സി ദിവാകരന്‍ നിര്‍വ്വാഹക സമിതിയില്‍ നിന്ന് പുറത്തേക്ക്
ദില്ലി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തില്‍ സി ദിവാകരനെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. സി ദിവാകരനെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കാനാണ് സിപിഐ ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഇതിന്റെ പേരില്‍ രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാനസമിതി നടപടിയെടുത്തിരുന്നു.

സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ നിന്ന് സി ദിവാകരനെ സംസ്ഥാന സമിതിയിലേക്കും തരം താഴ്ത്തിയിരുന്നു. എന്നാല്‍ ഈ നടപടി സി ദിവാകരന്‍ അംഗീകരിച്ചിരുന്നില്ല. ദേശീയ നിര്‍വ്വാഹകസമിതി അംഗമായ തനിക്കെതിരെ സംസ്ഥാന സമിതിക്ക് നടപടിയെടുക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ ദിവസം ദില്ലിയില്‍ തുടങ്ങിയ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സി ദിവാകരന്‍ പങ്കെടുത്തിരുന്നില്ല. സ്ഥാനാര്‍ത്ഥി വിവാദമാണ് ഇതിന് പിന്നിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ദിവാകരന്‍ പങ്കെടുക്കാത്തതെന്ന് വിശദീകരണം വന്നു. സി ദിവാകരനെതിരെയുള്ള നടപടി ദേശീയ നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞിരുന്നത്.
യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് സി ദിവാകരന്‍ നിര്‍വ്വാഹക സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തും യോഗത്തില്‍ ചര്‍ച്ചയായി.
ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇപ്പോള്‍ സി ദിവാകരന്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications