'സാധനം എവിടെ'? റൂമിലേക്ക് ഇരച്ച് കയറി വന്നു, അടിവസ്ത്രമടക്കം പരിശോധിച്ചു, പരാതി നൽകി സംവിധായകൻ
തിരുവനന്തപുരം: വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസുകാർ എന്ന് പറഞ്ഞ് എത്തിയവർ രണ്ട് മണിക്കൂറോളം തന്റെ താമസസ്ഥലത്ത് കടന്ന് കയറി പരിശോധിച്ചെന്ന് സംവിധായകൻ നജീം കോയ. തന്റെ അടിവസ്ത്രം അടക്കമുളള വലിച്ചുവാരി പരിശോധിച്ചുവെന്നും സംഘം ഒന്നും കിട്ടാതെ തിരിച്ച് പോയെന്നും സംവിധായകൻ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അടക്കം പരാതി നൽകിയിട്ടുണ്ടെന്ന് നജീം കോയ മനോരമ ന്യൂസിനോട് പറഞ്ഞു.
നജീം കോയയുടെ വാക്കുകള്‍ ഇങ്ങനെ: ''ഇന്നലെ രാത്രി 9.30- 10 മണിയോടെ ഷൂട്ടിംഗ് തീര്‍ന്നു റൂമില്‍ വന്നു. സ്‌പോട്ട് എഡിറ്ററെ വിളിച്ച് വരുത്തി ഷൂട്ട് ചെയ്തത് നോക്കുകയായിരുന്നു. പെട്ടെന്ന് റൂമിന് മുട്ടുന്നത് കേട്ടു. തുറന്നപ്പോള്‍ അവര്‍ റൂമിലേക്ക് കയറി പറഞ്ഞു ഐബിയാണ് എക്‌സൈസ് ആണ് സഹകരിച്ചേ പറ്റൂ എന്ന് പറഞ്ഞു. തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞ് അവര്‍ കയറി റൂം മുഴുവന്‍ അരിച്ച് പെറുക്കി.

താന്‍ ഇട്ട അടിവസ്ത്രം അടക്കം പരിശോധിച്ചു. സാധനം എടുക്ക് എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്ത് സാധനമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അത് ഞങ്ങള്‍ തപ്പിക്കൊളളാം എന്ന് പറഞ്ഞു രണ്ട് മണിക്കൂറോളം പരിശോധിച്ചു. അവര്‍ എന്തെങ്കിലും റൂമില്‍ വെച്ച് തന്നെ പെടുത്തുമോ എന്നുളള ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് കാരണം അവര്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിന് അനുസരിച്ച് താനും മാറിക്കൊണ്ടിരുന്നു.
മൂന്ന് പേര് ബാത്ത് റൂമില്‍ കയറി. താന്‍ കൊട്ടുമ്പോള്‍ തുറക്കാമെന്ന് പറയും. ബെഡ്ഡൊക്കെ വലിച്ച് താഴെ ഇട്ടു. ബാഗൊക്കെ മുഴുവന്‍ കുടഞ്ഞിട്ടു. സോക്‌സിനുളളിലൊക്കെ കയ്യിട്ട് നോക്കി. താമസിക്കുന്ന ഹോട്ടലില്‍ സിനിമയുടെ ക്രൂ ഉണ്ട്. ഇവരുടെ ആരുടെ അടുത്തും പോകാതെ തന്റെ അടുത്ത് തന്നെ വരാനുളള കാരണം എന്താണെന്ന് ചോദിച്ചു. അപ്പോള്‍ പറഞ്ഞു നിങ്ങളുടെ പേര് പറഞ്ഞ് ഇന്‍ഫര്‍മേഷന്‍ വന്നു എന്ന്. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.
അവസാനം റൂമില്‍ നിന്ന് ഒന്നും കിട്ടിയില്ല എന്ന് എഴുതിത്തന്ന് സോറിയും പറഞ്ഞിട്ട് പോയി. രണ്ട് മണിക്കൂര്‍ തന്നെ കഷ്ടപ്പെടുത്തി, മാനസികമായി ബുദ്ധിമുട്ടിച്ചിട്ട് ഒരു സോറിയും പറഞ്ഞിട്ട് പോയി. ഷൂട്ട് കഴിഞ്ഞ് വന്ന് തളര്‍ന്നിരിക്കുകയായിരുന്നു താന്‍. അവര്‍ തിരുവനന്തപുരത്ത് നിന്ന് വന്നു എന്നാണ് പറഞ്ഞത്. ഒപ്പം ഈരാറ്റുപേട്ട പോലീസും ഉണ്ടായിരുന്നു''. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് നജീം കോയ പറഞ്ഞു.
''ഫെഫ്കയ്ക്കും പരാതി കൊടുത്തിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ മുഖേനയാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. ഇങ്ങനുളള വിഷയങ്ങളില്‍ ഒരു പെറ്റി കേസ് പോലും തന്റെ പേരിലില്ല. പിന്നെ എങ്ങനെയാണ് തന്നെ ടാര്‍ജറ്റ് ചെയ്തിട്ട് വരുന്നത്. ടെക്‌നീഷ്യന്‍മാരുടെ പേരില്‍ ഇതുവരെ സിനിമയ്ക്ക് പ്രശ്‌നമുണ്ടായിട്ടില്ല. ആര്‍ട്ടിസ്റ്റുകള്‍ അല്ലാതെ''. ടെക്‌നീഷ്യന്‍മാരും ഇത്തരത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം ആണോ എന്ന് അറിയില്ലെന്നും നജീം കോയ പറഞ്ഞു.












Click it and Unblock the Notifications