കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐയിലും എബിവിപിയിലും, വാജ്പേയിയോട് ആരാധന മൂലം ബിജെപിക്ക് വോട്ട് തേടിയെന്ന് സനൽ കുമാർ ശശിധരൻ

Google Oneindia Malayalam News

തന്റെ രാഷ്ട്രീയം എന്തെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞ് സംവിധായകൻ സനൽ കുമാർ ശശിധരൻ. സ്കൂളിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ആയിരുന്ന താൻ പിന്നീട് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയിൽ ചേർന്നതായി സനൽ കുമാർ ശശിധരൻ പറഞ്ഞു. വാജ്പേയിയോടുളള ആരാധന കാരണം ബിജെപിയ്ക്ക് വേണ്ടി വോട്ടു ചോദിക്കാനിറങ്ങിയിട്ടുണ്ട് എന്നും സനൽ കുമാർ ശശിധരൻ പറയുന്നു.

സംഘി വിളികളുമായി കുറെ പേരെത്തും

സംഘി വിളികളുമായി കുറെ പേരെത്തും

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' എന്റെ പഴയ എബിവിപി രാഷ്ട്രീയ പശ്ചാത്തലത്തെ ബന്ധിപ്പിച്ചു കൊണ്ട് എന്തെഴുതിയാലും സംഘി വിളികളുമായി കുറെ പേരെത്തും. പലർക്കും രാഷ്ട്രീയ വിശ്വാസം മതവിശ്വാസം പോലെ കുടുംബത്തിൽ നിന്ന് പകർന്ന് കിട്ടുന്ന ഒന്നാണ് എന്നെനിക്കറിയാം. ബഹുഭൂരിപക്ഷത്തിനും അതുകൊണ്ടാണ് പ്രത്യയശാസ്ത്ര വ്യതിയാനത്തെ കുറിച്ചു വിമർശിക്കുമ്പോൾ ഇളിച്ചുകാട്ടാൻ കഴിയുന്നത്. അവർക്ക് രാഷ്ട്രീയം എന്നാൽ എന്ത് കുതന്ത്രങ്ങളിലൂടെയായാലും എന്ത് അധാർമികതയിലൂടെ ആയാലും തങ്ങൾ അന്ധമായി വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷി അധികാരം പിടിക്കുന്നതിന് കൂട്ട് നിൽക്കുക എന്നത് മാത്രമാണ്.

എസ്എഫ്ഐ സ്ഥാനാർത്ഥിയായി

എസ്എഫ്ഐ സ്ഥാനാർത്ഥിയായി

ഫെറമോണുകൾ നിയന്ത്രിക്കുന്ന കടന്നലുകളെപ്പോലെ തലച്ചോർ പ്രവർത്തിക്കാത്ത ചാവേറുകളാണവർ. എന്നാൽ എന്റെ രാഷ്ട്രീയം അങ്ങനെ ഉണ്ടായ ഒന്നല്ല. ആദ്യമായി ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തനത്തിൽ ഭാഗഭാക്കാവുന്നത് മാരായമുട്ടം ഗവണ്മെന്റ് ഹൈസ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്‌കൂൾ ഇലക്ഷനിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായി ക്ലാസിനെ പ്രതിനിധീകരിക്കാൻ മത്സരിച്ചു ജയിച്ചു. ചുവന്ന പ്ലാസ്റ്റിക് മാലകളുമിട്ട് രണ്ടു കിലോമീറ്റർ നടന്നു വീട്ടിലെത്തുമ്പോൾ ഞങ്ങളുടെ വീടുപണി നടക്കുന്നു.

എബിവിപിയിൽ കുറച്ചു നാളുകൾ

എബിവിപിയിൽ കുറച്ചു നാളുകൾ

കട്ടകെട്ടുന്ന ജോലിക്കാർ ചോദിച്ചു നിനക്ക് കമ്യൂണിസ്റ്റ് എന്നുവച്ചാൽ എന്താണെന്നറിയാമോ? അറിയില്ല എന്ന ഉത്തരം ഞാൻ മറച്ചു വെച്ചുമില്ല. അറിയാനുള്ള ശ്രമം തുടങ്ങി. അക്രമവും ഭീഷണിപ്പെടുത്തലും കൊണ്ടുണ്ടാക്കുന്ന ഏകാഭിപ്രായമല്ല അതെന്ന മനസിലാക്കൽ എന്റെ രാഷ്ട്രീയം മാറ്റി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എബിവിപിയിൽ കുറച്ചു നാളുകൾ പ്രവർത്തിച്ചു. എബിവിപി യൂണിറ്റ് തുടങ്ങുന്നത് അക്കാലത്തായിരുന്നു. പ്രീഡിഗ്രിക്കാലം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലായിരുന്നു.

ഭയാനകമായ സംഘട്ടനങ്ങൾ

ഭയാനകമായ സംഘട്ടനങ്ങൾ

എബിവിപിയും എസ്എഫ്ഐയും തമ്മിലുള്ള ഭയാനകമായ സംഘട്ടനങ്ങളായിരുന്നു അവിടെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയം അതല്ലാത്തതു കൊണ്ട് ഞാനും അനിൽ എന്നൊരു സുഹൃത്തും ചേർന്ന് സോപ്പ് (സ്റ്റുഡന്റസ് അസോസിയേഷൻ എഗെയ്ൻസ്റ്റ് പൊളിറ്റിക്സ് ) എന്ന അരാഷ്ട്രീയ സംഘടന ഉണ്ടാക്കി. മൂന്നാം ദിവസം ക്ലാസ് കാമ്പെയിൻ കഴിഞ്ഞപ്പോൾ എസ്എഫ്ഐ ചേട്ടന്മാർ ഭീഷണിപ്പെടുത്തിയതോടെ അത് അവസാനിച്ചു. ധനുവച്ചപുരം വേലുത്തമ്പി മെമ്മോറിയൽ എൻഎസ്എസ് കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോഴാണ് എനിക്ക്‌ സന്തോഷം തരുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാവുന്നത്.

കലയാണ് എന്റെ രാഷ്ട്രീയം

കലയാണ് എന്റെ രാഷ്ട്രീയം

കലാ സാഹിത്യമേഖലയിൽ തല്പരരായ ഏതാനും സുഹൃത്തുക്കളോടൊപ്പം സാറ്റ (സ്റ്റുഡന്റസ് അസോസിയേഷൻ ഫോർ തിയേറ്റർ ആർട്ട്സ്) സോപാനം എന്നപേരിൽ രൂപീകരിച്ച സാഹിത്യ സംഘടന എന്നിവയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ കലയാണ് എന്റെ രാഷ്ട്രീയം എന്നെനിക് തോന്നി. അക്കാലത്തു കാമ്പസ് ഒന്നടങ്കം പിടിക്കാൻ തുടങ്ങിയിരുന്ന എബിവിപി പ്രവർത്തകരുടെ കണ്ണിലെ കരടായിരുന്നു ഞങ്ങൾ. അവരുടെ രാഷ്ട്രീയം കുത്തിചെലുത്താൻ അവസരം കൊടുക്കാതിരുന്നതായിരുന്നു കാരണം.

സംഘടന വിട്ടു

സംഘടന വിട്ടു

ഗവണ്മെൻറ് ലോകോളേജിൽ LLB ക്ക്‌ ചേർന്നപ്പോൾ എബിവിപിയുടെ സാംസ്കാരിക സംഘടനയായ കലാക്ഷേത്രയിൽ പ്രവർത്തിക്കാൻ തുടങ്ങി. എസ്എഫ്ഐ സുഹൃത്തുക്കളുടെ ഭീഷണികളുടെ പ്രോത്സാഹനം വിരലിലെണ്ണാവുന്ന സംഘടനാബലമുള്ള പ്രസ്ഥാനത്തിന്റെ യൂണിറ്റ് സെക്രട്ടറിയാക്കി. എസ്എഫ്ഐകാരനായ ഒരു സുഹൃത്തിനെ വീടുകയറി തല്ലാനുള്ള പദ്ധതിക്ക് കൂട്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് സംഘടന വിട്ടു. ഇതിനിടയ്ക്ക് കുറച്ചുകാലം നാട്ടിൽ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ യൂണിറ്റ് തുടങ്ങി അതിലും പ്രവർത്തിച്ചു.

ബിജെപിയ്ക്ക് വേണ്ടി വോട്ടുചോദിക്കാനിറങ്ങി

ബിജെപിയ്ക്ക് വേണ്ടി വോട്ടുചോദിക്കാനിറങ്ങി

അടൽ ബിഹാരി ബാജ്‌പേയിയോടുള്ള ആരാധനകൊണ്ട് ബിജെപിയ്ക്ക് വേണ്ടി വോട്ടുചോദിക്കാനിറങ്ങിയിട്ടുണ്ട്. അവഗണിക്കപ്പെട്ടു കിടന്ന ഞങ്ങളുടെ കുഗ്രാമത്തിൽ നാട്ടുകാർക്കൊപ്പം വഴിവെട്ടാനിറങ്ങിയപ്പോൾ ബിജെപിക്കാർ എതിരായപ്പോൾ സിപിഎമ്മിൽ ചേർന്നു. ഇപ്പോഴും കാണും പെരുങ്കടവിള എൽസി ഓഫീസിലെ കടലാസ്സിൽ എന്റെ പേര്. അതും നീണ്ടുനിന്നില്ല. ജനകീയാസൂത്രണ കാലത്ത് ഡിആർപിയായും കുറച്ചുനാൾ പ്രവർത്തിച്ചു. അക്കാലത്ത് റോഡുണ്ടാക്കാൻ എന്ന പേരിൽ ഒരു വമ്പൻ ആഞ്ഞിലി ആരുമറിയാതെ മുറിച്ചു വിറ്റ വാർഡ് മെമ്പർക്കെതിരെ പരാതികൊടുത്തപ്പോൾ പാർട്ടിയും മെമ്പറും ഇടഞ്ഞു.

നിങ്ങൾ ഒന്ന് തിരിഞ്ഞു നോക്കാമോ

നിങ്ങൾ ഒന്ന് തിരിഞ്ഞു നോക്കാമോ

പിന്നെ പ്രണയവും വിവാഹവും സിനിമയും പ്രാരാബ്ധവുമായി. ഇതിനിടയിലും കാഴ്ച ചലച്ചിത്രവേദിയുണ്ടാക്കി. അതിന്റെ പേരിൽ സിനിമയുണ്ടാക്കി. ഒഴിവുദിവസത്തെ കളിയും സെക്സിദുർഗയും ഉന്മാദിയുടെ മരണവും ഉണ്ടായി. നിമാവണ്ടിയുണ്ടാക്കി. സംഭവബഹുലമായ ഒരു (അ)രാഷ്ട്രീയ ജീവിതം എന്ന് വേണമെങ്കിൽ പറയാം. പക്ഷെ എന്ത് തന്നെയായാലും തെറിവിളികൾ കാണുമ്പോൾ ഞാൻ വെറുതെ തിരിഞ്ഞു നോക്കും. എന്റെ രാഷ്ട്രീയത്തെ കുറിച്ചു മുരളുന്ന മരമണ്ടൻ അടിമകളെ ഓർത്തു വെറുതെ ചിരിക്കും. ഞാൻ നടന്ന വഴികൾ എന്റെ അഭിമാനമാണ്. നിങ്ങൾ ഒന്ന് തിരിഞ്ഞു നോക്കാമോ? ഇതിനടിയിലും കുറെ പോങ്ങൻമാർ വന്നു തെറിയെഴുതും. നായകൾക്ക് മൂത്രം വഴികാട്ടിയാവുന്നപോലെ അവർക്ക് തെറിയാണ് അടയാളം!''

English summary
Director Sanal Kumar Sasidharan reveals his political background
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X