'സുധാകരനുമായി തര്‍ക്കമുണ്ടായി, സംസാരിക്കാന്‍ വാശിപിടിച്ചു, പക്ഷെ..'; കാരണം പറഞ്ഞ് സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ മൈക്കിന് വേണ്ടി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ കോട്ടയം ഡി സി സി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.
ആദ്യം താന്‍ സംസാരിക്കാം എന്ന് പറഞ്ഞ് സതീശന്‍ മൈക്ക് നീക്കി വെക്കുന്നതും എന്നാല്‍ അതുവേണ്ട ഞാനല്ലെ കെപിസിസി പ്രസിഡന്റ് ഞാന്‍ പറയാം എന്ന് സുധാകരന്‍ പറയുന്നതുമായിരുന്നു സംഭവം. മുതിര്‍ന്ന നേതാക്കളായ കെ സി ജോസഫും തിരുവഞ്ചൂരും ഉള്ളപ്പോഴായിരുന്നു. പിന്നീട് സുധാകരന്‍ പറഞ്ഞോട്ടെ എന്ന ഭാവത്തില്‍ സതീശന്‍ മൈക്ക് നീക്കി വെക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ഇത് കൊണ്ടും അതൃപ്തി മാറാതെ സതീശന്‍ അടുത്തിരുന്ന കെസി ജോസഫിനോട് പുള്ളിക്ക് ആദ്യം സംസാരിക്കണമത്രേ, ഞാന്‍ സംസാരിക്കുന്നില്ല എന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. കൂടാതെ തനിക്ക് ഷാളും പൊന്നാടയും അണിയിക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അരിശത്തോടെ സതീശന്‍ പെരുമാറുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന വീഡിയോ ഇന്നലെയാണ് വൈറലാകുന്നത്.
അതേസമയം ഇതിന് പിന്നാലെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വി ഡി സതീശന്‍ ഇപ്പോള്‍. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ കെ പി സി സി പ്രസിഡന്റ് തനിക്ക് വക വെച്ചു തന്നത് താന്‍ എതിര്‍ത്തുവെന്നും അതിന്റെ പേരിലാണ് തര്‍ക്കം നടന്നതെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. ഡി സി സി ഓഫീസില്‍ വെച്ചായിരുന്നു തര്‍ക്കം നടന്നത് എന്നും അതിന്റെ ബാക്കിയാണ് വാര്‍ത്താസമ്മേളനത്തിനിടെ നടന്നത് എന്നുമാണ് സതീശന്‍ പറയുന്നത്.
'കെ പി സി സി പ്രസിഡന്റും ഞാനും തമ്മില്‍ തര്‍ക്കമുണ്ടായി എന്നത് സത്യമാണ്. ഡി സി സി ഓഫീസില്‍ വെച്ചായിരകുന്നു തര്‍ക്കം. 37000 ത്തിലധികം വോട്ടിന് ജയിച്ചപ്പോള്‍ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ പോവുകയാണ് എന്ന് അദ്ദേഹം (സുധാകരന്‍) പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും അങ്ങനെ പറയരുത് എന്ന് ഞാന്‍ പറഞ്ഞു,' സതീശന്‍ പറയുന്നു.
വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ടീം യു ഡി എഫിനാണെന്ന് അങ്ങ് പറയണം എന്നാണ് താന്‍ പറഞ്ഞത് എന്നും സതീശന്‍ അവകാശപ്പെട്ടു. എന്നാല്‍ മുഴുവന്‍ ക്രെഡിറ്റും യു ഡി എഫിനാണെന്ന് താന്‍ പറയില്ലെന്നും പ്രതിപക്ഷനേതാവിന്റെ ക്രെഡിറ്റാണെന്ന് പറയും എന്നും സുധാകരന്‍ പറഞ്ഞപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അങ്ങനെ സംസാരിപ്പിക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചത് എന്നും സതീശന്‍ പറഞ്ഞു.
അപ്പോള്‍ താനാണ് കെ പി സി സി പ്രസിഡന്റ്, താന്‍ ആദ്യം പറയും എന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് താന്‍ മൈക്ക് നീക്കി വെച്ചത് എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ കഷ്ടപ്പെട്ടത് താന്‍ മാത്രമല്ല എന്നും അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രം തരുന്നതില്‍ അനൗചിത്യമുണ്ട് എന്നുമാണ് സതീശന്‍ പറഞ്ഞത്. എന്നാല്‍ പുള്ളി (സുധാകരന്‍) ഒരുകാര്യം പറയണമെന്ന് കരുതിയാല്‍ പറഞ്ഞിട്ടേ പോകൂ എന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയാതിരുന്നത് തന്റെ ശബ്ദം മോശമായതിനാലാണ് എന്നും പ്രസിഡന്റ് എല്ലാ കാര്യങ്ങളും വിശദീകരിച്ചത് താന്‍ ആവര്‍ത്തിക്കണ്ടല്ലോ എന്നും കരുതിയതായും സതീശന്‍ പറഞ്ഞു. തര്‍ക്കമുണ്ടായി എന്നത് ഒളിച്ചുവെക്കുന്നില്ല എന്നും സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications