'കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍', ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് പ്രിയദർശൻ
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖല കൊവിഡ് കാലത്ത് ലോകമെമ്പാട് നിന്നും കയ്യടി നേടുകയാണ്. ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനവും കേരളം ആയിരുന്നു. എന്നാല്‍ കണക്കുകള്‍ പ്രകാരം മരണനിരക്ക് ഏറ്റവും കുറവുളളതും കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുതല്‍ ഉളളതുമായ സംസ്ഥാനം ഇന്ന് കേരളമാണ്.
കേരള മോഡല്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും അടക്കം വിദഗ്ധരെത്തുന്നു. കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും നയിക്കുന്ന ഭരണ നേതൃത്വമാണ്. പിണറായിയുടെ കൊവിഡ് കാലത്തെ നേതൃത്വം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
സംവിധായകന്‍ പ്രിയദര്‍ശന്‍ ആരോഗ്യമന്ത്രിയെ പ്രശംസിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ആണ് ശൈലജ ടീച്ചര്‍ എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. ശ്രീമതി കെകെ ശൈലജ ടീച്ചര്‍ നിരവധി പേര്‍ക്ക് ഒരു പ്രചോദനമാണ്. നമ്മുടെ പൗരന്മാരെ സംരക്ഷിക്കാനുളള താങ്കളുടെ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ശൈലജ ടീച്ചറുടെ ചിത്രവും പ്രിയദര്‍ശന്‍ പങ്ക് വെച്ചിട്ടുണ്ട്.

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ എന്ന നഴ്‌സ് ലോകത്ത് തന്നെ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമാണ്. വിളക്കേന്തിയ വനിത എന്നാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അറിയപ്പെടുന്നത്. ഇവരുമായാണ് പ്രിയദര്‍ശന്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ താരതമ്യം ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ഇടപെടലുകളെ കുറിച്ച് ദിനംപ്രതി വാര്‍ത്തകള്‍ വരുന്നുണ്ട്.
തിരുവനന്തപുരം പുലകില്‍കോണത്തെ രോഗിയായ വീട്ടമ്മയ്ക്ക് ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് മരുന്ന് എത്തി. കൊച്ചിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ആണ് തിരുവനന്തപുരത്തേക്ക് ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചത്. ഹൃദ്രോഗിയായ ഗിരിജാ കുമാരിക്കാന്‍ മരുന്നിന് വേണ്ടി ബന്ധുക്കള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത് . തുടര്‍ന്നാണ് കൊച്ചിയില്‍ നിന്ന് മരുന്ന് എത്തിക്കാനുളള നടപടി ഉണ്ടാക്കിയത്.












Click it and Unblock the Notifications