നായന്‍മാര്‍ പ്രബലന്‍മാര്‍... മുസ്ലീങ്ങള്‍ക്ക് തറവാടുണ്ടോ? ചര്‍ച്ചയായി ശ്രീജിത്ത് ഐപിഎസിന്റെ പഴയ പ്രസംഗം
പ്രബല വിഭാഗത്തിന്റെ ആശയങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തും. ഇന്ന് ആശാരിമാരും മുസ്ലീങ്ങളും ഈഴവന്‍മാരും പറയും തറവാട് എന്ന്

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലനവേദിയില്‍ ജാതീയ പരാമര്‍ശവുമായി എ ഡി ജി പി എസ് ശ്രീജിത്ത്. കേരളത്തിലെ ഡൊമിനന്റ് കാസ്റ്റ് നായര്‍ ആണ് എന്നും തറവാട് എന്ന സങ്കല്‍പ്പം അവരില്‍ നിന്നുമാണ് ഉണ്ടായത് എന്നുമാണ് എ ഡി ജി പി ശ്രീജിത്ത് പറയുന്നത്. 2022 ജൂലൈയില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
യു പി എസ് സി കേരള പങ്ക് വെച്ച എസ് ശ്രീജിത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കായി യു പി എസ് സി കേരളയും ഫോര്‍ച്യൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രെയ്നിങ് ക്ലാസിനിടെ ആയിരുന്നു ശ്രീജിത്തിന്റെ പരാമര്‍ശം. പരിശീലന ക്ലാസില്‍ ഉണ്ടായിരുന്ന ഫിദ എന്ന മുസ്‌ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് ശ്രീജിത്ത് ചോദിക്കുന്നു.

ഫിദക്ക് എന്നാടോ തറവാട് വന്നത്
ഇതിന് മറുപടിയായി എല്ലാവരും ഉണ്ട് എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇതിന് പ്രതികരണമെന്നോണം എസ് ശ്രീജിത്ത് പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്. ഫിദക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോടായി ചോദിച്ചത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
മരുമക്കത്തായത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബല്‍സായിട്ടാണ് ലോകത്തെല്ലായിടത്തും കണക്കാക്കിയിരിക്കുന്നത്. കാരണം അവര്‍ അപരിഷ്‌കൃതരും അധകൃതരുമാണ്.

ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ?
അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടത്തെ നായന്‍മാരാടോ. ഡോമിനന്റ് കാസ്റ്റ് എന്നൊരു കണ്‍സെപ്റ്റ് ഉണ്ട് ആന്ത്രോപോളജിയിലും സോഷ്യോളജിയിലുമൊക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? എന്താണ് ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങള്‍ എന്നറിയാമോ? ഏറ്റവും വലിയ കണ്‍സപ്റ്റ് എന്താണ് എന്ന് വെച്ചാല്‍ അവരുടെ രീതികളാണ് ഇതര സമുദായങ്ങള്‍ പകര്‍ത്തുക. ഫിദയുടെ തറവാട്ടില്‍ ആരൊക്കെയുണ്ട്.

തറവാട് എന്നത് ഒരു നായര്‍ കണ്‍സെപ്റ്റ്
ഫിദ: എല്ലാവരുമുണ്ട്.
ശ്രീജിത്ത്: ഞാന്‍ ചോദിച്ചതും മറുപടിയും കേട്ടോ എന്താണെന്ന്. ഫിദയുടെ തറവാട്ടില്‍ ആരൊക്കെയുണ്ട്. ഇവിടെ ഫിദക്ക് എന്നാടോ തറവാട് വന്നത്. ഫിദ ഇസ്ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് ഒരു നായര്‍ കണ്‍സെപ്റ്റ് ആണ്. തറവാട് എന്ന പറയുന്ന വാക്ക് നായരുടെ വാക്കാ. ഇവിടെ നില്‍ക്കുന്ന എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും.

ആശാരിമാരും ഈഴവന്‍മാരും പറയും തറവാടെന്ന്
നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്ന് വെച്ചാല്‍ നമ്മള്‍ ഇല്ലം എന്നാണ് പറയുക, അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും പറയും തറവാടെന്ന്, ഈഴവന്‍മാരും പറയും തറവാട് എന്ന്. ദാ ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ? ഇല്ല. പക്ഷെ ഇവര്‍ എന്ത് ചെയ്തു എന്നറിയോ. ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു, സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു.

ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത
അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മെട്രിയാര്‍ക്കിയല്‍ രീതിയില്‍ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റാക്കിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ഭൂപ്രദേശം കേരളമാകുന്നു. ഇതാണ് കേരളത്തിന്റെ സോഷ്യോളജി ഹിസ്റ്ററിയുടെ പ്രത്യേകത.












Click it and Unblock the Notifications