വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനിലയെ കുറിച്ച് മേജർ രവി, സുഖപ്രാപ്തി നേർന്ന് താരങ്ങൾ
കൊച്ചി: നടനും സംവിധായകനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മേജര്‍ രവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

'എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഒപ്പറേഷന്‍. എന്റെ എല്ലാ അഭ്യുദയകാക്ഷികള്‍ക്കും നന്ദി- മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, മേജര്‍ രവി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പ്രമുഖരാണ് സുഖപ്രാപ്തി നേര്‍ന്ന് കമന്റ് ചെയ്തത്.

ഇന്ത്യന്‍ ആര്‍മ്മിയിലെ ഉദ്യോഗസ്ഥനായ മേജര്‍ രവി 1990കളുടെ അവസാനത്തോടെയാണ് സിനിമ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലേക്ക് പ്രവേശിച്ച മേജര്‍ രവി പിന്നീട് പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി, കമലഹാസന്‍, മണിരത്‌നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പുനര്‍ജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തത്. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിട്ടുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത രണ്ട് സിനിമകളൊഴികെ ബാക്കി എല്ലാ സിനിമകളും സൈനിക പശ്ചാത്തലത്തിലുള്ളവയും സൈനിക പശ്ചാത്തലമുള്ള സിനിമകളിലെ നായകന്‍ മോഹന്‍ലാലുമാണ്.












Click it and Unblock the Notifications