Kerala Budget 2025: ഒഴിഞ്ഞ് കിടക്കുന്ന വീടുകളുണ്ടോ? അധിക വരുമാനം ഉണ്ടാക്കാം, 'കെ ഹോംസ്' പദ്ധതിയുമായി ബജറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം രംഗത്തെ വികസന സാധ്യതകളിലേക്ക് പുതിയ വാതിലുകള്‍ തുറന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ്. പ്രാദേശിക ടൂറിസം രംഗത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ബജറ്റില്‍ ടൂറിസം രംഗത്തെ കുതിപ്പിനായി കെ ഹോംസ് പദ്ധതിയാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആള്‍ത്താമസം ഇല്ലാതെ നിരവധി വീടുകള്‍ ആണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇത്തരം വീടുകളെ ടൂറിസ്റ്റുകള്‍ക്കുളള താമസസൗകര്യമൊരുക്കുന്നതിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കെ ഹോംസ് പദ്ധതിയുടെ ആശയം. സമാനമായ പദ്ധതികള്‍ ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് സ്വീകരിച്ച് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്ന് കൊണ്ടാണ് സംസ്ഥാനം കെ ഹോംസ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

വലിയ ചിലവ് വരുന്ന റിസോര്‍ട്ട് പോലുളള താമസ സൗകര്യങ്ങള്‍ക്ക് പകരം മിതമായ നിരക്കില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസം ഒരുക്കാന്‍ ഇതോടെ സാധിക്കും. ഒന്നില്‍ക്കൂടുതല്‍ വീടുകള്‍ ഉളളവര്‍ക്കും വീടുകള്‍ ഒഴിച്ചിട്ട് വിദേശത്ത് താമസിക്കുന്നവര്‍ക്കും അടക്കം അധിക വരുമാനത്തിന് കെ ഹോംസ് വഴിയൊരുക്കും. വരുമാനം മാത്രമല്ല, നാട്ടിലെ ഒഴിഞ്ഞ് കിടക്കുന്ന വീടിന് സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്താനും ഇതോടെ സാധിക്കുമെന്ന മെച്ചവും ഉണ്ട്.
കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഏതാനും സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കമിടുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന കോവളം, കുമരകം, ഫോര്‍ട്ട് കൊച്ചി എന്നീ സ്ഥലങ്ങളുടെ 10 കിലോ മീറ്റർ ചുറ്റളവിൽ ആയിരിക്കും കെ ഹോംസ് പദ്ധതി ആദ്യം പരീക്ഷിക്കുക.
സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ ടൂറിസ്റ്റ് സെന്ററുകൾ ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വൻകിട കൺവെൻഷൻ സെന്ററുകളും മൈസ് ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കും. ഏറെ സഞ്ചാരികൾ എത്തുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷന് വേണ്ടി 7 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2023ല്‍ 43,647 കോടി രൂപയാണ് ടൂറിസം മേഖലയിലെ ആകെ വരുമാനം. ഈ ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ ഇടത്തരം വരുമാനക്കാരായ ആളുകൾക്ക് വേണ്ടി സഹകരണ ഭവന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം നഗര പ്രദേശങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കും. തദ്ദേശ വകുപ്പും ഹൌസിംഗ് ബോർഡും സംയുക്തമായി പാർപ്പിട സമുച്ചയങ്ങൾക്കുളള പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്കായി 25 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.
Download











Click it and Unblock the Notifications