ആ ദിലീപ് സിനിമ കാണരുതെന്നാണ് ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞത്, പക്ഷെ ദിലീപ് പറഞ്ഞത്: അരുണ്‍ ഗോപി പറയുന്നു
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രം നവംബർ 10 ന് റിലീസ് ചെയ്യാന്‍ പോകുകയാണ്. ദിലീപ് മാസ് ആക്ഷന്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ ആരാധാകർക്കും പ്രേക്ഷകർക്കുമുള്ളത്. അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ബാന്ദ്ര. രാമലീലയായിരുന്നു ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതിന് ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു രാമലീല. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ആ സമയത്ത് വളരെ അധികം ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോയതെന്നാണ് അരുണ്‍ ഗോപി വ്യക്തമാക്കുന്നത്. ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ ദിവസങ്ങള്‍ എങ്ങനെയാണ് കടന്ന് പോയതെന്ന് എനിക്ക് ഇപ്പോള്‍ ഓർക്കാന്‍ പോലും കഴിയുന്നില്ല. എല്ലാ ദിവസവും ഒരോ പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു പക്ഷേ ദിലീപേട്ടന്‍ നേരിട്ടതിനേക്കാള്‍ വലിയ വലിയ പ്രശ്നങ്ങള്‍ ആ ദിവസങ്ങളില്‍ ഞാനും നേരിട്ടിട്ടുണ്ട്. നമ്മുടെ ജീവിതം പെട്ടെന്ന് ഒരു ദിവസം സ്റ്റക്ക് ആയി പോകുകയാണ്. മുന്നോട്ട് എന്തെന്ന് അറിയാത്ത ഒരു അവസ്ഥയായിരുന്നു. ഒരു ദിവസം നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ച് മൊത്ത് ഇരുട്ടായി എന്ന് പറയുന്നത് പോലത്തെ അവസ്ഥയായിരുന്നു അതെന്നും അരുണ്‍ ഗോപി പറയുന്നു.
മുന്നോട്ട് പോകുക എന്നതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. നിർമാതാവ്, കുടുംബം, സുഹൃത്തുക്കള്‍, സച്ചിയേട്ടന്‍ തുടങ്ങിയവരെല്ലാം വലിയ രീതിയില്‍ പിന്തുണച്ചു. ആ സിനിമയില്‍ എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു. ഒരു പക്ഷെ ആ സിനിമ റിലീസ് ചെയ്തതിന് ശേഷമായിരുന്നു അതൊക്കെ സംഭവിച്ചതെങ്കില്‍ എന്താകുമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അങ്ങനെയുണ്ടാകാതെ ഏറ്റവും മനോഹരമായ ഒരു ദിവസത്തിലേക്ക് ആ സിനിമയുടെ റിലീസിനെ കൊണ്ടെത്തിക്കാന്‍ സാഹചര്യവും പ്രകതിയും വഴിയൊരുക്കി.
കേരളത്തിലെ ജനതയോട് എനിക്ക് എപ്പോഴും നന്ദിയുണ്ട്. ആദ്യ ദിവസം പത്രത്തില്‍ എന്ത് ഹെഡ്ഡിങ് കൊടുക്കാമെന്ന് നിർമ്മാതാവ് ടോമിച്ചന്‍ ചോദിച്ചു. അതൊരു വലിയ ചോദ്യമായിരുന്നു. എല്ലാ ചാനലുകളും എല്ലാ ദിവസവും കീറിമുറിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. സെപ്റ്റംബർ 28 നാണ് റിലീസ്. അതിന് തലേദിവസത്തെ ചാനല്‍ ചർച്ചകളിലൊക്കെ ചോദിക്കുന്നത് നിങ്ങള്‍ രാമ ലീല കാണുമോ ഇല്ലയോ എന്നാണ്.
പ്രധാനപ്പെട്ട ചാനലുകളാണ് ഈ ചർച്ച നടത്തുന്നത്. 'കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായതുകൊണ്ട് തന്നെ നിങ്ങള്‍ രാമലീല' കാണരുതെന്ന് പറഞ്ഞുകൊണ്ടാണ് ഒരു അവതാരകന്‍ ചർച്ച അവസാനിക്കുന്നത്. ആ സാഹചര്യത്തിലാണ് 'സിനിമയെ സ്നേഹിക്കുന്നവരുടെ നാട്ടില്‍ നാളെ മുതല്‍ രാമലീല' എന്ന തലക്കെട്ടോടെ പിറ്റേ ദിവസത്തെ പത്രത്തില്‍ പരസ്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആ വിശ്വാസമാണ് സിനിമയെ രക്ഷിച്ചത്. ഒരു നല്ല സിനിമയെയാണ് നമ്മള്‍ നല്‍കുന്നതെങ്കില്‍ എന്ത് പ്രതിസന്ധി വന്നാലും അതിനെയെല്ലാം അതിജീവിക്കുമെന്നാണ് മനസ്സിലാക്കുന്നത്. ആദ്യ ദിവസത്തെ പ്രതികരണങ്ങളൊന്നും നമുക്ക് അങ്ങനെ വിശ്വസിക്കാന്‍ സാധിക്കില്ല. കലൂർ പള്ളിയില്‍ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ നല്ല റിപ്പോർട്ടുമായി കോളുകള്‍ വരികയാണ്. തുടർന്നുള്ള ദിവസങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ നമ്മുടെ സിനിമ വിജയിക്കുമെന്നായിരുന്നു ദിലീപ് പറഞ്ഞ്. റിലീസിന് മുന്നേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെ പറയണമെങ്കില്‍ അദ്ദേഹത്തില്‍ ഒരു നേര് ഉണ്ടായിരുന്നിരിക്കണം. ഈ വിഷയത്തില്‍ എന്റെ നിലപാടിലും വ്യത്യാസമൊന്നുമില്ലെന്നും അരുണ്‍ ഗോപി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications