കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ മുരളി നാഗവള്ളി (58) അന്തരിച്ചു. ആലപ്പുഴയിലെ രാമങ്കരിയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്‍ വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാക്കകുയില്‍, മേഘം, കാലാപാനി, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം, സര്‍വകലാശാല എന്നീ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. കാക്കകുയിലിന് കഥയും അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന് തിരക്കഥയും രചിച്ചിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനുമായി നല്ല സുഹൃത്ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.
അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രത്തിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അന്തരിച്ച നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ബന്ധുകൂടിയാണ് മുരളി നാഗവള്ളി. പരേതയായ ഗീത മുരളിയാണ് ഭാര്യ. മക്കള്‍: പാര്‍വതി, ഗോപീകൃഷ്ണന്‍