ആദ്യകാല ഹിറ്റ് മേക്കര്‍ സംവിധായകന്‍ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു
തിരുവനന്തപുരം: മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായിരുന്ന ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. കെ വേലായുധന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 86 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച പകൽ രണ്ടു മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. മിടുമിടുക്കി ക്രോസ് ബൽറ്റ്, നാടൻ പ്രേമം, താമരത്തോണി, പട്ടാളം ജാനകി, നാരദൻ കേരളത്തിൽ, ദേവദാസ് ഉള്‍പ്പടെ നാല്‍പ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
1968 ല്‍ സത്യനെ നായികയാക്കി പുറത്തിറക്കിയ മിടുമിടുക്കിയിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. രണ്ടാമത്തെ ചിത്രമായിരുന്നു ക്രോസ് ബെല്‍റ്റ്. എൻ എൻ പിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് എന്‍എന്‍ പിള്ളതന്നെയായിരുന്നു. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ക്രോസ് ബെല്‍റ്റ് വന്‍ വിജയമായതോടെ ചിത്രത്തിന്റെ പേരും തന്റെ പേരോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

1990ല്‍ 'കമാന്‍ഡര്‍' എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്‌തത്. പ്രമുഖസംവിധായകൻ ജോഷി ആദ്യകാലത്ത് സംവിധാന സഹായിയായി ക്രോസ് ബെല്‍റ്റ് മണിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇരുപതോളം സിനിമകളിൽ ജോഷി മണിയുടെ സംവിധാനസഹായി ആയി. ജോഷി സംവിധാന സഹായിയായ നിന്ന ഏക സംവിധായകനും ക്രോസ് ബെല്‍റ്റ് മണിയായിരുന്നു. വലിയശാലയില്‍ മാദവൈവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22നായിരുന്നു ജനനം. ഇരണിയല്‍ ഭഗവതിമന്ദിരത്ത് ശ്രീമതിയമ്മയാണ് ഭാര്യ. മക്കള്‍ രൂപ, കൃഷ്ണകുമാര്‍












Click it and Unblock the Notifications