കല്യാണ്‍ സില്‍ക്സ് സാരി നല്‍കിയത് 390 രൂപയ്ക്ക്; സംഘാടകർ ഈടാക്കിയത് 1600 രൂപ: അതൃപ്‌തി ഉണ്ടെന്നും കല്യാണ്‍
കൊച്ചി: ദിവ്യ ഉണ്ണിയുടെ ഗിന്നസ് വേള്‍ഡ് റെക്കോർഡ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കി. ഇതിനായി ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയത്. സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ വീതം ഈടാക്കി എന്ന് പിന്നീടാണ് അറിഞ്ഞതെന്നും കല്യാണ്‍ സില്‍ക്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
'ഡിസംബർ 29, 2024 കലൂർ ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ മൃദംഗ വിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മൃദംഗ നാദം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ വ്യക്തത വരുത്തുവാനാണ് കല്യാൺ സിൽക്സ് അറിയിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കലാരംഗത്തുള്ള പുത്തൻ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാൺ സിൽക്സിന്റെ രീതിയാണ്. കല്യാൺ സിൽക്സ് കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികൾ നിർമ്മിച്ചു നൽകുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്.' കല്യാണ്‍ സില്‍ക്സ് വ്യക്തമാക്കുന്നു.

ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്.
ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ട്. കല്യാൺ സിൽക്സും സംഘാടകരും തമ്മിൽ നടന്നത് തികച്ചും വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതിനാൽ ഇത്തരം വിവാദങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴക്കരുത് എന്ന് താഴ്‌മയായി അപേക്ഷിക്കുന്നുവെന്നും കല്യാണ്‍സില്‍ക്സ് കൂട്ടിച്ചേർത്തു.
അതേസമയം, കലൂർ നൃത്തപരിപാടിയുടെ സംഘാടകർ പൊലീസിന് മുമ്പിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ചുമതലക്കാർക്ക് നിർദേശം വ്യാഴാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പൊലീസ് പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകളും ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സി ഇ ഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്.












Click it and Unblock the Notifications