'പുലർച്ചെ 4 വരെ ദിയ ചീത്ത വിളിച്ചു, അക്കൗണ്ടിലേക്ക് പണമിട്ടത് ടാക്സ് പ്രശ്നം പറഞ്ഞ്', ദിയക്കെതിരെ പരാതിക്കാർ
ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ രംഗത്ത്. ദിയയ്ക്കും കൃഷ്ണകുമാറിനും എതിരെ പരാതി നൽകിയ മൂന്ന് പേരാണ് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങളുമായി എത്തിയത്. 69 ലക്ഷം രൂപ തട്ടിയെടുത്തിട്ടില്ലെന്നും ദിയ പറഞ്ഞിട്ടാണ് കസ്റ്റമേഴ്സിന്റെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയത് എന്നും ഇവർ പറയുന്നു. തങ്ങൾ കാരണം നഷ്ടം വന്നു എന്ന് പറഞ്ഞ് 5 ലക്ഷം രൂപ ദിയ ചോദിച്ചുവെന്നും ഭീഷണിപ്പെടുത്തി 8 ലക്ഷം വാങ്ങിയെന്നും ഇവർ ആരോപിക്കുന്നു.
'' ദിയയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി. ദിയ ഇങ്ങോട്ട് പറഞ്ഞിട്ടാണ് പെയ്‌മെന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയത്. കാരണം തന്റെ അക്കൗണ്ടിലേക്ക് വാങ്ങുമ്പോള്‍ ബാങ്കിന്റെയും നികുതിയുടേയും പ്രശ്‌നങ്ങള്‍ വരുന്നുണ്ട് എന്നാണ് ദിയ പറഞ്ഞതെന്ന് ജീവനക്കാര്‍ പറയുന്നു. ആഴ്ചയിലോ മാസത്തിലോ പണമായി കയ്യില്‍ തന്നാല്‍ മതിയെന്നും ദിയ പറഞ്ഞു.

ദിയ ഷോപ്പില്‍ വരാറില്ല. പാര്‍ട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവര്‍ ടൈം ആയപ്പോഴാണ് ജോലിയില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത്. അക്കാര്യം പറഞ്ഞപ്പോള്‍ തന്റെ ഡെലിവറി കഴിയുന്നത് വരെയെങ്കിലും നിക്കണം എന്ന് ദിയ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് പിടിച്ച് നിന്നത്. പക്ഷേ തങ്ങളെ അടിച്ചമര്‍ത്തുന്ന തരത്തിലാണ് പെരുമാറിയത്. ജാതീയമായ അധിക്ഷേപം നടത്തി. മറ്റുളളവരോട് നമ്മളെക്കുറിച്ച് കുറ്റം പറയുന്നു. ഇതിന്റെ പേരില്‍ ഓഫീസില്‍ വെച്ച് പ്രശ്‌നം ഉണ്ടായപ്പോള്‍ ഇനി മുതല്‍ ജോലിക്ക് വരുന്നില്ലെന്ന് ദിയയോട് പറഞ്ഞു.
അപ്പോള്‍ ദിയ പറഞ്ഞു നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിവരങ്ങള്‍ പുറത്ത് വിടുമെന്നും മോഷണത്തിന് കേസ് കൊടുക്കും എന്നും. ദിയയുടെ മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ട്. 29ാം തിയ്യതി രാത്രി മുതല്‍ പുലര്‍ച്ചെ 4 മണി വരെ തങ്ങളെ ഫോണില്‍ ചീത്ത വിളിച്ചു. നിങ്ങള്‍ കാരണം എന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയത്. 5 ലക്ഷം രൂപ ഫ്‌ളാറ്റില്‍ കൊണ്ട് തന്നാല്‍ നിങ്ങളുടെ സ്റ്റോറിയോ സ്റ്റാറ്റസോ ഇടില്ലെന്നും അല്ലെങ്കില്‍ പരാതി കൊടുക്കുമെന്നും പറഞ്ഞു. ആ ദിവസം തന്നെ ദിയ സ്റ്റാറ്റസുകള്‍ ഇടുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം ദിയ വിളിച്ച് ഞങ്ങള്‍ മൂന്ന് പേരെയും കാണണം എന്ന് പറഞ്ഞു. പൈസയും കൊണ്ട് വന്നാല്‍ നിങ്ങളെ വിടാമെന്നും തനിക്ക് വന്ന നഷ്ടത്തിന് അത്രയെങ്കിലും ചെയ്യണം എന്നും പറഞ്ഞു. തങ്ങളുടെ അക്കൗണ്ടില്‍ വന്ന പണം ദിയയ്ക്ക് കൊടുക്കുമ്പോള്‍ സാലറി കൂടാതെ ഒരു 5000 ഒക്കെ ദിയ തരുമായിരുന്നു. വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ ഓര്‍ഡറുകളും തങ്ങളുടെ അഡ്രസ് ഉപയോഗിച്ച് അയക്കാന്‍ തുടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് കുറച്ച് പ്രശ്‌നം തോന്നിയത്. ദിയയുടെ പേഴ്‌സണല്‍ അഡ്രസ് ഒന്നിനും ഉപയോഗിക്കില്ല.
30ാം തിയ്യതി തങ്ങള്‍ മൂന്ന് പേരും രണ്ട് പേരുടെ ഭര്‍ത്താക്കന്മാരും കൂടിയാണ് ദിയ വിളിച്ചത് പ്രകാരം അവരുടെ ഫ്‌ളാറ്റിലേക്ക് പോയത്. തങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയ ശേഷം ദിയ വീട്ടുകാരെ വിളിച്ചു. ഓരോരുത്തരും ഓരോ കാറിലായി വന്നു. 5 പേരും എല്ലാവരും തങ്ങളുടെ വീഡിയോ എടുത്തു. ദിയയെ സംബന്ധിച്ച് ഇത് ട്രെന്‍ഡിംഗ് ആകുന്ന കണ്ടന്റ് മാത്രമാണ്. അതിന് ശേഷം തങ്ങളെ മൂന്ന് വണ്ടികളില്‍ കയറ്റി അമ്പലമുക്കിലെ ഓഫീസിലേക്ക് കൊണ്ട് പോയി. തങ്ങള്‍ വന്ന വണ്ടി എടുക്കാന്‍ സമ്മതിച്ചില്ല. അവിടെ പത്തോളം ആള്‍ക്കാരുണ്ടായിരുന്നു.
ഞങ്ങളുടെ ഫോണുകള്‍ ബലമായി പിടിച്ച് വാങ്ങി. തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്്‌മെന്റുകള്‍ തങ്ങളുടെ അനുവാദം ഇല്ലാതെ രണ്ട് മണിക്കൂര്‍ കൊണ്ട് അവര്‍ എടുത്തു. പൈസ എടുത്തു എന്നൊക്കെ പറഞ്ഞത് ദിയ പറഞ്ഞിട്ടാണ്. നിങ്ങള്‍ പറയുന്നതും കരയുന്നതുമായ വീഡിയോകളൊക്കെ കയ്യിലുണ്ടെന്നും അത് വെച്ച് നാണം കെടുത്തും എന്നും ദിയ പറഞ്ഞു. ഞങ്ങളെ കൊല്ലും എന്ന് വരെ ദിയ ഭീഷണിപ്പെടുത്തി.
അവിടെ ഒരാളുണ്ടായിരുന്നത് പോലീസ് ആണെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഓരോന്ന് പറഞ്ഞത്. നിര്‍ബന്ധിച്ച് 15 ലക്ഷത്തിന്റെ മൂന്ന് ചെക്കുകള്‍ എഴുതിപ്പിച്ചു. അയാള്‍ പോലീസ് അല്ലെന്ന് അറിഞ്ഞത് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ്. 69 ലക്ഷം രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല.
തങ്ങളുടെ കയ്യിലും കഴുത്തിലും ഒക്കെയുളള സ്വര്‍ണം ഊരി പണയം വെച്ചാണ് 8 ലക്ഷം രൂപ അവര്‍ക്ക് കൊടുത്തത്. ഇവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാത്തത് കൊണ്ട് ഭയന്നിട്ടാണ് പണം കൊടുത്തത്. ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഒക്കെ പുറത്ത് വിടുമെന്ന് പറഞ്ഞു. രാവിലെ 11 മണിക്ക് തങ്ങളെ പൂട്ടിയിട്ടു. വൈകിട്ട് 6.45ന് ആണ് തുറന്ന് വിട്ടത്. ഭര്‍ത്താവിനെ പുറത്ത് വിട്ട് ആഭരണങ്ങള്‍ പണയം വെച്ചാണ് പണം കൊടുത്തത് എന്നും ജീവനക്കാര്‍ പറയുന്നു.












Click it and Unblock the Notifications