വിജയ് ബാബു ഒപ്പിക്കാന്‍ വേണ്ടി പലതും പറഞ്ഞ് കാണും: എല്ലാത്തിനും തയ്യാറായിട്ട് പീഡനക്കേസ്: ശാന്തിവിള ദിനേശ്
സംവിധായകനും നടനുമായ വിജയ് ബാബുവിനെ പീഡന പരാതി നല്‍കിയ നടിയെ അധിക്ഷേപിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ സിനിമയില്‍ താന്‍ പറയുന്നത് പോലെ അഭിനയിക്കാം, മോശമാണങ്കില്‍ എന്നെ ഒഴിവാക്കാം. പ്രതിഫലം തന്നില്ലെങ്കിലും എന്റെ ശരീരം ചോദിക്കരുതെന്ന് പറയാനുള്ള ആർജവം പെണ്‍കുട്ടിക്ക് ഉണ്ടാവണം. ഇത് ഇല്ലാതെ പോകുമ്പോഴാണ് ഞങ്ങള്‍ ചതിയില്‍പ്പെട്ടെന്ന ആരോപണങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറയുന്നു.
എം5 ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന ശാന്തിവിള ദിനേശ്. ആർക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിലും വനിത കമ്മീഷനിലുമൊക്കെ പരാതി കൊടുക്കാം. പക്ഷെ എല്ലാത്തിനും തയ്യാറായി ഒരു വർഷം നടന്നിട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വേഷം കിട്ടിയില്ലെങ്കില്‍ പീഡനക്കേസ് കൊടുക്കരുതെന്നും അദ്ദേഹം പറയുന്നു.

തുടർന്ന് വിജയ് ബാബുവിന്റെ കേസുകള്‍ പോലെയുള്ള കേസുകളാണോ ഉദ്ധേശിക്കുന്നതെന്ന ചോദ്യത്തിന് അതേയെന്നും ശാന്തിവിള ദിനേശ് ഉത്തരം നല്‍കുന്നു. ആ കേസില്‍ എല്ലാ തെളിവുകളും അദ്ദേഹത്തിന് അനുകൂലമാണ്. അയാള്‍ ഒരിക്കലും ആ കുട്ടിയെ തേടി പോയിട്ടില്ല. അയാളെ തേടി വരികയായിരുന്നു. അയാള്‍ ചെയ്ത ഒരു പടത്തില്‍ നായികയാക്കി. അടുത്ത പടത്തിലും നായികയാക്കുമെന്ന് വിചാരിക്കുകയോ, ഒപ്പിക്കാന്‍ വേണ്ടി ചിലപ്പോള്‍ ഞാന്‍ ഇനി ചാകുന്നത് വരെ നീയാണ് നായികയെന്നും പറഞ്ഞുകാണുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
തമ്മിലുള്ള ടേം ആന്‍ഡ് കണ്ടീഷന്‍സ് തെറ്റുമ്പോഴാണ് കേസ് കൊടുക്കുന്നത്. ആദ്യം വേണ്ടത് ഞാനൊരു പെണ്ണാണ് എന്നൊരു ആത്മധൈര്യമാണ്. പലരും എന്നോട് ചോദിക്കുന്നത് നിനക്കൊരു മകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇങ്ങനെ ദിലീപിനോടൊപ്പം നില്‍ക്കുമോയെന്നാണ്. എനിക്ക് മൂന്നര വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പലരും അമ്മയോട് വീണ്ടും വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടും അതിന് പോലും തയ്യാറാകാതെ ജീവിച്ച ഒരു അമ്മയുടെ മകനാണ് ഞാന്‍. അതുകൊണ്ട് തന്നെ സ്ത്രീകളെ നൂറ് ശതമാനവും ബഹുമാനിക്കുന്ന വ്യക്തിയാണ്.
ഞാന്‍ പറയുന്നത് നല്ല അർത്ഥത്തില്‍ എടുക്കുന്നവർ എടുക്കട്ടെ. അല്ല, അധമാനാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അങ്ങനെ വിശ്വസിക്കട്ടെ. എനിക്ക് യാതൊരു പ്രശ്നവുമില്ല. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ഉറക്കം വരും. പിന്നെ കട്ടില്‍ എടുത്തുകൊണ്ട് പോയാല്‍ പോലും അറിയാത്ത പോലെ ഉറങ്ങിപ്പോകും. തന്റ സമാധാനമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഒരു സംഘടനയിലും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സംസ്കാരിക ക്ഷേമനിധി ബോർഡ് ഡയറക്ടറായിരുന്നു. ആ പദവിയില്‍ ഇരുന്നുകൊണ്ട് അന്നത്തെ മന്ത്രിയായ എകെ ബാലനെ ഒരുപാട് വിമർശിച്ചിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ പദവിയില്‍ നിന്ന് രാജിവെച്ചാല്‍ മറ്റ് തരത്തിലുള്ള ചർച്ചകളും ഉയർന്ന് വരും. അതുകൊണ്ടാണ് അഞ്ച് വർഷം കഠിച്ച് പിടിച്ച് നിന്നത്.
രണ്ടാം പിണറായി സർക്കാർ വന്നപ്പോള്‍ പദവി ഒഴിഞ്ഞു. ഇപ്പോള്‍ സജി ചെറിയാന്‍ അടക്കും കാണിക്കുന്ന മണ്ടത്തരങ്ങളെ വിമർശിക്കാം. ഫെല്ലിനിയെയൊക്കെ പോലെയുള്ള ലോക സംവിധായകരില്‍ ഒരാളാണ് രഞ്ജിത്തെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഇതിനെയെല്ലാം വിമർശിക്കണമെങ്കില്‍ ഒരു സംഘടനയിലും അംഗമാകാതിരിക്കുന്നതാണ് നല്ലതെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications