ദിയയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ജീവനക്കാരികള്‍; 'സ്വര്‍ണവും സ്‌കൂട്ടറും വാങ്ങി'
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ജീവനക്കാരികള്‍. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ആണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. തട്ടിപ്പ് സ്ഥിരീകരിച്ച് കൊണ്ടാണ് ഇന്നലെ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത എന്നിവരുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രണ്ട് ലക്ഷം രൂപ വരെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് കൈമാറ്റം ചെയ്തിട്ടുണ്ട്.
ഇത് നേരത്തെ തന്നെ ലോക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നു. അപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ സംശയമുണ്ടായിരുന്നു. കാരണം ഇവര്‍ക്ക് അത്രയും ശമ്പളം ഉണ്ടായിരുന്നില്ല. എന്നാലും കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇവര്‍ പറഞ്ഞ വാദം ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യൂആര്‍ കോഡ് മാറ്റി വെച്ചത് എന്നായിരുന്നു. ഇത് നികുതി വെട്ടിപ്പിന് വേണ്ടി ചെയ്തതാണ് എന്നും പിന്നീട് ആ പണം എടിഎം വഴി പിന്‍വലിച്ച് ക്യാഷായി കൊണ്ടുകൊടുക്കുകയായിരുന്നു പതിവ് എന്നായിരുന്നു ജീവനക്കാരികളുടെ മറുവാദം.

എന്നാല്‍ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ അതൊരു രക്ഷപ്പെടല്‍ തന്ത്രം മാത്രമായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിക്കുകയുണ്ടായി. ദിയ കൃഷ്ണയുടെ കടയില്‍ കൊണ്ട് പോയി തട്ടിപ്പ് നടത്തിയ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അപ്പോഴാണ് എങ്ങനെയാണ് ഇവര്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത് എന്ന് വ്യക്തമായത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇവര്‍ സ്‌കൂട്ടറും സ്വര്‍ണവും വാങ്ങിച്ചിട്ടുണ്ട്.
രാധയുടെ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും ദിവസവും തട്ടിയെടുക്കുന്ന പണം പങ്കിട്ടെടുക്കുകയാണ് ചെയ്തത്. അവര്‍ തട്ടിപ്പ് തുക ഉപയോഗിച്ച് വാങ്ങിയിട്ടുള്ള സ്വര്‍ണം, സ്‌കൂട്ടര്‍ എന്നിവ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വാങ്ങിയ സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ചിരിക്കുകയാണ്. അത് മാറ്റുകയോ ക്രയവിക്രയം ചെയ്യുകയോ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കൊണ്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
തട്ടിപ്പുകാരില്‍ ഒരാളായ ദിവ്യയെ ഇനിയും പിടികൂടാനായിട്ടില്ല. നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ലൂവന്‍സറുമായ ദിയ കൃഷ്ണയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ജീവനക്കാരികള്‍ സ്ഥാപനത്തിലേക്ക് എത്തേണ്ട പണം ക്യൂആര്‍ കോഡ് വഴി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി. മൂന്ന് പേരും ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തതായും ദിയയുടെ പരാതിയില്‍ ഉണ്ട്.
തട്ടിപ്പ് നടത്തിയിട്ടില്ല എന്നായിരുന്നു മൂന്ന് പേരുടേയും വാദം. മുന്‍കൂര്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിനീതയും രാധാകുമാരിയും കഴിഞ്ഞ ദിവസം കീഴടങ്ങിയത്. കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. നേരത്തെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതികള്‍ കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കിയിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ ഈ പരാതി തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയര്‍ത്തിയ കൗണ്ടര്‍ കേസാണ് എന്ന് വ്യക്തമായിരുന്നു. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോള്‍ ലഭിച്ച പണം മാറ്റിയതിന്റെ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരായിരുന്നു.












Click it and Unblock the Notifications