. എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ടാകും. അതിന്റേതായിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം എന്ന് പറഞ്ഞ് കത്ത് നൽകണം. ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമ്മാതാക്കൾ തന്നെയാണ്. അവർ സിനിമയെടുക്കാൻ തീരുമാനിക്കുന്നത് വലിയ കാര്യമാണ്. അവർ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്, ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെയാണ് ക്രിയേഷൻ സൈഡും, അതിന് തക്കതായിട്ടുള്ള കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും അങ്ങനെ ടാലന്റഡ് ആയിട്ടുള്ളവരാണ് ഉള്ളത്. ഇതെല്ലാം സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകൾ ഇതെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ.
അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതിരിക്കാനും അതത് മേഖലയിലെ താരങ്ങളെ സംരക്ഷിക്കാനും ഓരോ വിഭാഗങ്ങൾക്കും സംഘടനകൾ ഉണ്ട്. അതിനകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യണം. അത് മറ്റൊരു അസോസിയേഷനുമായി പങ്കുവെയ്ക്കാനും ചർച്ച ചെയ്യാനും ഉണ്ടെങ്കിൽ ഇതുപോലെ ഒരു കൂട്ടായ്മയിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ.
മാധ്യമങ്ങൾക്ക് അവരുടെ വ്യൂവർഷിപ്പാണ് വലുത്. അവർ നമ്മളെ കൊണ്ട് സംസാരിപ്പിക്കാൻ പ്രകോപിപ്പിക്കും. എന്നാൽ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ആ സംഘടനയുടെ ഭരണസമിതിക്കുള്ളിൽ സംസാരിച്ച് പരിഹരിച്ചതിന് ശേഷം ഒരൊറ്റ ശബ്ദമായിമാത്രം മാധ്യമങ്ങളിലൂടെ പുറത്തുവരണം. ആരെയാണോ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അവർ വന്ന് സംസാരിക്കണം. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ കാണുന്നത്, ഏത് സംഘടനയിലായാലും ഒരാൾക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ നേരെ പോയി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതാണ്. ആ രീതിയൊക്കെ മാറണം. മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല, എല്ലാത്തിന്റേയും പോസിറ്റീവ് ജനങ്ങളിലെത്തിക്കുക. അത്രയും ആളുകൾ ഒരുമിച്ച് നിൽക്കമ്പോൾ പരസ്പരം തമ്മിൽ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ട് പോകട്ടേയെന്നും ആശംസിക്കുന്നു', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications