പ്രമുഖ സംവിധായകന്‍ വിനു അന്തരിച്ചു: ജയറാമിന് ഹിറ്റുകള്‍ സമ്മാനിച്ച കലാകാരന്‍
കോയമ്പത്തൂർ: പ്രമുഖ സംവിധായകന്‍ വിനു അന്തരിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സംവിധായകനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുരേഷ് - വിനു കൂട്ടുകെട്ടിലൂടെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കലാകാരനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ 'മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.

ജയറാം , ദിവ്യ ഉണ്ണി , മോഹിനി , ഇന്നസെന്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998 ല്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രവും സംവിധാനം ചെയ്തു. ജഗദീഷ്, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, ആതിര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഭർത്താവുദ്യോഗവും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ്.
2008ല്‍ കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം അസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ സംവിധായകന്‍ ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം.












Click it and Unblock the Notifications