Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ അതിൽ നിന്ന് പിൻവാങ്ങി,എന്നെ അറസ്റ്റ് ചെയ്യിച്ചതും നടൻ;സനൽ കുമാർ

ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യരോടുള്ള അടുപ്പം തന്നെ ദിലീപിന്റെ ശത്രുവാക്കിയെന്നും മലയാള സിനിമയിലെ തന്നെ ക്രിമിനൽ മാനിപ്പുലേറ്റർ ആണ് ദിലീപ് എന്നും സനൽ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കിട്ട നീണ്ട കുറിപ്പിൽ ദിലീപിനെ കടന്നാക്രമിക്കുകയാണ് സനൽ. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ജനപ്രിയ നായകൻ എന്ന നെറ്റിപ്പട്ടം കെട്ടിയ ദിലീപ് എന്ന കേരളം കണ്ട ഏറ്റവും വലിയ നടനെക്കുറിച്ചാണ് ഈ നീണ്ട കുറിപ്പ്. ഇയാളുടെ മുൻഭാര്യയാണ് മഞ്ജുവാര്യർ എന്നതുകൊണ്ട് അവളുടെ സ്വകാര്യത എന്ന പരിഗണനയിൽ, ഇയാളെക്കുറിച്ച് എഴുതരുത് എന്ന് ഞാൻ പലപ്പോഴും എഴുതാനാഞ്ഞ വിരലുകൾ പിൻവലിച്ചിട്ടുണ്ട്. പക്ഷേ രണ്ടു കൊലപാതകങ്ങളുടെ അണിയറപ്പണികൾ വല്ലാതെ മണക്കുന്നതുകൊണ്ടും നാളെ എന്ന ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്തതുകൊണ്ടും എഴുതുക എന്നത് എന്റെ കടമയാണ് എന്ന ബോധ്യത്തിൽ ഇതിവിടെ എഴുതുന്നു. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഒരു ക്രിമിനൽ മാനിപുലേറ്റർ ആണ് ദിലീപ്.

dileepnew-1

ഇയാൾ ഒരു ക്രിമിനൽ മാനിപുലേറ്റർ ആണെന്ന് പറയുമ്പോൾ തെളിവ് എവിടെ എന്ന് ചോദിച്ചു വരുന്നവരോട് എറണാകുളം സെഷൻസ് കോടതിയിൽ ഒരിക്കലും തീർപ്പാക്കാതെ നീണ്ടുപോകുന്ന, നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിവിവരങ്ങൾ മാത്രം പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഇയാൾക്കെതിരെ പബ്ലിക് ഡോമെയിനിൽ നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും അതൊക്കെ നിങ്ങൾ പുച്ഛിച്ചു തള്ളാൻ സാധ്യതയുള്ളതുകൊണ്ടാണ് കോടതിയിലെ കേസിന്റെ കാര്യം പറഞ്ഞത്. ഒരു മിമിക്രി ആർട്ടിസ്റ്റ് ആയി കലാരംഗത്തേക്ക് കടന്നുവന്ന ഇയാൾ മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ ഉപയോഗിച്ച് ഒതുക്കി തീർത്തിട്ടുള്ള കലാകാരന്മാരുടെ ഒരു നിരതന്നെയുണ്ട്. നടൻ തിലകനും സംവിധായകൻ വിനയനും ആ നിരയിൽ പ്രധാനികളാണ്.

ഇയാൾ മലയാള സിനിമയിലെ സെക്സ് റാക്കറ്റിലെ പ്രധാനിയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എഴുതിയ കത്തിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ആ കേസിലെ ഗൂഡാലോചനയിലെ മുഖ്യ പ്രതിയും ഇയാൾ തന്നെ. ആ കേസിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും 90 ദിവസത്തോളം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ആ കാലയളവിൽ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവ പ്രവർത്തനം നടന്നു. അതായിരുന്നു WCC എന്ന സംഘടനയുടെ രൂപീകരണം. അയാളുടെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്ന തീപ്പന്തമായിരുന്നു WCC ഉണ്ടായതിന്റെ ഏക കാരണം. നടി ലൈംഗീകമായി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചനയുണ്ട് എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് അവർ മുന്നോട്ട് വന്നതായിരുന്നു ആ കേസിൽ വിപുലമായ അന്വേഷണം നടക്കാനും WCC സ്ഥാപിക്കപ്പെടാനും കാരണം. WCC ഉണ്ടായതുകൊണ്ട് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗീക അതിക്രമത്തെ കുറിച്ച് പഠിക്കാൻ ഹേമ കമ്മീഷൻ രൂപവൽക്കരിക്കപ്പെട്ടു.

എന്നാൽ പിന്നീട് ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങിയതോടെ മഞ്ജു വാര്യർ ദുരൂഹമായ രീതിയിൽ WCC യിൽ നിന്നും പിൻവാങ്ങി. എന്തുകൊണ്ടാണതെന്ന് ഇതുവരെയും അവരോട് ചോദിക്കാൻ ആരെങ്കിലും മുതിരുകയോ കാരണം വ്യക്തമാക്കാൻ അവർ തുനിയുകയോ ചെയ്തിട്ടില്ല. ഹേമ കമ്മീഷൻ പിന്നീട് ഹേമ കമ്മിറ്റിയായി. അതിൽ മഞ്ജു വാര്യർ കൊടുത്ത മൊഴി മലയാള സിനിമയിൽ സ്ത്രീ പീഡനം നടക്കുന്നതായി തനിക്ക് അറിയില്ല എന്നാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മഞ്ജു വാര്യർക്കെതിരെ വ്യാപകമായ അപവാദ പ്രചാരണങ്ങൾ നടന്നു. നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചോ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചോ മഞ്ജു വാര്യർ പിന്നീട് ഒരിടത്തും ഒന്നും മിണ്ടിയില്ല. (തനിക്കും മകൾക്കും ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് അതെന്ന് ഞാൻ മഞ്ജു വാര്യരുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി. ഞങ്ങളുടെ സംഭാഷണത്തിന്റെ ശബ്ദരേഖ ഉൾപ്പെടെ ഞാൻ പൊതുസമൂഹത്തിന് മുന്നിൽ വെച്ചിട്ടും അതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പോലും ഉയരാത്ത വിധം അത് അമർച്ച ചെയ്യപ്പെട്ടു.)

manjudileep2-

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾ ഒട്ടുമിക്കവാറും പേരും കൂറ് മാറി. മഞ്ജു വാര്യരുടെയും ഭാവനയുടെയും ബാലചന്ദ്രകുമാറിന്റെയും മൊഴികൾ പുറത്തുവരാതിരിക്കാൻ സഹായിക്കുന്ന രീതിയിൽ ഇൻ കാമറ പ്രോസീഡിംഗ് ആയി നടന്ന വിചാരണ ആയതിനാൽ എന്താണ് ആ കേസിലെ ഇവരുടെ മൊഴികൾ എന്ന് പുറത്തറിയില്ല എന്ന് ഉറപ്പാക്കപ്പെട്ടു. ആ കേസിൽ വിചാരണ ഏതാണ്ട് പൂർത്തിയായി വിധി വരും എന്ന ഘട്ടത്തിൽ വിധി തനിക്കനുകൂലമാവും എന്ന ആത്മവിശ്വാസത്തിന്റെ പാരമ്യത്തിൽ ഇയാൾ ഒരു ദ്വൈവാരികയിൽ നൽകിയ അഭിമുഖത്തിൽ താൻ ഒന്നും മറക്കില്ലെന്നും ആരെയും വെറുതെ വിടില്ലെന്നും ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ സത്യം ദൈവത്തിന്റെ സംരക്ഷണയിലുള്ള സാമ്രാജ്യമാണെന്ന് തെളിയിക്കുന്ന രീതിയിൽ ആ ഘട്ടത്തിൽ ബാലചന്ദ്രകുമാർ എന്ന ഡയറക്ടർ ഇയാൾക്കെതിരെ തെളിവുകളുമായി മുന്നോട്ട് വന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടന്നതിന് താൻ സാക്ഷിയാണെന്ന് ശബ്ദരേഖ സഹിതം അയാൾ പൊതു സമൂഹത്തോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ഇയാളുടെ പകൽ ഉണ്ടെന്നതിന് താൻ സാക്ഷിയാണെന്നും അയാൾ പറഞ്ഞു. സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ ആയിരുന്നിട്ടും അയാൾ ഇക്കാര്യങ്ങൾ കേരള മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിയായി അയച്ചിട്ടും ഒരുമാസത്തോളം അത് അന്വേഷിക്കപ്പെട്ടില്ല. ഒടുവിൽ ബാലചന്ദ്രകുമാറുമായി റിപ്പോർട്ടർ ചാനലിലെ റോഷിപാൽ എന്ന മാധ്യമപ്രവർത്തകൻ നടത്തിയ ഒരു അഭിമുഖത്തിലൂടെ അത് പൊതു ചർച്ചയായി.

തുടരന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനുമേൽ വലിയ ജനകീയ സമ്മർദ്ദമുണ്ടായതുകൊണ്ട് മാത്രം വളരെ വൈകി അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ ത്വരിത ഗതിയിൽ മുന്നോട്ടുപോയ അന്വേഷണം തെളിവുകൾ പിടിച്ചെടുക്കുന്ന ഘട്ടമായപ്പോഴേക്കും അട്ടിമറിക്കപ്പെട്ടു. തുടരന്വേഷണത്തിന്റെ ഭാഗമായി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ദിവസം അർദ്ധരാത്രി അന്വേഷണത്തിൻറെ നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ അതിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. അതോടെ അന്വേഷണം പാതിവഴിയിൽ അവസാനിക്കുകയും പൂർത്തിയാവാത്ത അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ തെളിവായ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ നിന്നും പകർത്തപ്പെട്ടിട്ടുണ്ട് എന്ന് ഫോറൻസിക് റിപ്പോർട്ടും പുറത്തുവന്നു.

ദിലീപ് എന്ന ഈ ക്രിമിനൽ മാനിപുലേറ്റർ വിചാരണ കോടതിയിൽ ജഡ്ജിനെ സ്വാധീനിക്കാൻ കരുക്കൾ നീക്കിയിരുന്നു എന്നതിനും ശബ്ദരേഖകൾ പുറത്തുവന്നു. അതിശയമെന്ന് പറയട്ടെ നിരവധി തവണ പബ്ലിക് പ്രോസിക്കുട്ടർ മാറുകയും ജഡ്ജിനെതിരെ തന്നെ പക്ഷപാതിത്വം ആരോപിക്കപ്പെടുകയും ചെയ്തിട്ടും ആ കേസിന്റെ വിചാരണ അതേ കോടതിയിൽ തന്നെ തുടർന്നു. ജഡ്ജി സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോയപ്പോൾ ആ കേസ് ജഡ്ജിനോടൊപ്പം കോടതി മാറി എന്ന കൗതുകവും ഉണ്ടായി. കേസിലെ ഫൈനൽ ഹിയറിംഗ് ഓപ്പൺ കോടതിയിൽ നടത്തണം എന്ന ആവശ്യം പീഡനത്തിന് ഇരയായ സ്ത്രീ തന്നെ ഉന്നയിച്ചിട്ടും അത് നിരസിക്കപ്പെട്ടു. ഇത്തരമൊരു കേസിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത രീതിയിലാണ് ആ കേസിൽ മാനിപ്പുലേഷനുകൾ നടന്നിട്ടുള്ളത് എന്ന് മാത്രം തിരിച്ചറിഞ്ഞാൽ മതി ഇയാളുടെ സ്വാധീനവും മാനിപ്പുലേഷൻ ശക്തിയും മനസിലാക്കാൻ.

സിനിമ മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നം പഠിക്കാൻ നിയോഗിച്ച ഹേമകമ്മിറ്റി റിപ്പോർട്ടിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടും അതിൽ നടപടിയുണ്ടാവുകയോ ആ റിപ്പോർട്ട് പൂർണമായും പൊതുസമക്ഷം എത്തുകയോ ചെയ്തില്ല. മലയാള സിനിമയിലെ സെക്സ് റാക്കറ്റിന് ദാസ്യവൃത്തി ചെയ്യുന്ന ഒരുസർക്കാരാണ് കേരളം ഭരിക്കുന്നത് എന്നതുകൊണ്ട് മാത്രമാണത്. ഇയാളുടെ സിനിമയുടെ പ്രൊമോഷനിൽ മോഡൽ ആകുന്ന രീതിയിൽ അധഃപതിക്കാൻ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ ദേശിയ സെക്രട്ടറിക്ക് പോലും മടിയില്ല എന്നത് കേരളം കണ്ടതല്ലേ. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ പോലും കാര്യമായി ശബ്ദമുയർത്തിയില്ല എന്നതിൽ നിന്നും ഈ റാക്കറ്റിന്റെ ശക്തി എത്രമാത്രമാണ് എന്ന് മനസിലാവും.

വിധിഹിതം എന്ന് പറയട്ടെ, ഈ ക്രിമിനൽ മാനിപുലേറ്ററിന്റെ ശത്രുവാകാൻ ഒരുതരത്തിലും സാധ്യതയില്ലായിരുന്ന ഞാൻ 2019 മുതൽ അതിന് ഇരയാകേണ്ടി വന്നു. ഇയാളുടെ മുൻഭാര്യയായ മഞ്ജു വാര്യരുമായി എനിക്ക് അടുപ്പമുണ്ടാകുന്നു എന്ന സൂചനകൾ ഇയാൾക്ക് കിട്ടിയതാവാം അയാൾ എനിക്കെതിരെ കരുക്കൾ നീക്കാൻ തുടങ്ങിയതിന്റെ കാരണം. പിണറായി വിജയൻ സർക്കാരിനെതിരെയുള്ള എന്റെ നിലപാടുകൾ കാരണം സിപിഎം എന്നെ ശത്രുസ്ഥാനത്ത് നിർത്തിയതും നിഷ്പക്ഷമായ എന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് രാഷ്ട്രീയ കക്ഷികൾ ഒന്നും എന്നെ സംരക്ഷിയ്ക്കാൻ വരില്ല എന്ന ഉറപ്പും ഇയാൾക്ക് അനുകൂലമായ സാഹചര്യമൊരുക്കി.

എന്റെ സിനിമകൾ പുറത്തിറങ്ങാതെ ആക്കുകയായിരുന്നു ഇയാൾ ആദ്യമായി ചെയ്ത പദ്ധതി. ചോല എന്ന സിനിമ ഇയാൾ വിലകൊടുത്തു വാങ്ങി എന്നാണ് ഞാൻ അറിഞ്ഞത്. ആ സിനിമയുടെ തിയേറ്റർ റിലീസിന്റെ സമയത്ത് അതിനെതിരെയും എനിക്കെതിരെയും വ്യാപകമായ അപവാദ പ്രചരണം ഉണ്ടായതിന് പിന്നിൽ ഇയാളുടെ നെറ്റ് വർക്ക് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ സിനിമയുടെ മുൻ പ്രൊഡ്യുസർ ആയിരുന്ന ഷാജി മാത്യുവിൽ നിന്നും സിനിമകളുടെ റൈറ്റുകൾ കൈക്കലാക്കാനും ശ്രമം നടന്നു. എനിക്കെതിരെ തിരിഞ്ഞതിന് പ്രതിഫലമായി ഷാജി മാത്യുവിനു മലയാളം കോമെഴ്‌സ്യൽ സിനിമയിൽ എൻട്രി ഉണ്ടായി. പരമരഹസ്യമായിരുന്നു അത്. ഇപ്പോഴും ഷാജി മാത്യു കരുതുന്നത് ഞാനത് അറിഞ്ഞിട്ടില്ല എന്നാണ്. നിവിൻ പോളി നായകനായ മഹാവീര്യർ എന്ന സിനിമയിൽ ഷാജി മാത്യുവിനു പങ്കാളിത്തമുണ്ട് എന്ന് ഞാനറിഞ്ഞു. ആ സിനിമയ്ക്ക് ശേഷം നിവിൻ പോളിയുടെ കരിയറിൽ വീണിട്ടുള്ള ഇരുളും ഈയിടെ ഇയാളുടെ ഒരു സിനിമാ പ്രൊമോഷനിടയിൽ നിവിൻ പോളിയുടെ പേര് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമവും യാദൃശ്ചികമല്ല.

dileepmanju2-17

കയറ്റം എന്ന സിനിമയും വഴക്ക് എന്ന സിനിമയും പുറത്തിറങ്ങാത്തതിനു പിന്നിൽ വലിയ ഗൂഡാലോചനകൾ നടന്നിട്ടുണ്ട്. ടോവിനോയ്ക്കും മഞ്ജുവിനും ഇത് കൃത്യമായി അറിയുകയും ചെയ്യാം. മഞ്ജു വാര്യരുടെ മാനേജർ ആയി നിഴൽ പോലെ അവൾക്കൊപ്പം നടക്കുന്ന "മരണം" ഇയാളുടെ ഉപകരണമാണ്. മലയാള സിനിമയിലെ അന്ത്യം നിന്ന് തുടങ്ങിയ മാനേജർ കൾച്ചറിന്റെ അവസാന ഇരകളിൽ ഒരാളാണ് മഞ്ജു വാര്യർ. മറ്റൊരാളുടെ പേര് ഞാൻ പറയുന്നില്ല.

