ഓരോ സിനിമകള്‍ക്കും ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കുക ബുദ്ധിമുട്ടുള്ള കാര്യം: ബൈജു കൊട്ടാരക്കര
കൊച്ചി: ഒരേ സമയത്ത് മുപ്പതും നാല്‍പ്പതും മലയാള സിനിമകളാണ് കേരളത്തില്‍ ഷൂട്ടിംഗ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഓരോ സിനിമകള്‍ക്കും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. അടൂര്‍ ഗോലാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മലയാള സിനിമയില്‍ മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2018ല്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നേവരെയും പുറത്തുവിട്ടിട്ടില്ല. ഇത് ആരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത് പൂഴ്ത്തിവച്ചിരിക്കുന്നത്. അത് പുറത്തുവന്നാല്‍ ചിലര്‍ക്കൊക്കെ നാണക്കേടാണെന്ന ഒരു പരാമര്‍ശം കേട്ടു. ആര്‍ക്കാണ് നാണക്കേട്. തെറ്റ് ചെയ്തവനല്ലേ നാണക്കേടുള്ളൂ. മലയാള സിനിമയിലെ വലിയ കെമന്മാരായ 15ഓളം ആളുകളുടെ പേരുകള്‍ ജസ്റ്റിസ് ഹേമ കമ്മിഷനിലുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്തുകൊണ്ടാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഇനി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം, രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും വനിത കമ്മിഷന്റെ സ്ഥിരം സാന്നിദ്ധ്യവും ഡബ്ല്യുസിസി പോലുള്ള ഒരു സംഘടനയുടെ സാന്നിദ്ധ്യവും ഫെഫ്ക, മാക്ട തുടങ്ങിയ മലയാള സിനിമയിലെ രജിസ്‌ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു കമ്മിറ്റിയാണ് അഭികാമ്യമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

ഇത്രയും കാലം ഇവിടെ പീഡനമൊക്കെ നടത്തിയിരിക്കുന്നത് പ്രൊഡക്ഷന്‍ ബോയോ, നിത്യവൃത്തിക്ക് ചെലവിന് വരുന്ന യൂണിറ്റ് അംഗങ്ങള്‍ ഒന്നുമല്ലല്ലോ. അവരെല്ലാം നിത്യവൃത്തിക്ക് വേണ്ടി ജീവിക്കാന്‍ വരുന്ന ആളുകളാണ് സിനിമയില്‍. അവരെയാണ് ട്രേഡ് യൂണിയനുകളായി തിരിച്ച് പല യൂണിയനുകളും ഉണ്ടായിരിക്കുന്നത്. അവരൊന്നുമല്ല, പീഡിപ്പിക്കുന്നതും പീഡിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതും- ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ടും രംഗത്തെത്തി. നമ്മള്‍ പ്രയോഗികമായി ചിന്തിച്ച് കഴിഞ്ഞാല്‍, ചര്‍ച്ചകളില്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് വനിതകള്‍ക്ക് ശാരീരിക പീഡനവും മാനസിക പീഡനവും ഉണ്ടാകരുത്. അവരെ മാനസികമായ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. അവര്‍ക്ക് തൊഴിലിടങ്ങളില്‍ പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

ഒരു സിനിമ ഷൂട്ടിംഗ് എന്ന് പറഞ്ഞാല്‍ ഒരു ലൊക്കേഷനില്‍ മാത്രം ഒതുങ്ങുന്നതല്ല. ഓരോ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണ്. ഒരു സിനിമയ്ക്ക് പത്തും അമ്പതും ലൊക്കേഷനുകള്‍ ചെയ്ഞ്ച് ചെയ്യേണ്ടിവരും. ആ സമയത്ത് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഒരു കമ്മിറ്റി 20ഉം 25ഉം സ്ഥലത്ത് ഒരേ സമയം ഷൂട്ടിംഗ് നടത്തുമ്പോള്‍ 25 കമ്മിറ്റി വേണ്ടിവരും. അതൊന്നും പ്രായോഗികമല്ലെന്ന് സജി നന്ത്യാട്ട് പറയുന്നു. ഒരു പരാതിയുണ്ടെങ്കില്‍ പൊലീസ് എല്ലാ സ്ഥലത്തുമുണ്ട്. പരാതികളുണ്ടെങ്കില്‍ യൂണിറ്റില്‍ പറയാനും പൊലീസിലേക്ക് വിടണമെങ്കില്‍ അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.

അതേ സമയം, ഓരോ സിനിമ സെറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ചലച്ചിത്ര സംഘടനകളിലും ചിത്രീകരണ ലൊക്കേഷനുകളിലും പരാതി പരിഹാര സംവിധാനം വേണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് എം എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് 2018 ലാണ് ഡബ്ല്യു സി സി ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications