കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവം; സമീർ താഹിറിനെ ചോദ്യം ചെയ്യാൻ പോലീസ്
കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായതിന് പിന്നാലെ സംവിധാകൻ സമീർ താഹിറിനെ വിളിപ്പിക്കാൻ എക്സൈസ് സംഘം. സമീറിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. ഈ സാഹചര്യത്തിലാണ് സമീറിനെ കൂടീ ചോദ്യം ചെയ്യാൻ എക്സൈസ് സംഘം ഒരുങ്ങുന്നത്.
അതേസമയം കഞ്ചാവുമായി പിടിയിലാതിന് പിന്നാലെ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെന്റ് ചെയ്തു. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് കൊച്ചിയിൽ ഫ്ലാറ്റിൽ വെച്ച് ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പ്രവാസിയെ അന്വേഷിച്ചതെത്തിയതായിരുന്നു സംഘം. എന്നാൽ ഫ്ലാറ്റിനുള്ളിൽ ഇരുവരേയും ലഹരിയുമായി കണ്ടെത്തുകയായിരുന്നു.

ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും എന്നാണ് എക്സൈസ് പറയുന്നത്. ചോദ്യം ചെയ്തപ്പോൾ മഞ്ഞുമ്മൽ ബോയ്സിൽ താൻ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇരുവരും വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് മനസിലാക്കാൻ സാധിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. അതേസമയം ആരാണ് ഇവർക്ക് കഞ്ചാവ് നൽകിയത് എന്നത് സംബന്ധിച്ച വിവരവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനാണ് ഇവർക്ക് കൈമാറിയത്. ലഹരി വിതരണം ചെയ്യുന്നത് ആരാണെന്നത് സംബന്ധിച്ച് സംവിധായകർക്ക് അറിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം കഞ്ചാവ് കുറഞ്ഞ അളവിൽ മാത്രമായിരുന്നു ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരേയും ജാമ്യത്തിൽ വിട്ടു. ലഹരി ഉപയോഗിച്ചതിന് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെയാണ് സിനിമ മേഖലയെ ഞെട്ടിച്ച് സംവിധായകർ കൂടി അറസ്റ്റിലായിരിക്കുന്നത്. താനും ശ്രീനാഥ് ഭാസിയും മാത്രമല്ല സിനിമയിലെ പലരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഷൈൻ പോലീസിനോട് പറഞ്ഞിരുന്നു.
അതിനിടെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷൈൻ ടോം ചാക്കോയേയും നടൻ ശ്രീനാഥ് ഭാസിയേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇരുവരേയും കൂടാതെ ബിഗ് ബോസ് താരം ജിന്റോയ്ക്കും ഒരു മോഡലിനും ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications