ദിലീപ്, സിദ്ദിഖ് എല്ലാം മാറിനിന്നു; ബാബുരാജ് പക്ഷേ, പിന്നീട് മോഹന്‍ലാല്‍ രാജിവച്ചു, മാല പാര്‍വതി പറയുന്നു
കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ വിവാദത്തില്‍ പെട്ടവര്‍ മല്‍സരിക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായം. ആരോപണ വിധേയല്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ല എന്നാണ് കഴിഞ്ഞ ദിവസം നടി അന്‍സിബ ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ആരോപണ വിധേയര്‍ മല്‍സരിക്കുന്നത് ഉചിതമല്ല എന്ന് മുന്‍ ഐസി അംഗം കൂടിയായ മാല പാര്‍വതി പറഞ്ഞു.
ആരോപണ വിധേയരായ ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുമുണ്ട്. ഒരു സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രം. അവിടെ അങ്ങനെ സംഭവിക്കുമ്പോള്‍ അമ്മയില്‍ നടക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന ചോദ്യമാണ് അന്‍സിബ മറുപടിയായി ഉന്നയിച്ചത്. ആര്‍ക്കും മല്‍സരിക്കാമെന്നും തെറ്റ് ചെയ്‌തോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത് എന്നും അന്‍സിബ പറഞ്ഞു.

ചില അംഗങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന വേളയിലാണ് അമ്മയുടെ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പ് രാജിവച്ചത്. വീണ്ടും പുതിയ കമ്മിറ്റിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വേളയില്‍ ആരോപണ വിധേയര്‍ മല്‍സരിക്കുന്നത് ഉചിതമല്ല എന്ന് മാല പാര്‍വതി പറഞ്ഞു. നിയമത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് മര്യാദയുടെ പുറത്താണ് മാറി നില്‍ക്കേണ്ടത് എന്നും മാലാ പാര്‍വതി പറഞ്ഞു.
നേരത്തെ ദിലീപ്, വിജയബാബു, സിദ്ദിഖ് എന്നിവരെല്ലാം ആരോപണം നേരിട്ട വേളയില്‍ ഭാരവാഹിത്വം ഒഴിഞ്ഞ് മാറി നില്‍ക്കുകയാണ് ചെയ്തത്. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന പിന്നാലെയാണ് ബാബു രാജിനെതിരെ ആരോപണം വന്നത്. എന്നാല്‍ അദ്ദേഹം മാറി നില്‍ക്കാന്‍ തയ്യാറായിട്ടുണ്ടാകില്ല. തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതും അഡ്‌ഹോക്ക് കമ്മിറ്റിയിലേക്ക് മാറിയതും എന്ന് മാലാ പാര്‍വതി വിശദീകരിച്ചു.
വീണ്ടും തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ അമ്മയെ പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള മര്യാദ ബാബുരാജിന് ഉണ്ടാകേണ്ടതായിരുന്നു. ബാബുരാജിന് നിരവധി ഗുണങ്ങളുണ്ട്. സംഘാടകനാണ്. വ്യക്തിപരമായി എന്നെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച ആള്‍ കൂടിയാണ് ബാബുരാജ്. എങ്കിലും സംഘടനയെ വീണ്ടും പ്രതിസന്ധിയിലാക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് തന്റെ നിലപാട് എന്നും മാലാ പാര്‍വതി മനോരമ ന്യൂസിനോട് പറഞ്ഞു.
2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് താര സംഘടനയുടെ പ്രവര്‍ത്തനം താളംതെറ്റിയത്. ദിലീപ് കേസില്‍ പ്രതിയായതോടെ അദ്ദേഹം പദവികള്‍ ഒഴിഞ്ഞു. സിനിമാ താരങ്ങള്‍ രണ്ട് ചേരിയായി അഭിപ്രായം പറയുന്ന സാഹചര്യം വന്നു. അടുത്ത കാലത്താണ് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. കേസില്‍ പ്രതിയാകുന്ന സാഹചര്യം വന്നപ്പോള്‍ സിദ്ദിഖ് അമ്മയിലെ പദവി രാജിവയ്ക്കുകയായിരുന്നു.
ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പക്ഷേ, ബാബുരാജ് ഒഴിയാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് പ്രതിയായ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം വിധി പറയുമെന്നാണ് വിവരം. സിദ്ദിഖും വിജയബാബുവും ബാബുരാജും പ്രതികളായ കേസുകള്‍ ഇപ്പോഴും തുടരുകയാണ്. മൂവരും ജാമ്യത്തിലിറങ്ങി. അതിനിടെയാണ് സംഘടനാ തിരഞ്ഞെടുപ്പ് വന്നതും പഴയ സംഭവങ്ങള്‍ ചര്‍ച്ചയായതും.












Click it and Unblock the Notifications