ഹിന്ദുക്കളിലാണ് വിവാഹമോചനം കൂടുന്നത്..അതിന് കാരണം ഇതാണ്'; ഹരി പത്തനാപുരം പറയുന്നു
പൊരുത്തം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ഭാഗമായി മാത്രം കാണുന്നതാണെന്ന് ജ്യോതിഷി ഹരി പത്തനാപുരം. പത്ത് പൊരുത്തം ഉണ്ടെന്ന് കരുതി ദാമ്പത്യ ജീവിതം ധന്യമായി പോകില്ല. കോടതികളിൽ നിന്നും ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നത് ഹിന്ദുക്കളുടെ ഇടയിലാണെന്നും ഹരി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഡിവോഴ്സ് ആകുന്നവരിൽ പൊരുത്തം നോക്കിയവരും ഉണ്ടാകും, ഇല്ലാത്തവരും ഉണ്ടാകും. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഈ മുസ്ലീമായിട്ടുള്ള ആൾ ഡിവോഴ്സ് ചെയ്യണമെന്ന് വെച്ചാൽ പെട്ടെന്ന് ഡിവോഴ്സ് ചെയ്യാൻ പറ്റില്ല. മുത്തലാക്കൊക്കെ കൂടുതലായി നടക്കുന്നത് പുറത്തായിരിക്കും. ഡിവോഴ്സിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാൽ ജമാഅത്തിലൊക്കെ പരാതികൊടുക്കും, ഉസ്താദുമാർ വിളിച്ച് സംസാരിക്കും, അല്ലാതെ ചുമ്മാ കേറി ഡിവോഴ്സ് ചെയ്യാനാകില്ല. ക്രിസ്താനികളുടെ കാര്യമാണെങ്കിൽ അവരുടെ പള്ളി ഇടപെടും, പള്ളിക്കമ്മിറ്റി ഇടപെടും അച്ചൻ ഇടപെടും. എന്നാൽ ഒരു ഹിന്ദു ഡിവോഴ്സ് ചെയ്യണമെന്ന് ചിന്തിച്ചാൽ ആര് ഇടപെടും?

ഇത് ചെയ്യേണ്ടത് ജ്യോതിഷികളാണ്. ഇവർ പൊരുത്തം നോക്കാൻ വരുന്നവർക്ക് കേവലം പൊരുത്തം എഴുതിക്കൊടുക്കുന്നവർ മാത്രമാകരുത്. ആ കുട്ടികളെ വിളിച്ചിരുത്തി വിവാഹം എന്നത് ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞുകൊടുക്കണം. രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും വരുന്നവരാണ്, സ്വാഭാവികമായും വ്യക്തികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകും. ഇതൊക്കെ പറഞ്ഞ് കൊടുക്കണം. പൊരുത്തം മാത്രം പറഞ്ഞുകൊടുക്കുന്ന രീതിയിലേക്ക് മാറുമ്പോൾ , ഹൈന്ദവർക്ക് വേണ്ടി സംസാരിക്കേണ്ടവരാണ് ഈ മാറിപ്പോകുന്നത്. കുടുംബ ജീവിതം അങ്ങനെയാണ് കുഴപ്പത്തിലേക്ക് പോകുന്നത്.
പൊരുത്തമെന്നത് ക്യാരക്ടറുകൾ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം. 20 വയസിലൊക്കെ കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചാൽ നോക്കൂ എത്ര കുട്ടികളാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്. മാതാപിതാക്കളോടാണ് എന്റെ ചോദ്യം, 27ാം വയസിലെ നിങ്ങളുടെ മക്കൾക്ക് ജോലി കിട്ടു എന്ന് ജാതകത്തിൽ ഉണ്ടെന്ന് വിചാരിക്കുക, 25 ൽ സർക്കാർ ജോലി കിട്ടിയാൽ ജോയിൻ ചെയ്യാതിരിക്കുമോ? അതായത് ഓപ്ഷനബിളാണ്.
19 വയസിൽ കല്യാണം കഴിച്ചില്ലേൽ 32 ലേ വിവാഹം നടക്കൂവെന്ന് പറഞ്ഞാൽ ധൃതി പിടിച്ച് കല്യാണം കഴിപ്പിക്കുകയല്ല വേണ്ത്, മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കണം, സ്വന്തമായ സമ്പാദിക്കുന്ന സാഹചര്യം ഉണ്ടായിരിക്കണം. അല്ലാതെ ജ്യോതിഷത്തിൽ പറഞ്ഞെന്ന് കരുതി സ്വന്തം കാലിൽ നിൽക്കാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച് കൊടുത്താൽ ഈ കുട്ടിയെ മരിച്ച് കഴിഞ്ഞ് നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വരും. അതുകൊണ്ട് 19 വയസിൽ കെട്ടിച്ചില്ലേങ്കിൽ അടുത്ത് പിന്നെ കല്യാണം നടക്കില്ലെന്ന് പറയുന്നവരോട് തൊട്ടടുത്ത ഓപ്ഷൻ ചോദിക്കണം, ഓപ്ഷൻ ഇല്ലെന്നാണ് പറയുന്നതെങ്കിൽ പിന്നെ അവരുടെ അടുത്ത് പോകാതിരിക്കണം.
വിവാഹം കഴിക്കാൻ മതംമാറുന്നവർ വ്യക്തിത്വം ഇല്ലാത്തവരാണ്. ഹിന്ദു അങ്ങോട്ടും പോകേണ്ട, മുസ്ലീങ്ങൾ അങ്ങോട്ടും വരേണ്ട. എല്ലാമത വിശ്വാസികളും ഇപ്പോഴും ജ്യോതിഷികളുടെ അടുത്ത് വരുന്നുണ്ട്. അങ്ങനെ വരുന്നവരെ കഴിവതും ഭയപ്പെടുത്താതിരിക്കുക. കാരണം നമ്മളുടെ വിശ്വാസത്തിൽ എന്തെങ്കിലും നൻമകൾ കൊടുക്കാൻ സാധിക്കും എന്ന തോന്നൽ ഉണ്ടാക്കലാണ് നമ്മുടെ വിജയം.
ചേർത്തലക്കടുത്ത് ഒരു പള്ളിയുണ്ട്. അവിടേക്ക് ഹൈന്ദവവിശ്വാസികൾ ധാരാളം പോകുന്നുണ്ട്. എന്തുകൊണ്ടാണെന്ന് ഹൈന്ദവ വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ? ഇപ്പറത്ത് ഒരു ജ്യോതിഷിയുടെ അടുത്ത് പോയാൽ 50,000ത്തിൽ കുറഞ്ഞൊരു പരിഹാരം ഇല്ല, എന്നാൽ പള്ളിയിൽ 10 രൂപയുടെ മെഴുകുതിരി കത്തിച്ചാൽ പരിഹാരം കിട്ടുമെന്ന് പ്രചരിപ്പിക്കുന്നത് കൊണ്ടാണ് അങ്ങോട്ട് പോകുന്നത്.
ഒരു മുസ്ലീം വന്ന് അമ്പലത്തിൽ കയറി വഴിപാട് നടത്തണമെന്ന് ഞാൻ പറയില്ല. എല്ലാവർക്കും അവരുടേതായ വിശ്വാസമുണ്ട്. അവർ ഇങ്ങോട്ട് വന്ന് എന്തെങ്കിലും ചെയ്താലേ വിശ്വാസമാകൂവെന്ന് ഞാൻ കരുതുന്നില്ല', ഹരി പത്തനാപുരം പറഞ്ഞു.












Click it and Unblock the Notifications