'തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി', കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ വനിതാ ജീവനക്കാരുടെ പരാതി, കേസ്
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പോലീസ്. ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ട് പോയി, ഭീഷണിപ്പെടുത്തി എന്നതടക്കമുളള ആരോപണങ്ങളാണ് പരാതിയില്‍ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ സുഹൃത്തായ സന്തോഷിന് എതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കവടിയാറില്‍ ദിയ കൃഷ്ണ നടത്തുന്ന ആഭരണഷോപ്പിലെ ജീവനക്കാരികളായിരുന്നു പരാതിക്കാര്‍. ഇവര്‍ സ്ഥാപനത്തില്‍ നിന്നും വന്‍തുക വെട്ടിപ്പ് നടത്തിയതായി കാട്ടി നേരത്തെ കൃഷ്ണകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ തങ്ങളെ കൃഷ്ണകുമാര്‍ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം വാങ്ങി കാട്ടി പരാതിപ്പെട്ടിരിക്കുന്നത്. 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ 4 വനിതാ ജീവനക്കാര്‍ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപയോളം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത് എന്നും പറയുന്നു. തുടര്‍ന്ന് ഈ ജീവനക്കാരികളെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി സംസാരിക്കുകയും അവര്‍ തെറ്റ് സമ്മതിക്കുകയും ചെയ്തുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
നിയമനടപടികളിലേക്ക് പോകാതിരിക്കണമെങ്കില്‍ തട്ടിപ്പ് നടത്തിയ പണം തിരികെ കൊടുക്കണം എന്ന് ജീവനക്കാരികളോട് ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് ഇവര്‍ 8 ലക്ഷം രൂപ തിരികെ നല്‍കിയെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. ബാക്കിയുളള പണവും തന്ന് തീര്‍ക്കാമെന്നും കേസ് കൊടുക്കരുത് എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നടന്‍ പറയുന്നു. ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം തിരികെ പോയ ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തിയെന്നും കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്ന ദിവ്യ, രാധാകുമാരി, വിനീത എന്നിവര്‍ക്കെതിരെയാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ ഒരാളുടെ ഭര്‍ത്താവ് ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉണ്ട്. ഇവര്‍ വീട്ടില്‍ വന്ന് കുറ്റസമ്മതം നടത്തിയതിന്റെയും പണം കൈമാറിയതിന്റെയും എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് കൃഷ്ണകുമാറും ദിയയും പറയുന്നു. ഈ തെളിവുകള്‍ പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. മാത്രമല്ല സംഭവത്തില്‍ മുഖ്യമന്ത്രിക്കും കൃഷ്ണകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിയയുടെ ഫ്‌ളാറ്റിലും ഓഫീസിലും എത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അതിനിടെ കൃഷ്ണകുമാറും കുടുംബവുമായി പരാതിക്കാരികള്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തങ്ങള്‍ പണം എടുത്തിട്ടുണ്ടെന്നും കിട്ടുന്നത് മൂന്ന് പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയാണ് ചെയ്യാറുളളത് എന്ന് യുവതികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. അതേസമയം ജീവനക്കാരികളുടെ പരാതിയില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications