ലഹരിക്കേസ്; സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍; നടപടി ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍
കൊച്ചി: ലഹരിക്കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. സംവിധായകരായ അഷ്‌റഫ് ഹംസയും ഖാലിദ് റഹ്‌മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിലാണിപ്പോള്‍ സമീര്‍ താഹിറിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛായാഗ്രാഹകന്‍ കൂടിയാണ് സമീര്‍ താഹിര്‍.
കൊച്ചി ഗോശ്രീ പാലത്തിനു സമീപമാണ് സമീര്‍ താഹിര്‍ താമസിക്കുന്ന ഫ്‌ളാറ്റ്. ഇവിടെ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എക്സൈസ് മിന്നല്‍ പരിശോധന നടത്തിയത്. സംവിധായകരടക്കം മൂന്നു പേരാണ് അന്ന് പിടിയിലായത്.

1.6 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സമീര്‍ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ഫ്‌ളാറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു സമീര്‍ താഹിര്‍ എക്‌സൈസിന് നല്‍കിയ മൊഴി. അതേസമയം, പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്സൈസ് അറിയിച്ചു.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.












Click it and Unblock the Notifications