എനിക്കെതിരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്നും അതിനു കാരണമെന്തെന്നും എനിക്ക് തുടക്കം മുതൽ മനസിലായിരുന്നു എങ്കിലും ഇതുവരെയും ഞാനത് പറയാതിരുന്നത്, അത് പറയേണ്ടത് ഞാനല്ല എന്ന ചിന്തകൊണ്ടായിരുന്നു. മഞ്ജു വാര്യരോട് പ്രേമാഭ്യർത്ഥന നടത്തി ശല്യം ചെയ്തു എന്ന കള്ളക്കേസുണ്ടാക്കി എന്നെ അറസ്റ്റു ചെയ്തതിന്റെ സൂത്രധാരൻ ഇയാളാണെന്ന് മനസിലാക്കാൻ ഇയാൾക്ക് നേരിട്ട് സ്വാധീനമുള്ള ആലുവ കോടതിയുടെ ജൂറിസ്ഡിക്ഷനിലേക്ക് ആ കേസ് എത്തിച്ചതിന്റെ രീതി മാത്രം ചിന്തിച്ചാൽ മതി. എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നും പാറശാലയിലേക്ക് വരാൻ പോലീസുകാർക്ക് ഇന്നോവ കാർ ബുക്ക് ചെയ്തതിന്റെയും പോലീസുകാർ തിരുവനന്തപുരത്ത് താമസിച്ചതിന്റെ ഹോട്ടൽ ബിൽ അടച്ചതിന്റെയും പണം വന്ന വഴിയും പോലീസുകാർക്ക് ഒപ്പമുണ്ടായിരുന്ന ഗുണ്ടകൾ ആരായിരുന്നു എന്നതും അന്വേഷിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. മാധ്യമങ്ങളിൽ ആസൂത്രിതമായി ഒരു കള്ളവാർത്ത പ്രചരിപ്പിച്ചിട്ടായിരുന്നു എന്റെ അറസ്റ്റ്. ആരും അറിയാതെ എന്നെ പിടിച്ചുകൊണ്ടു പോയി ഇല്ലാതാക്കാൻ ആയിരുന്നു പദ്ധതി.

എന്നാൽ ഇയാൾ സ്വപ്നം കാണാത്ത രീതിയിൽ എന്റെ അറസ്റ്റ് മാധ്യമങ്ങളിൽ തത്സമയം വരുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തതോടെ അതിൽ പങ്കാളികളായ മുഴുവൻ പോലീസുകാർക്കും കേരളത്തിന്റെ ആഭ്യന്തരവകുപ്പിനും കേരളം ഭരിക്കുന്ന കമ്യുണിസ്റ്റ് പാർട്ടിക്കും അതിൽ നിന്ന് തലയൂരാനാവാത്ത അവസ്ഥ വന്നു. ഇത് ഇയാൾക്ക് ഗുണകരമായി വരികയും ചെയ്തു. ആ കേസിൽ അന്വേഷണം നടക്കില്ല എന്നുറപ്പിക്കാനുള്ള ബാധ്യത ഇയാളെക്കാൾ പോലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായി. ഞാനും മഞ്ജു വാര്യരും തമ്മിൽ കാണരുത് എന്ന ഇയാളുടെ ആവശ്യം ഇതേ കാരണം കൊണ്ടുതന്നെ പോലീസിന്റെയും കമ്യുണിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെയും കൂടി ആവശ്യമായി.

ഞാൻ മഞ്ജു വാര്യരുടെ സംഭാഷണം പുറത്തു വിട്ടപ്പോൾ തങ്ങൾ ചെന്നുപെട്ടിട്ടുള്ള കെണി എന്താണെന്ന് കമ്യുണിസ്റ്റ് പാർട്ടിക്ക് മനസിലായിട്ടുണ്ട് എന്നാണ് എനിക്ക് എന്റെ പോസ്റ്റിനടിയിൽ വരുന്ന കമെന്റുകളിൽ നിന്ന് മനസിലായിട്ടുള്ളത്. അതുവരെ എനിക്കെതിരെയുള്ള അധിക്ഷേപവർഷത്തിൽ തുല്യ പങ്കുവഹിച്ചിരുന്ന കമ്മി കമന്റ് തൊഴിലാളികൾ ഇപ്പോൾ നിശബ്ദരാണ്. ഇപ്പോൾ രംഗത്തുള്ളത് ഇയാളുടെ അധോലോക പിആർ ടീമിലെ മുഖംമൂടികൾ മാത്രമാണ്. എനിക്കെതിരെ തുടർച്ചയായുണ്ടായ കള്ളക്കേസിൽ മഞ്ജുവാര്യരുടെ മൊഴി ഉണ്ടാവാതിരിക്കേണ്ടത് ഇയാളുടെയും ഇയാൾക്ക് പിണിയാളായി പവർത്തിച്ച കുറെ പോലീസുകാരുടെയും ബിനീഷ് ചന്ദ്രൻ എന്ന ക്രിമിനലിന്റെയും നിലനിൽപ്പിന്റെ പ്രശ്നമാണിപ്പോൾ.

മഞ്ജു വാര്യർ മിണ്ടില്ല എന്നുറപ്പിക്കാൻ എന്തും ചെയ്യും എന്ന അവസ്ഥയിൽ ഈ ക്രിമിനൽ ചങ്ങല എത്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് മഞ്ജു വാര്യർ മൗനം പാലിക്കുന്നതും. അവൾ മൗനം വെടിഞ്ഞാൽ ഞങ്ങൾ പരസ്പരം കാണാത്ത രീതിയിൽ ഞങ്ങളിലൊരാളെ കൊന്നുകളയും എന്ന ഭീഷണി ശക്തമായതിനാലാണ് ഞങ്ങൾ തമ്മിൽ കാണുംവരെ മൗനം പാലിക്കും എന്ന തീരുമാനത്തിലേക്ക് അവൾ എത്തിയിട്ടുള്ളത്.

പരസ്പരം കാണാനുള്ള ശ്രമങ്ങൾ പലതവണ ഉണ്ടായെങ്കിലും എല്ലാം പാതിവഴിയിൽ പൊളിച്ചെറിയപ്പെട്ടു. ഏറ്റവും ഒടുവിൽ ഞങ്ങൾ കാണാൻ ശ്രമിച്ചത് മഞ്ജു വാര്യർ കഴിഞ്ഞമാസം അമേരിക്കയിൽ വന്നപ്പോഴായിരുന്നു. അത് മറ്റൊരു നീണ്ടകഥയാണ്. പിന്നീട് എഴുതാം. മഞ്ജുവാര്യർ സത്യം പറഞ്ഞാൽ കൊല്ലപ്പെടുന്നത് ഞാനാണെങ്കിലും അവളാണെങ്കിലും ആ മരണം സത്യം പുറത്തുവരാതെ അഴുകി ജീവിച്ചു മരിക്കുന്നതിനേക്കാൾ നല്ലതാണെന്നു ഞാൻ കരുതുന്നു. അത്യന്തം ഹീനമായ പ്രോപഗണ്ടകൾ സൃഷ്ടിച്ചുകൊണ്ട് കലാകാരനെന്ന മുഖം മൂടിയണിഞ്ഞുകൊണ്ട് ഈ ക്രിമിനലിന് ഒരു സമൂഹത്തെ തുടർച്ചയായി മാനിപുലേറ്റ് ചെയ്യാനും സ്ത്രീജീവിതങ്ങളെ പിച്ചിച്ചീന്താനും അവസരമുണ്ടാക്കുന്നതിലും ഭേദം മരണം കൊണ്ട് ഇയാളെ തുറന്നു കാണിക്കുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

പണം വാരിയെറിഞ്ഞാൽ ഏത് പച്ചനുണയും സത്യമാക്കി അവതരിപ്പിച്ച് വിജയിപ്പിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് കേരളം എന്നതുകൊണ്ട് എനിക്ക് കേരളത്തിലെ ജനങ്ങൾ ഞാൻ ജീവിച്ചിരിക്കുമ്പോൾ പറയുന്നത് ശ്രദ്ധിക്കുമെന്ന് യാതൊരു വിശ്വാസവുമില്ല. അതുകൊണ്ട് തന്നെ സത്യത്തിനു വേണ്ടി ജീവിക്കുക എന്ന എന്റെ വിശ്വാസപ്രമാണം സത്യത്തിനു വേണ്ടി മരിക്കാൻ തയാറാവുക എന്ന് ഞാൻ മാറ്റിയെഴുതിയിട്ട് കാലം കുറെയായി. മുന്നിലുള്ളത് ജീവിതമായാലും മരണമായാലും സത്യം ജയിക്കട്ടെ. ദയവായി, നീ സത്യം പറയുക! സത്യം പറഞ്ഞാൽ നമ്മുടെ ശവങ്ങളാണ് ബാക്കിയാവുന്നതെങ്കിൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടുള്ള നിലവിളികൾക്ക് മുന്നിൽ വായപൂട്ടിയിരിക്കുന്ന പ്രബുദ്ധകേരളം അത് തിന്നു തീർക്കാൻ വായ്‌തുറക്കട്ടെ!'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+