ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളി; ഇക്കുറി തമിഴ്നാട്ടിൽ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ; വിജയ്
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ടി വി കെയും ഡി എം കെയും തമ്മിലായിരിക്കും പോരാട്ടമെന്ന് ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. എ ഐ എ ഡി എം കെ-ബി ജെ പി സഖ്യത്തിന് യാതൊരു പ്രസക്തിയും തമിഴ്നാട്ടിൽ ഇല്ല. തമിഴ് മക്കൾ മൂന്ന് തവണ ഈ സഖ്യത്തെ തൂത്തെറിഞ്ഞതാണെന്നും വിജയ് പറഞ്ഞു. അതേസമയം ഡി എം കെയേയും വിജയ് വിമർശിച്ചു. എ ഐ എ ഡി എം കെ ബി ജെ പിയുടെ പരസ്യ പങ്കാളിയാണെങ്കിൽ ഡി എം കെ അവരുടെ രഹസ്യ പങ്കാളിയാണെന്നായിരുന്നു വിജയുടെ വിമർശനം.
'കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും സംസ്ഥാന ഭരിക്കുന്ന ഡി എം കെയും ശത്രുക്കളാണെന്ന് പ്രത്യക്ഷത്തിൽ തോന്നും. എന്നാൽ അവർ രഹസ്യ പങ്കാളികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ അഴിമതിക്കാരായ മുഖ്യമന്ത്രിമാർ അടക്കമുളളവർക്കെതിരെ നടപടിയുണ്ടാകും. എന്നാൽ ഇവിടെ ആരോപണം നേരിടുന്നവർ ഉടൻ ഡൽഹിയിലേക്ക് തിരിക്കും. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇതിൽ നിന്നെല്ലാം അവർ രക്ഷനേടുന്നത്. ഇതൊക്കെ ബി ജെ പിയും ഡി എം കെയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി നാടകം കളിക്കുകയാണ്', വിജയ് കുറ്റപ്പെടുത്തി.

എ ഐ എ ഡി എം-ബി ജെ പി സഖ്യം ഒരിക്കലും അത്ഭുതമായിരുന്നില്ലെന്നും വിജയ് പറഞ്ഞു. ' ബി ജെ പി തങ്ങളുടെ പഴയ സഖ്യകക്ഷിയായ എ ഐ എ ഡി എം കെയെ പരസ്യമായി ഇപ്പോൾ വീണ്ടും പിന്തുണച്ചുവെന്നേ ഉള്ളൂ. എന്നാൽ ഡി എം കെയെ ഇപ്പോഴും രഹസ്യ പങ്കാളിയായി നിലനിർത്തുകയാണ്. ഡി എം കെ യെ തങ്ങളുടെ പ്രധാന എതിരാളിയായി ബി ജെ പി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഡി എം കെയും ഈ നിലയ്ക്ക് തന്നെ പ്രതികരിക്കും. എന്നാൽ തമിഴ്നാട്ടിലെ ജനങ്ങൾ ഇത്തവണ ഉണർന്ന് പ്രവർത്തിക്കും, നിങ്ങളുടെ നാടകം അവർ തിരിച്ചറിയും. തമിഴ്നാട്ടിലെ ജനങ്ങൾ ഇപ്പോൾ തന്നെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. തമിഴ്നാടിന്റെ രാഷ്ട്രീയ സാഹചര്യം അടിമുടി മാറ്റുന്ന വിധിയായിരിക്കും ഇത്തവണ ജനം എഴുതുക', വിജയ് പറഞ്ഞു.












Click it and Unblock the Notifications