കുഞ്ഞിന്റെ പേരിനെ ചൊല്ലി ദമ്പതിമാർ തമ്മിൽ തർക്കം... ഒടുവിൽ പേരിട്ടത് കേരള ഹൈക്കോടതി...
2010ൽ വിവാഹിതരായ ദമ്പതികളാണ് കുഞ്ഞിന്റെ പേരിടാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ചത്.
കൊച്ചി: അങ്ങനെ ചരിത്രത്തിലാദ്യമായി കുഞ്ഞിന് പേരിട്ട് കേരള ഹൈക്കോടതി. കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം കോടതിയിൽ എത്തിയതോടെയാണ് നാല് വയസുകാരന് പേരിട്ട് കേരള ഹൈക്കോടതി പ്രശ്നത്തിൽ പരിഹാരം കണ്ടെത്തിയത്.
2010ൽ വിവാഹിതരായ ദമ്പതികളാണ് കുഞ്ഞിന്റെ പേരിടാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ചത്. ഹിന്ദു മതവിശ്വാസിയായ ഭർത്താവും ക്രിസ്ത്യാനിയായ ഭാര്യയും ചേർന്നാണ് 2010ൽ ജനിച്ച ആദ്യത്തെ കുഞ്ഞിന് പേരിട്ടത്. എന്നാൽ 2013ൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ ദമ്പതികൾ തമ്മിൽ അകന്നിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേരിടൽ തർക്കം കോടതി കയറിയത്.

കുടുംബകോടതിയിൽ...
2013ൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളാവുകയും വിവാഹമോചന കേസ് കോടതിയിൽ എത്തുകയും ചെയ്തത്. അതിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ സ്കൂൾ പ്രവേശന സമയം അടുത്തതോടെയാണ് പേരിനെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്. അകന്നുനിൽക്കുന്ന അച്ഛനും അമ്മയും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി നഗരസഭയിൽ വെവ്വേറ അപേക്ഷകൾ നൽകിയിരുന്നു. രണ്ട് അപേക്ഷകളിലെ പേരുകളും വ്യത്യസ്തം. ഇതോടെ ജനന സർട്ടിഫിക്കറ്റ് നൽകേണ്ട നഗരസഭാ അധികൃതർ കുഴഞ്ഞു.

ഹൈക്കോടതിയിലേക്ക്...
അച്ഛനും അമ്മയും രമ്യതയിലെത്തി ഒരു പേര് ഉറപ്പിക്കാതെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്. എന്നാൽ പേരിന്റെ കാര്യത്തിൽ രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് പേരിടൽ തർക്കം ഹൈക്കോടതിയിൽ എത്തിയത്. അച്ഛനും അമ്മയും കുഞ്ഞിന്റെ പേരിനായി ഹൈക്കോടതിയിൽ വ്യത്യസ്ത ഹർജികൾ നൽകി.

പറഞ്ഞുറപ്പിച്ച പേര്...
കുഞ്ഞിന് ക്രൈസ്തവ ആചാരപ്രകാരം മാമോദീസ മുക്കിയതാണെന്നും, അതിനാൽ താൻ നിർദേശിച്ച പേരിടണമെന്നുമായിരുന്നു അമ്മയുടെ വാദം. എന്നാൽ മറ്റൊരു പേരിടാൻ നേരത്തെ ധാരണയിൽ എത്തിയിരുന്നുവെന്നും, കുട്ടിക്ക് ആ പേര് നൽകണമെന്നും അച്ഛനും വാദിച്ചു. ബാങ്ക് പാസ്ബുക്കിൽ ഉൾപ്പെടെ അവരവർ നിർദേശിച്ച പേരിലുള്ള രേഖകളും ഇരുവരും ഹാജരാക്കി. ഇതോടെയാണ് പ്രശ്നം ഗുരുതരമാണെന്ന് ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടത്.

പേരിടാൻ തീരുമാനം..
ജസ്റ്റിസ് എകെ ജയശങ്കരനാണ് പേരിടൽ തർക്ക ഹർജി പരിഗണിച്ചത്. ജനന സർട്ടിഫിക്കറ്റ് ഇല്ലാതെ കുഞ്ഞിന്റെ സ്കൂൾ പ്രവേശനം സാദ്ധ്യമാവാത്തതിനാൽ കുഞ്ഞിന് പേരിടണമെന്ന് കോടതി വ്യക്തമാക്കി. ഒടുവിൽ കോടതി തന്നെ കുഞ്ഞിന് പേരിടാനും തീരുമാനിച്ചു. ഇതോടെ അച്ഛനും അമ്മയും നിർദേശിച്ച രണ്ട് പേരുകളും പരിശോധിച്ച കോടതി, രണ്ട് പേരിൽ നിന്ന് ഓരോ ഭാഗങ്ങൾ ഒഴിവാക്കിയാണ് കുഞ്ഞിന് പേരിടാൻ തീരുമാനിച്ചത്.

ജോഹൻ സച്ചിൻ...
മൂന്നു ഭാഗങ്ങളുള്ള പേരാണ് അമ്മ നിർദേശിച്ചിരുന്നത്. അതിൽ നിന്ന് രണ്ട് ഭാഗം കോടതി ഒഴിവാക്കി. തുടർന്ന് അച്ഛൻ നിർദേശിച്ച രണ്ട് ഭാഗങ്ങളുള്ള പേരിലെ ആദ്യ ഭാഗവും ഒഴിവാക്കി. ഇതോടെ ഇത്രയുംനാൾ പേരില്ലാതെ കഴിഞ്ഞ ആൺകുട്ടിയ്ക്ക് ജോഹൻ സച്ചിൻ എന്ന് പേരായി. ഈ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞിന്റെ പേരിനെ ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ച ഹൈക്കോടതി മറ്റ് കുടുംബപ്രശ്നങ്ങളിൽ ഇടപെടില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications