ദിയ കൃഷ്ണയുടെ പരാതി; കള്ളങ്ങള്‍ പൊളിയുന്നു: ജീവനക്കാരികളുടെ ഫോണ്‍ ഓഫ്, വീട്ടിലും ഇല്ല; പണം ബന്ധുക്കളിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണ നല്‍കിയ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തന്റെ സ്ഥാപനമായ 'ഒ ബൈ ഓസി'യില്‍ നിന്നും മുന്‍ ജീവനക്കാരികളായ മൂന്ന് പേർ ചേർന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ദിയയുടെ പരാതിക്ക് പിന്നാലെ തങ്ങളെ കൃഷ്ണകുമാർ ബലമായി തട്ടിക്കൊണ്ടുപോകാനും സ്ത്രീത്വത്തെ അപമാനിക്കാനും ശ്രമിച്ചെന്ന് കാട്ടി ജീവനക്കാരികളും പരാതി നല്‍കിയിരുന്നു.
ദിയയുടെ അറിവോടെയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. നികുതി വെട്ടിപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ ദിയ തന്നെയായിരുന്നു തങ്ങളോട് പണം സ്വീകരിക്കാന്‍ പറഞ്ഞത്. ആ പണം പിന്നീട് അവർ തന്നെ വന്ന് വാങ്ങിപ്പോയിരുന്നുവെന്നും ജീവനക്കാരികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ ദിയയുടെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ നിർണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചു. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് വിവരം. കൂടുതല്‍ രേഖകള്‍ ശേഖരിക്കാനായി പൊലീസ് ഇന്ന് ബാങ്കിലേക്ക് എത്തും. 66 ലക്ഷം രൂപ ക്യൂആർ കോഡ് വഴി ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ ഇടപാടുകളുകള്‍ വലിയ തോതില്‍ നടക്കുന്ന സ്ഥാപനമായതിനാല്‍ ഇത് സംബന്ധിച്ചും വിശദമായ തെളിവെടുപ്പിലേക്ക് പൊലീസ് കടക്കും.
ദിയയുടെ പരാതിയില്‍ മൂന്ന് മുന്‍ ജീവനക്കാരികള്‍ക്കും സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴി എടുക്കാനായി രണ്ട് തവണ പൊലീസ് വീടുകളില്‍ എത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂവരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജീവനക്കാർ കൃഷ്ണകുമാറിനും ദിയക്കും എതിരായി നല്‍കി പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. മുന്‍ ജീവനക്കാർ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിൽ നിന്നും പണം മാറ്റിയതിന് തെളിവ് ലഭിച്ചതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് പൊലീസ് പോയത്.
ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരായി. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയതാണ് നിർണ്ണായക തെളിവായത്.
എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാരികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അടക്കം അവകാശപ്പെട്ടിരുന്നു. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കണ്ടെത്താന്‍ സാധിക്കാതിരുന്നതും ദിയയുടെ പരാതികള്‍ ശരിവെക്കുന്ന തരത്തിലേക്ക് അന്വേഷണത്തെ തിരിക്കുകയാണ്.
ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോൺ, സിസിടിവി ദൃശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പൊലീസ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോകുന്നത്. അതിനിടെ ദിയാ കൃഷ്ണയും കൃഷ്ണകുമാറും ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂർ ജാമ്യം തേടിയിരുന്നു. കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.












Click it and Unblock the Notifications