'മുണ്ടും തെറുത്ത് കുത്തി കാശുണ്ടെന്ന് ആക്രോശിക്കുന്നതാണോ ഹീറോയിസം'? ജോജുവിനെതിരെ സംവിധായകൻ
കൊച്ചി: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നില്ല. കൊച്ചിയിൽ റോഡ് തടഞ്ഞ് കൊണ്ട് ഇന്ധന വില വർധനവിന് എതിരെ പ്രതിഷേധിച്ച ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ അടക്കം വാദപ്രതിവാദങ്ങൾ തുടരുകയാണ്.
ജോജുവിന് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് താരങ്ങളും സംവിധായകരും അടക്കം രംഗത്ത് വന്നിരുന്നു. അതിനിടെ ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ഫേസ്ബുക്കിലാണ് ജോജുവിനെതിരെ സംവിധായകൻ രംഗത്ത് വന്നിരിക്കുന്നത്. ആലപ്പി അഷ്റഫിന്റെ പ്രതികരണം ഇങ്ങനെ: '' "നിൻ്റെ കൈയ്യിൽ കാശുണ്ട് ". ജോജുവിൻ്റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാൾ.

ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ.... പക്ഷേ ഒന്നു മറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. RTO ഓഫീസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്.

നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടൻ വിജയ് യെ നാം കണ്ടു പഠിക്കേണ്ടതുണ്ടു്. അദ്ദേഹം പെട്രോൾ വില വർദ്ധനവിനെതിരെ സൈക്കളിൽ നടത്തിയ പ്രതിഷേധ യാത്ര ആ നടൻ സമൂഹത്തോടുള്ള തൻ്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങൾ കർക്കിച്ച് തുപ്പരുത്''.

സമ്മിശ്ര പ്രതികരണങ്ങളാണ് ആലപ്പി അഷ്റഫിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള കമന്റുകളാണ് പോസ്റ്റിന് താഴെ ഉളളത്. ചില പ്രതികരണങ്ങൾ ഇങ്ങനെ:
*
'' കലാകാരമാർ കാര്യങ്ങളിൽ കുറേക്കൂടെ സംയമനത്തോടെ ഇടപെട്ടാൽ അത് യശസ്സ് വർധിപ്പിക്കും. നടൻ വിജയ് അതാണ് ചെയ്തത്''.
* '' 112 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ 68 രൂപ ആണ് പിണറായിയും മോദിയും കൂടി ഊറ്റുന്ന നികുതി. ഇത്രയും ഗതികെട്ട ജനത വേറെ ഉണ്ടോ..''
* ''ജോജു ഫാൻസുകാർക്ക് വിലവർദ്ധനവ് ബാധകമല്ല. ജീവിക്കാൻ സമ്മതിച്ചാൽ മതി. ലിറ്റർ ആയിരം രൂപ പെട്രോൾ വില ആയാലും. ജോജു ആണ് ഞങ്ങളുടെ അവസാനവാക്ക്''

* '' പൊതു ജനം എന്തു പിഴച്ചു ? അവരെ മനപ്പൂർവം ബുദ്ധിമുട്ടിച്ചാകരുത് ഒരു സമരവും. തമിഴ് നടൻ വിജൈയെ താങ്കൾ ഉദ്ധരിച്ചത് നന്നായി. പിന്നെ, ഇവിടെ ഒരു നിയമമുണ്ടെങ്കിൽ അത് അനുസരിക്കാൻ ഇവിടുത്തെഎല്ലാവരും ബാദ്ധ്യസ്ഥരാണ്. നിയമം കൈയിലെടുക്കുമ്പോൾ , നിയമപാലകർ നോക്കുകുത്തികളാകുമ്പോൾ വ്യക്തിത്വമുള്ളവർ പ്രതികരിക്കുക സ്വാഭാവികം. അതിനെതിരെ വൃത്തികെട്ട കള്ളക്കഥകൾ മെനഞ്ഞ് വായടപ്പിക്കാൻ സംഘടിത രാഷ്ട്രീയബല ഹുങ്കിന്റെ കാലമൊക്കെ പഴങ്കഥ. പുതിയ ഒരു തലമുറ വളർന്നു വരുന്നുണ്ട്. എല്ലാ രാഷ്ട്രീയ കോമരങ്ങൾക്കും ഇത് പാഠമാകട്ടെ...''

* ''ഇത്രയും ഗൗരവുമുള്ള ഒരു വിഷയത്തിലെ ജനകീയ പ്രക്ഷോഭത്തിനെതിരെ ജോജു ജോർജ് കാണിച്ച അസഹിഷ്ണുത ആർക്കു വേണ്ടിയാണ്. പൊരി വെയിലത്തു കുത്തിയിരുന്നു പ്രതിക്ഷേധിച്ച സാദാരണക്കാരനെ തെറി വിളിക്കുന്നതാണോ ജോജുവിന്റെ സമൂഹ്യ പ്രതിബദ്ധത? മാള സീറ്റ് കിട്ടാനായി കാട്ടിയ കോപ്രായം അല്ലാതെന്ത്? നാർക്കോട്ടിക് ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?''
* '' ജോജു പറഞ്ഞത് ഞാൻ പണിയെടുത്ത് ഉണ്ടാക്കിയ പൈസയാണ് എന്നാണ്, പണിയെടുത്തു പൈസ ഉണ്ടാക്കുന്നവർക്ക് അങ്ങനെയൊക്കെ പറയുന്നതിൽ തെറ്റില്ല''

* ''എന്റെ കൈൽ പണമുണ്ട് എന്ന് അഹങ്കാരത്തോടെ പറയുന്നവൻ പുതുപണക്കാരനാണ്. സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട ദുരഭിമാനി. അവൻ ആരാണ് ജോജു ഇൻഡ്യയിലെ ഏറ്റവും വില കുറഞ്ഞ ഭീരു''.
* '' ജനാധിപത്യം വളരുന്നതും തളരുന്നതും തെരുവുകളിലാണ്. പൗരബോധമുള്ള ഒരാൾക്കും അവകാശസമരങ്ങളെ തള്ളിപ്പറയാനാവില്ല. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം പ്രണവായുവിനെക്കാൾ വിലപ്പെട്ടതാണ്.നമ്മുടെ പൂർവപിതാക്കന്മാർ സമരം ചെയ്തും ജീവത്യാഗം ചെയ്തും നേടി തന്നതാണ് അത്''.

* '' ഇതേ വിജയ് തന്നെ ആഡംബര കാർ ഇറക്കുമതി ചെയ്യുമ്പോൾ നികുതിയിളവ് ചോദിച്ചു കോടതിയിൽ പോയതും, വയറ് നിറച്ചു വാങ്ങിച്ചതും നമ്മൾ കണ്ടു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d) പ്രകാരം എല്ലാ പൗരൻമാർക്കും സഞ്ചാരസ്വാതന്ത്ര്യം എന്നൊന്നുണ്ട്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷെ അത് മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാവരുത്. കർഷക സമരത്തിൻറെ കാര്യത്തിൽ ഇത് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. വഴി തടയുന്നത് ഏത് പാർട്ടിക്കാരായാലും തെറ്റ് തന്നെ. പിന്നെ ഇന്ധനവില നിർണ്ണയം ഇന്ധനകമ്പനികളെ ഏൽപ്പിച്ചിട്ടല്ല പ്രതിഷേധത്തിന് ഇറങ്ങേണ്ടത്''.

* '' ജോജു ചെയ്തത് തെറ്റോ ശെരിയോ അതല്ല ഇവിടത്തെ പ്രശ്നം... ഈ സമരം റോഡിൽ അല്ല ചെയ്യേണ്ടത് , പാർലമെന്റും, നിയമസഭയും കവാടങ്ങൾ ഉപരോധിച്ച് സമരം ചെയ്യു...അതാണു വേണ്ടത് ... അതിനു ജനം സപ്പോർട്ട് ചെയ്യും''
* '' നിങ്ങളിങ്ങനെ നാണംകെട്ട കോൺഗ്രസുകാരൻ ആവരുത്... ഏത് രാഷ്ട്രീയക്കാരും പൊതുവഴി അടച്ച് സമരം ചെയ്യുന്നത് പോക്രിത്തരം തന്നെയാണ്... പിന്നെ വിജയിനെ കണ്ടു പഠിക്കാൻ പറയുന്നു... ജോജു പ്രതിഷേധിക്കാൻ വേണ്ടി പോയതല്ലല്ലോ.... നാണമില്ലല്ലോ പോക്രിത്തരം ചെയ്തിട്ട് ന്യായീകരിക്കാൻ...''

* '' കാലി ചായ പോലും കുടിക്കാതെ ഒഴിഞ്ഞ വയറുമായി സമരമുഖതെത്തിയ പാവങ്ങളിൽ പാവമായ ആ പ്രതിനിധി മറ്റൊരാളുടെ വാഹനം തല്ലി തകർക്കാൻ പ്രാപ്തനായിരുന്നു. സമരത്തെ അല്ല സർ ഒരുപാട് പേരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമര രീതിയെ ആണ് എതിർത്ത്. അത് ഇപ്പൊ ഏത് രാഷ്ട്രീയ പക്ഷമാണെങ്കിലും എതിർക്കപ്പെടണം
* '' ജോജു 150 രൂപ ആയാലും ഞാൻ അടിച്ചോളാം എന്നു പറഞ്ഞത് അവൻ സമ്പന്നന്റെ പ്രതിനിധിയാണ്. സാദാരണപ്പെട്ടവന്റെ അവസ്ഥ അവനു അറിയേണ്ടതില്ല എന്നാണ് പറഞ്ഞതിന്റെ അർത്ഥം. ഈ പാവപ്പെട്ടവർ തീരുമാനിച്ചാൽ ജോജു നിന്റെ കാര്യത്തിലും ഒരു തീരുമാനമാകും''.












Click it and Unblock the Notifications