കലാഭവൻ മണിയുടെ നായിക ആകില്ലെന്ന് പറഞ്ഞ നടി ദിവ്യ ഉണ്ണി അല്ല, ആ നായിക 'വാസന്തിയും ലക്ഷ്മി'ക്കും വേണ്ടി: വിനയൻ
നിറത്തിന്റെ പേരിൽ നായിക ആകാനില്ലെന്ന് പറഞ്ഞ് കലാഭവൻ മണിയെ ഒരു നടി അപമാനിച്ചുവെന്ന കഥ ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. ഈ നടി ദിവ്യ ഉണ്ണി ആണെന്നും പ്രചാരണം നടന്നിരുന്നു. ഇതിന്റെ പേരിൽ ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷമായ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തു. വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം അടക്കമുളള ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കലാഭവൻ മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ ആ നടി ദിവ്യ ഉണ്ണി അല്ലെന്നാണ് വിനയൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കല്യാണ സൗഗന്ധികം സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ കമന്റ് ബോക്സിലാണ് ഈ സംഭവത്തെ കുറിച്ച് ചോദ്യം ഉയർന്നത്. അതിന് മറുപടിയായാണ് വിനയന്റെ വെളിപ്പെടുത്തൽ.
കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻസാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ? എന്നായിരുന്നു ആ കമന്റ്. വിനയൻ നൽകിയ മറുപടി ഇങ്ങനെ: അത് ഈ സിനിമ അല്ല.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്... ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.

ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു.. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു.. കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു..
വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..''
കല്യാണ സൗഗന്ധികം സിനിമയെ കുറിച്ച് വിനയന്റെ വാക്കുകൾ ഇങ്ങനെ: 1996 ഒക്ടോബറിലാണ് കല്യാണസൌഗന്ധികം തീയറ്ററുകളിൽ എത്തിയത്... ഞാൻ സംവിധാനം ചെയ്ത കോമഡി ഫിലിമുകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്.. സല്ലാപത്തിനു ശേഷം ദിലീപ് സോളോ ഹീറോ ആകുന്ന ആദ്യ ചിത്രം.. ഒൻപതാം ക്ലാസ്സുകാരിയായ ദിവ്യ ഉണ്ണി ആദ്യമായി നായികയായ ചിത്രം.. അന്തരിച്ച കാസിം വെങ്ങോല ആയിരുന്നു നിർമ്മാതാവ്. പള്ളാശ്ശേരി തിരക്കഥ എഴുതി,സെൻട്രൽ പിക്ചേഴ്സ് ഡിസ്ട്രിബൂട്ട് ചെയ്തു. ഒരു കൊച്ചു സിനിമ എന്ന രീതിയിൽ റിലീസു ചെയ്ത സിനിമ വലിയ ഹിറ്റായി മാറി..












Click it and Unblock the Notifications